അരോചകമായി വസ്ത്രം ധരിച്ചാൽ പബ്ലിക് ന്യൂയിസെൻസ്?; 'ദയ ചെയ്തതിൽ മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കുന്ന ഒന്നുമില്ല'
നടി മഞ്ജു പിള്ളയുടെ മകളും മോഡലും വ്ലോഗറുമായ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെ നിർദാക്ഷണ്യം വിമർശിച്ച യുട്യൂബർ ഷെഫീന ബീവിക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. ദയയുടെ വസ്ത്രധാരണം അരോചകമായോ പബ്ലിക്ക് ന്യൂയിസൻസായോ കണക്കാക്കാൻ കഴിയില്ലെന്ന് ഷെഫീനയുടെ അഭിപ്രായത്തോട് എതിർപ്പ് അറിയിച്ച് ഫേസ്ബുക്ക് യൂസർ അനു ചന്ദ്ര പറയുന്നു. വിഷയത്തിൽ പ്രതികരിച്ച് അനു തന്റെ അഭിപ്രായം പങ്കിട്ട് എഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു...
നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെ ഒരു വ്ലോഗർ പച്ചക്ക് ഇരുന്ന് ചീത്ത വിളിക്കുന്നൊരു വീഡിയോ ഇന്നാണ് കണ്ടത്. ഒന്നാമത് എനിക്ക് ആ വ്ലോഗറെ പറ്റി ഒരു അഭിപ്രായവും ഇല്ല. ഭാഷക്ക് ഒട്ടും മിതത്വമില്ലാത്ത ഒരു സ്‌ത്രീ. അതവിടെ കിടക്കട്ടെ. അതല്ല എന്റെ വിഷയം... ദയ സുജിത്തിന്റെ വസ്ത്രധാരണമാണല്ലോ ഇവിടത്തെ വിഷയം.

അതിനെ അറഞ്ചം പുറഞ്ചം ആ സ്ത്രീ വിമർശിക്കുന്നത് കേട്ടു. അതിനിടയിൽ പുള്ളിക്കാരി പറഞ്ഞൊരു സ്റ്റേറ്റ്മെന്റ്... അതാണ് എന്റെ വിഷയം. വസ്ത്രം... സ്വാതന്ത്ര്യമാണ്. എപ്പോഴാണെന്നറിയാമോ? മറ്റുള്ളവർക്ക് അരോചകമാവാതിരിക്കുന്നടത്തോളം അത് സ്വാതന്ത്ര്യമാണ്. നിങ്ങൾ അരോചകമായി വസ്ത്രം ചെയ്താൽ അത് പബ്ലിക് ന്യൂയിസെൻസാണ് എന്നാണ് ആ സ്ത്രീ പറയുന്നത്. അതെങ്ങനെ ശരിയാകും.?
ഹാ... ഒന്നാമത്തെ കാര്യം ശരിയാണ്. വസ്ത്രം സ്വാതന്ത്ര്യമാണ്. പല രാജ്യങ്ങളിലും വ്യക്തികൾക്ക് തങ്ങളുടെ ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാനുള്ള അവകാശത്തെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്. അപ്പോൾ പിന്നെ വസ്ത്രം സ്വാതന്ത്ര്യം തന്നെയാണ്. പക്ഷെ മറ്റുള്ളവർക്ക് അരോചകമാവാതിരിക്കുന്നിടത്തോളം അത് സ്വാതന്ത്ര്യമാണ് എന്ന ആ രണ്ടാമത്തെ വാദമില്ലേ? അത് പ്രശ്നമാണ്.
കാരണം അരോചകം എന്നത് വ്യക്തിനിഷ്ഠമാണല്ലോ. അതായത് ഒരാൾക്ക് അരോചകമായി തോന്നുന്ന വസ്ത്രം മറ്റൊരാൾക്ക് തീർത്തും സാധാരണമായ വസ്ത്രമായിരിക്കും. അതുകൊണ്ട് മറ്റുള്ളവരുടെ വ്യക്തിപരമായ അസ്വസ്ഥത നോക്കി മാത്രം ഒരു വസ്ത്രത്തെ തെറ്റാക്കുന്നതിൽ ഒരു അർത്ഥവുമില്ല. പിന്നെ... നിങ്ങൾ അരോചകമായി വസ്ത്രം ധരിച്ചാൽ അത് പബ്ലിക് ന്യൂയിസെൻസാണ് എന്ന ആ ഒരു സ്റ്റേറ്റ്മെന്റ് ഇല്ലേ? അത് പ്രശ്നമാണ്.
കാരണം പബ്ലിക് ന്യൂയിസെൻസ് എന്നാൽ പൊതുജനങ്ങൾക്ക് ഉപദ്രവമോ തടസമോ അപകടമോ സൃഷ്ടിക്കുന്ന പ്രവൃത്തികളെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഒരാളുടെ വസ്ത്രധാരണം ആർക്കേലുമൊക്കെ ഇഷ്ടപ്പെടാത്തത് കൊണ്ട് അത് പബ്ലിക് ന്യൂയിസെൻസ് ആകണമെന്നില്ല. അതുകൊണ്ട് സംഭവം ഇത്രയേയുള്ളു. ദയ സുജിത് ചെയ്തതിൽ മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കുന്ന ഒന്നുമില്ല.

