ഇനി സൽമാൻ ഖാന്റെ അമ്മയായി അഭിനയിക്കാനില്ല; തിരിച്ചു വരവിനെക്കുറിച്ച് നടി ആയിഷ
സിനിമകളിൽ നായകൻമാർ മാത്രം എല്ലാക്കാലത്തും യുവാക്കളായി സ്ക്രീനിലെത്തുകയും നായികയായി അഭിനയിച്ചവർ പിന്നീട് അമ്മ വേഷത്തിലും മറ്റ് സഹനടി വേഷങ്ങളിലേക്കും ഒതുങ്ങുന്നത് പതിവ് കാഴ്ചയാണ്. എല്ലാ ഭാഷകളിലെ സിനിമാ ഇൻഡസ്ട്രിയിലും ഈ പതിവാണ് തുടരുന്നത്.
അതേസമയം മാറിയ കാലത്ത് ഇത്തരം സ്റ്റീരിയോടൈപ്പ് വേഷങ്ങളിൽ നിന്ന് മാറിനിൽക്കുന്ന നടിമാരും ഏറെയാണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ വളർച്ചയാണ് ഇതിന് വലിയ തോതിൽ സഹായിച്ചത്. അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലൂടെ 90 കളിലെ നായികമാർ ഇപ്പോൾ വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ്. മാധുരി ദീക്ഷിത്, രവീണ ടണ്ടൻ തുടങ്ങിയവർ ഇതിന് ഉദാഹരണാണ്.

ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം നടി ആയിഷ ജൽക്കയും അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഹിന്ദി സിനിമകളിൽ ഒരു കാലത്ത് ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു ആയിഷ. ഹുഷ് ഹുഷ് എന്ന വെബ് ഷോയിലൂടെ ആണ് നടി തിരിച്ചെത്തിയിരിക്കുന്നത്.
ജൂഹി ചൗള, സോഹ അലി ഖാൻ, കൃതിക, കരിഷ്മ തന്ന തുടങ്ങിയവരാണ് ഷോയിലെ പ്രധാന താരങ്ങൾ. ഈ ആഴ്ച ആദ്യമാണ് ഷോ റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമാ രംഗത്ത് നിന്ന് മാറി നിന്നതിനെക്കുറിച്ചും സിനിമകളിൽ വന്ന മാറ്റത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ആയിഷ.

സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങളുടെ പ്രാധ്യാനത്തിൽ വന്ന നല്ല മാറ്റം പ്രകടമാണെന്ന് നടി പറയുന്നു. 'സൽമാൻ ഖാന്റെയോ മറ്റേതെങ്കിലും ഹീറോയുടെയോ അമ്മയോ അമ്മായി അമ്മയോ ആയി അഭിനയിച്ചാൽ എനിക്ക് വളരെ മോശം തോന്നും. അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്. പക്ഷെ ശക്തമായ ഒരു കഥാപാത്രം ആണെങ്കിൽ തീർച്ചയായും ചെയ്യും,' ആയിഷ പറഞ്ഞു.
Also Read: 'സീസണൽ ആയി വരുന്ന വിഷാദ രോഗം; യഥാസ്ഥിതിക തെറാപിസ്റ്റുകൾ ജഡ്ജ് ചെയ്യുന്നു'; കനി

സിനിമകളിൽ നിന്ന് മാറി നിന്ന സമയത്ത് തനിക്കൊരുപാട് സീരിയലുകളിൽ നിന്നും ഓഫറുകൾ വന്നിരുന്നെന്നും എന്നാൽ അതിന് താൻ തയ്യാറായിരുന്നില്ലെന്നും ആയിഷ പറഞ്ഞു. സീരിലയുകൾ മോശമായത് കൊണ്ടല്ല. പക്ഷെ മെക്കാനിക്കൽ ആയി ജോലി ചെയ്യാൻ താൽപര്യമില്ലാത്തിനാലാണെന്നും നടി പറഞ്ഞു. ആമസോൺ പ്രെെമിലാണ് ഹുഷ് ഹുഷ് സ്ട്രീം ചെയ്യുന്നത്. നടി ജൂഹി ചൗളയുടെയും ഒടിടിയിലേക്കുള്ള ചുവടുവെപ്പ് ഹുഷ് ഹുഷിലൂടെയാണ്.
Also Read: പ്രണയത്തെ കുറിച്ച് സംസാരിച്ചും പരസ്‌പരം പുകഴ്ത്തിയും ബാലയും ഗോപി സുന്ദറും; പഴയ അഭിമുഖം വൈറൽ

തുടക്ക കാലത്ത് സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നീ മൂന്ന് സൂപ്പർ സ്റ്റാറുകളുടെ കൂടെയും അഭിനയിച്ച നായിക നടിമാരിൽ ഭൂരിഭാഗവും ഇപ്പോൾ സിനിമയിൽ സജീവമല്ല. മിക്കവർക്കും ഇപ്പോൾ ഈ സൂപ്പർസ്റ്റാർ സിനിമകളിൽ ലഭിക്കുന്ന കഥാപാത്രങ്ങൾ സഹനടിയായാണ്. അതിനാൽ തന്നെ ആരും റോളുകൾ ചെയ്യുന്നില്ല.
ചിലർ റിയാലിറ്റി ഷോകളിൽ ജഡ്ജസായെത്തി ലൈം ലൈറ്റിൽ നിലനിൽക്കുന്നു. അതേസമയം 2000 ങ്ങളുടെ തുടക്കത്തിൽ ഇൻഡസ്ട്രിയിൽ എത്തിയ നായികമാർ ഈ പതിവ് തെറ്റിച്ചിട്ടുണ്ട്. വിദ്യാ ബാലൻ ഉൾപ്പെടെ നിരവധി നായികമാർക്ക് ഇപ്പോഴും അഭിനയ പ്രധാന്യമുള്ള സിനിമകൾ ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications