ജീവിക്കാൻ അനുവദിക്കൂയെന്ന് ചാർമി കൗർ, സോഷ്യൽ മീഡിയ വിട്ടു; ആറ് കോടി തിരികെ നൽകി വിജയ് ദേവരകൊണ്ട
ഏറെ പ്രതീക്ഷകളുമായെത്തി ബോക്സ് ഓഫീസിൽ വൻ പരാജയമായ സിനിമയായിരുന്നു ലൈഗർ. 100 കോടി ബജറ്റിൽ നിർമ്മിച്ച സിനിമയ്ക്ക് വൻ തിരിച്ചടിയാണ് തിയറ്ററിൽ നിന്നും നേരിടേണ്ടി വന്നത്. റിലീസ് ചെയ്തിട്ട് ഒരാഴ്ച പൂർത്തിയായെങ്കിലും പല തിയറ്ററുകളും ആളുകളില്ലാത്തത് മൂലം പ്രദർശനം ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. നായകൻ വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായാണ് ലൈഗർ വിശേഷിപ്പിക്കപ്പെടുന്നത്. സിനിമയ്ക്ക് വേണ്ടി കഠിനമായ ശാരീരിക പരിശീലനം ആയിരുന്നു വിജയ് ദേവരകൊണ്ട നടത്തിയത്.
വിക്കുള്ള ഒരു ബോക്സിംങ് താരത്തെയായിരുന്നു വിജയ് ദേവരകൊണ്ട ലൈഗറിൽ അവതരിപ്പിച്ചത്. തന്റെ കരിയറിലെ ഏറ്റവും കൂടുതൽ അധ്വാനിച്ച സിനിമയാണ് ഇതെന്ന് വിജയ് ദേവരകൊണ്ട പ്രൊമോഷണൽ പരിപാടികളിൽ പറഞ്ഞിരുന്നു. നടന്റെ ബോളിവുഡ് അരങ്ങേറവുമായിരുന്നു സിനിമ. പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ലൈഗർ പരാജയപ്പെട്ടത് നിർമാതാക്കൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.

ധർമ്മ പ്രൊഡക്ഷൻസും പുരി കണക്ടും ചേർന്നായിരുന്നു സിനിമ നിർമ്മിച്ചിരുന്നത്. 35 കോടിയായിരുന്നു സിനിമയ്ക്ക് വിജയ് ദേവരകൊണ്ട കൈപറ്റിയ പ്രതിഫലം. സിനിമ പരാജയപ്പെട്ടതോടെ ആറ് കോടി രൂപ നടൻ നിർമാതാക്കൾക്ക് തിരിച്ചു നൽകി. ഇപ്പോഴിതാ ചിത്രത്തിന്റെ കോ പ്രൊഡ്യൂസറായ ചാർമി കൗർ സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ലൈഗറിന്റെ പരാജയത്തിൽ വ്യാപക വിമർശനവും പരിഹാസവും വരുന്ന സാഹചര്യത്തിലാണ് തീരുമാനം. 'ചിൽ ഗയ്സ്. ഒരു ഇടവേള എടുക്കുകയാണ് ( സോഷ്യൽ മീഡിയയിൽ നിന്ന്). പുരികണക്ട്ട് ശക്തമായി തിരിച്ചു വരും. അതുവരെ, ജീവിക്കൂ, ജീവിക്കാനനുവദിക്കൂ,' ചാർമി കൗറിന്റെ ട്വീറ്റിങ്ങനെ.

പാൻ ഇന്ത്യാ തലത്തിൽ വൻ പ്രൊമോഷൻ പരിപാടികളായിരുന്നു ലൈഗറിനായി നിർമാതാക്കൾ നടത്തിയിരുന്നത്. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. ആക്ഷൻ സീനുകൾ മികച്ചതാണെങ്കിലും കെട്ടുറപ്പില്ലാത്ത കഥ സിനിമയെ ബാധിച്ചെന്നാണ് നിരൂപകരും പ്രേക്ഷകരും പറയുന്നത്.
കരിയറിൽ ഡിയർ കംറേഡ്, വേൾഡ് ഫെയ്മസ് ലൗവർ എന്നീ സിനിമകളുടെ പരാജയത്തിന് ശേഷമാണ് വിജയ്യുടെ മൂന്നാമത്തെ പരാജയ സിനിമയായി ലൈഗറും മാറിയത്. വൻ താരമൂല്യമുള്ള നടനെ ഇതേറെ ബാധിക്കുമെന്നാണ് സിനിമാ ലോകം പറയുന്നത്.

തെലുങ്കിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടനാണ് വിജയ് ദേവരകൊണ്ട. മറ്റ് തെലുങ്ക് സൂപ്പർ സ്റ്റാറുകളെ പോലെ സിനിമ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നുമല്ല വിജയ് ദേവരെകാണ്ട വരുന്നത്. അതിനാൽ അടുത്തൊരു പരാജയ സിനിമ കൂടി വന്നാൽ വിജയ് ദേവരകൊണ്ടയുടെ കരിയറിനെ ഇത് താറുമാറാക്കും എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. തെലുങ്ക് ചിത്രമായ ഖുശിയാണ് നടന്റെ പുറത്തിറങ്ങാനുള്ള സിനിമ. സമാന്തയാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ ഏറെ പ്രതീക്ഷയാണ് വിജയ് ദേവരകൊണ്ട ആരാധകർക്കുള്ളത്.
Also Read: ഗോകുൽ ഫാൻ ബോയ് മകനാണ്, ബാക്കി മൂന്ന് മക്കളും തലയിൽ കേറി നിരങ്ങും; മക്കളെക്കുറിച്ച് സുരേഷ് ഗോപി

അർജുൻ റെഡ്ഡി എന്ന സിനിമയ്ക്ക് ശേഷമാണ് വിജയ് ദേവരകൊണ്ട ആന്ധ്രയിലും തെലങ്കാനയിലും അറിയപ്പെടുന്ന നടനായത്. വൻ ഹിറ്റായ സിനിമയ്ക്ക് ശേഷം നടൻ തെലുങ്കിലെ യൂത്ത് ഐക്കൺ ആയി മാറുകയും ചെയ്തു. ഈ താരമൂല്യം നിലനിർത്തുക എന്നതാണ് വിജയ് ദേവരകൊണ്ടയ്ക്ക് മുന്നിൽ ഇപ്പോഴുള്ള വെല്ലുവിളി.


Click it and Unblock the Notifications











