twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുതിയ യുവപ്രതീക്ഷകള്‍

    By Staff
    |

    പുതിയ യുവപ്രതീക്ഷകള്‍
    ജനവരി 04, 2005

    പൃഥ്വിരാജ്, ജയസൂര്യ, ജിഷ്ണു തുടങ്ങിയ യുവതാരങ്ങളുടെ വരവ് മലയാളത്തില്‍ ഇടക്കാലത്ത് പുതിയൊരു യുവനായക തരംഗമാണ് സൃഷ്ടിച്ചത്. യുവനായകര്‍ കേന്ദ്രകഥാപാത്രങ്ങളായ ഒരു പിടി ചിത്രങ്ങള്‍ക്കു ശേഷം ആ തരംഗം കെട്ടടങ്ങിയെങ്കിലും പുതിയ ചില യുവാക്കള്‍ മലയാളത്തില്‍ സജീവമാവുകയാണ്.

    പൃഥ്വിരാജിനും ജിഷ്ണുവിനും അവസരങ്ങള്‍ തീരെ കുറയുകയും ജയസൂര്യ മങ്ങിപ്പോവുകയും യുവനായക തരംഗത്തിന്റെ ചുവടുപിടിച്ചെത്തിയ മറ്റ് നടന്‍മാരൊക്കെ അപ്രധാനികളാവുകയും ചെയ്തപ്പോഴാണ് പുതിയ ചില യുവനായകര്‍ മലയാളത്തില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ സുനിലും അരുണുമാണ് അവരില്‍ പ്രമുഖര്‍. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡിനു ഡെന്നിസും ശ്രദ്ധേയനാവാന്‍ ശ്രമിക്കുന്ന നവാഗതനാണ്.

    യുവനായക തരംഗം കെട്ടടങ്ങുകയും പൃഥ്വിരാജിനെയും ജിഷ്ണുവിനെയും പോലുള്ള നടന്‍മാര്‍ പുതിയ അവസരങ്ങള്‍ ലഭിക്കാതെ പ്രതിസന്ധി നേരിടുകയും ചെയ്യുമ്പോഴാണ് സുനിലും അരുണും മലയാളത്തില്‍ സജീവമാവുന്നത്.

    ഫോര്‍ ദി പീപ്പിളിലെ പൊലീസ് ഓഫീസറുടെ വേഷം അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ സുനില്‍ രണ്ട് ചിത്രങ്ങളിലാണ് ഇപ്പോള്‍ നായകനായി അഭിനയിക്കുന്നത്. അതിലൊന്ന് സത്യന്‍ അന്തിക്കാട് ചിത്രമാണ്. അഭിനയജീവിതം തുടങ്ങുക മാത്രം ചെയ്തിട്ടുള്ള ഒരു നടനെ സംബന്ധിച്ചിടത്തോളം സത്യന്‍ ചിത്രത്തില്‍ നായകനായി അഭിനയിക്കാന്‍ അവസരം ലഭിക്കുക എന്നത് വലിയൊരു ഭാഗ്യം തന്നെയാണ്. മീരാ ജാസ്മിനും ഉര്‍വശിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് സുനിലിന് ലഭിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ഇമ്മാനുവല്‍ വക്കീല്‍ എന്ന കഥാപാത്രം മികച്ച അഭിനയം കാഴ്ച വയ്ക്കാനും അതുവഴി കൂടുതല്‍ ശ്രദ്ധ നേടാനുമുള്ള നിറഞ്ഞ അവസരമാണ് സുനിലിന് നല്‍കിയിരിക്കുന്നത്.

    ശരത്ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്യുന്ന അന്നൊരിക്കല്‍ ആണ് സുനില്‍ നായകനാവുന്ന മറ്റൊരു ചിത്രം. ഈ ചിത്രത്തില്‍ കാവ്യാമാധവനാണ് നായിക. ഈ ചിത്രത്തിലും അഭിനയപ്രധാനമായ വേഷമാണ് സുനിലിന് ലഭിച്ചിരിക്കുന്നത്.

    ലൈഫ് ഈസ് ബ്യൂട്ടിഫുളില്‍ സ്കൂള്‍ വിദ്യാര്‍ഥിയായി വേഷമിട്ട് സിനിമയില്‍ തുടക്കമിട്ട അരുണ്‍ ഫോര്‍ ദി പീപ്പിളിലെ നാല്‍വര്‍ സംഘത്തില്‍ ഒരാളായി അഭിനയിച്ചതോടെയാണ് ശ്രദ്ധേയനായത്. ഈ ചിത്രത്തിന് ശേഷം സിബി മലയിലിന്റെ അമൃതം എന്ന ചിത്രത്തില്‍ ജയറാമിന്റെ സഹോദരനായി മികച്ച വേഷമാണ് അരുണിന് ലഭിച്ചത്. ധിക്കാരിയായ ചെറുപ്പക്കാരന്റെ വേഷത്തില്‍ അരുണ്‍ തിളങ്ങുക തന്നെ ചെയ്തു. നേരത്തെ പൃഥ്വിരാജിനായി കരുതിവച്ചിരുന്ന വേഷമായിരുന്നു ഇത്.

    ക്വട്ടേഷന്‍ എന്ന ചിത്രത്തില്‍ അരുണിന് നായകവേഷമാണ്. നഗരത്തിന്റെ സന്തതിയായ ഒരു ചെറുപ്പക്കാരനായാണ് അരുണ്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ആക്ഷന്‍ പ്രധാനമായ ഈ ചിത്രത്തില്‍ അരുണിന് തിളങ്ങാന്‍ ഒട്ടേറെ മുഹൂര്‍ത്തങ്ങളുണ്ട്.

    2004ന്റെ വാഗ്ദാനങ്ങളാണ് ഈ രണ്ട് യുവനായകര്‍. കെട്ടടങ്ങിയ യുവനായക തരംഗത്തിന് ശേഷമാണ് മികച്ച വേഷങ്ങള്‍ ലഭിക്കുന്നതെന്നത് ഇവരെ കൂടുതല്‍ ശ്രദ്ധേയരാക്കുന്നു.

    ഒറ്റനാണയം എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുന്ന ഡിനു ഡെന്നീസ് മമ്മൂട്ടി നായകനായ തസ്കരവീരന്‍ എന്ന ചിത്രത്തിലും വേഷമിടുന്നുണ്ട്. സ്ഫുടം എന്ന ചിത്രത്തിലും ഡിനു ഡെന്നീസ് നായകവേഷം അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ നവ്യാ നായരാണ് നായിക.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X