നിയമം വിലക്കുന്ന തരത്തിലുള്ള പെരുമാറ്റവുമില്ല. അതുകൊണ്ട് ആ കൊച്ചിനെ അങ്ങ് വെറുതെ വിട്ടേക്ക് വ്ലോഗറെ... എന്നായിരുന്നു കുറിപ്പ്. കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നു. എന്തായാലും വസ്ത്രം ഒരോരുത്തരുടേയും ചോയ്സാണ്. നല്ല ബോഡി ഷെയ്‌പുള്ള സ്ത്രീ മനോഹരമായി സാരിയുടുത്താൽ അത്രക്കും സെക്സി ഡ്രെസ്സ് വേറെയില്ല.
അപ്പോഴും മലയാളി പറയും അവർ അങ്ങനെ സാരിയുടുത്തത് കൊണ്ടാണ് ഞാൻ വായും പൊളിച്ച് നോക്കിയതെന്ന്. അസൂയയും കൊതികെർവുമുള്ള മലയാളി ആണും പെണ്ണും സ്മാർട്ടായി വസ്ത്രം ധരിച്ചു നടക്കുന്ന പെണ്ണുങ്ങളെ നോക്കി കരഞ്ഞ് കൊണ്ടേയിരിക്കും എന്നാണ് അനുകൂലിച്ചവർ കുറിച്ചത്. പണ്ട് ലോ വേസ്റ്റ് പാന്റ് ട്രെൻഡ് ആയ സമയത്ത് ആൺകുട്ടികളുടെ അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്ക് പുറത്ത് കാണുന്നുവെന്ന് പറഞ്ഞവരുണ്ട്.
ഇലാസ്റ്റിക്ക് പുറത്ത് കാണുന്നുവെന്ന് പറഞ്ഞ് അവരെ ഞരമ്പന്മാരെന്ന് വിളിച്ച് ആക്ഷേപിക്കാനും അധിക്ഷേപിക്കാനും പോലീസിനെ കൊണ്ട് പിടിപ്പിക്കാനും വരെ മുന്നിൽ നിന്നത് ഇപ്പോൾ വസ്ത്ര സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടുന്ന അതേ ഫെമിനിസ്റ്റുകൾ തന്നെയായിരുന്നു എന്ന് കുറിപ്പിനോട് വിയോജിപ്പ് പ്രകടിപ്പിച്ചവരിൽ ചിലരും കുറിച്ചു.


Click it and Unblock the Notifications


