'ഒരേ ഒരു ഉറപ്പാണ് ഭാര്യ ചോദിച്ചത് അത് പാലിക്കാൻ ശ്രദ്ധിക്കാറുണ്ട്'; വെളിപ്പെടുത്തി സൂപ്പർ താരം
തെലുങ്ക് സിനിമാ പ്രേമികളുടെ സൂപ്പർ താരമാണ് സിനിമാ രംഗത്തും രാഷ്ട്രീയ രംഗത്തും ടെലിവിഷൻ രംഗത്തും ഒരുപോലെ സജീവമായ നന്ദമൂരി ബാലകൃഷ്ണ. ബാല താരമായി അഭിനയം ആരംഭിച്ച ബാലകൃഷ്ണ ഇപ്പോൾ തെലുങ്ക് സിനിമാ രംഗത്തെ സൂപ്പർ സ്റ്റാറാണ്. നൂറ് സിനിമകൾക്ക് മുകളിൽ അദ്ദേഹം സിനിമാ ജീവിതത്തിൽ പൂർത്തിയാക്കി കഴിഞ്ഞു. നന്ദി അവാർഡ്, സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തെലുങ്കിൽ പ്രശസ്ത നന്ദമൂരി കുടുംബാംഗമായ ബാലകൃഷ്ണയുടെ അച്ഛൻ എൻ.ടി രാമ റാവു ആന്ധ്രാപ്രദേശിലെ മുൻ മുഖ്യമന്ത്രിയായിരുന്നു.
Also Read: 'അഭിനയ കുലപതികൾക്കൊപ്പം എന്റെ പേരും'; അഭിമാനം തോന്നിയ നിമിഷത്തെ കുറിച്ച് പ്രദീപ് ചന്ദ്രൻ
ആരാധകർക്കിടയിൽ ബാലയ്യ എന്ന പേരിലാണ് ബാലകൃഷ്ണ അറിയപ്പെടുന്നത്. മലയാളികൾക്ക് ട്രോളുകളിലൂടെയും വൈറൽ വീഡിയോകളിലൂടെയും വിവാദ പ്രസ്താവനകളിലൂടെയുമാണ് ബാലകൃഷ്ണയെ പരിചയം. അറുപത്തിയൊന്നുകാരനായ ബാലകൃഷ്ണയുടെ ഏറ്റവും പുതിയ റിലീസ് അഖണ്ഡയാണ്. ബോയപട്ടി ശ്രീനു സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ബോക്സോഫീസിൽ വലിയ കലക്ഷൻ നേട്ടങ്ങളുമായി സിനിമയുടെ പ്രദർശനം തുടരുകയാണ്. വലിയ ഫാൻബേസുള്ള തെലുങ്ക് നടൻ കൂടിയാണ് ബാലകൃഷ്ണ.
Also Read: 'തട്ടിയേക്കാനാണ് പറഞ്ഞത്', സിനിമയിൽ അഭിനയിച്ചതിന് വധഭീഷണി നേരിട്ടിരുന്നുവെന്ന് നടൻ ജനാർദ്ദനൻ

പ്രഗ്യ ജയ്സ്വാൾ ആണ് അഖണ്ഡയിൽ നായികയായി എത്തിയത്. ഓരോ ദിവസം കഴിയുന്തോറും ഈ സിനിമ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇപ്പോൾ ആഹാ ഒടിടി പ്ലാറ്റ്ഫോമിൽ സെലിബ്രിറ്റി ചാറ്റ് ഷോയുടെ അവതാരകനുമാണ് ബാലകൃഷ്ണ. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അദ്ദേഹം ചെയ്യുന്ന ആദ്യത്തെ പരിപാടി കൂടിയാണ് ഈ ചാറ്റ് ഷോ. അടുത്തിടെ സംപ്രേഷണം ചെയ്ത ഏറ്റവും പുതിയ എപ്പിസോഡിൽ കോമഡി കിംഗ് ബ്രഹ്മാനന്ദവും ആക്ഷൻ, കോമഡി സിനിമകൾക്ക് പേരുകേട്ട ചലച്ചിത്ര നിർമ്മാതാവ് അനിൽ രവിപുടിയുമാണ് പങ്കെടുത്തത്. സുഹൃത്തുക്കളുമായി നടത്തിയ സൗഹൃദ സംഭാഷണത്തിനിടെ ബാലകൃഷ്ണ ഭാര്യയെ കുറിച്ചുള്ള ചില കാര്യങ്ങൾ വെളിപ്പെടുത്തി. ഭാര്യ തന്നെ കൊണ്ട് ചെയ്യിപ്പിച്ച് വാങ്ങിയ ഒരു ഉറപ്പിനെ കുറിച്ചാണ് അദ്ദേഹം തുറന്ന് പറഞ്ഞത്.

വീഡിയോ ഇപ്പോൾ താരത്തിന്റെ ആരാധകർക്കിടയിൽ വൈറലാണ്. തിയേറ്ററുകളിലേക്ക് മറ്റുള്ള താരങ്ങളുടെ സിനിമകൾ കാണാൻ പോകുമ്പോൾ പാലിക്കണമെന്ന് ഭാര്യ നിർദേശിച്ചിരിക്കുന്ന കാര്യത്തെ കുറിച്ചാണ് ബാലകൃഷ്ണ പറഞ്ഞത്. 'ഞാൻ മറ്റുള്ള താരങ്ങളുടെ സിനിമകൾ കാണാൻ തിയേറ്ററിൽ പോയാൽ എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ സിനിമ പാതിവഴിക്കിട്ട് ഇറങ്ങിപോരുന്നതാണ് രീതി. എന്നാൽ ഭാര്യ പറയുന്നത് അവളുടെ കൂടെ അത്തരത്തിൽ ഒരുമിച്ച് സിനിമ കാണാൻ തിയേറ്ററിൽ പോയാൽ ഇഷ്ടപ്പെട്ടില്ലെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ച് ഇറങ്ങിപോവരുത് എന്നാണ്' നന്ദമൂരി ബാലകൃഷ്ണ പറഞ്ഞു. വസുന്ദരാ ദേവി എന്നാണ് ബാലകൃഷ്ണയുടെ ഭാര്യയുടെ പേര്. 1982ൽ ആയിരുന്നു ബാലകൃഷ്ണയുമായുള്ള വസുന്തരയുടെ വിവാഹം നടന്നത്. ഇരുവർക്കും മൂന്ന് മക്കളാണുള്ളത്.
Recommended Video

അഖണ്ഡയിൽ ഡബിൾ റോളിലാണ് നന്ദമൂരി ബാലകൃഷ്ണ എത്തുന്നത്. സംവിധായകൻ ബോയപതി ശ്രീനു തന്നെയാണ് സിനിമയുടെ കഥയും എഴുതിയിരിക്കുന്നത്. പ്രഗ്യ ജയ്സ്വാളിന് പുറമെ പുലിമുരുകനിലൂടെ മലയാളിക്ക് സുപരിചിതനായ വില്ലൻ ജഗപതി ബാബുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എസ്.തമൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളി നടി ഷംന കാസിമും ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ ബാലകൃഷ്ണയെ കുറിച്ച് ഷംന പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. തന്റെ സിനിമാ ജീവിതത്തിലെ ഒരേയൊരു ഗോഡ്ഫാദർ നന്ദമൂരി ബാലകൃഷ്ണയാണ് എന്നാണ് ഷംന പറഞ്ഞത്.


Click it and Unblock the Notifications











