twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന്റെ വര്‍ഷം

    By Staff
    |

    ദിലീപിന്റെ വര്‍ഷം
    മോഹന്‍ലാലിന്റെ മെഗാതാരമൂല്യം ഏറെ താഴോട്ടുപോയ വര്‍ഷമായിരുന്നു 2002. മൂന്ന് ചിത്രങ്ങളാണ് 2002ല്‍ മോഹന്‍ലാലിനുണ്ടായിരുന്നത്. ഈ മൂന്ന് ചിത്രങ്ങളിലും വീരനായകവേഷം പകര്‍ന്നാടുന്ന മോഹന്‍ലാലിന്റെ തുടര്‍ച്ചയാണ് കണ്ടത്.

    മൂന്ന് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നുപോലും വന്‍ഹിറ്റായില്ല. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ തിയേറ്ററുകളില്‍ ശരാശരി വിജയം മാത്രമേ കൊയ്തുള്ളൂ. ഷാജി കൈലാസിന്റെ താണ്ഡവമാണ് മോഹന്‍ലാലിന്റെ ഇമേജ് ഇടിച്ചുതാഴ്ത്തിയത്. താണ്ഡവം മോഹന്‍ലാലിനുണ്ടാക്കിയ നെഗറ്റീവ് ഇമേജ് , ഇങ്ങനെ തുടര്‍ന്നാല്‍ കുടുംബ പ്രേക്ഷകര്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിരസ്കരിക്കുമെന്ന വിമര്‍ശനം വരെയെത്തി.

    ഡിസംബര്‍ ആദ്യത്തിലിറങ്ങിയ ചതുരംഗം ഡിസംബര്‍ അവസാനത്തിലും തിയേറ്ററുകളിലോടുന്നുണ്ട്. പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ചിത്രമാണിത്. ചിത്രം ശരാശരി വിജയം നേടുമെന്നാണ് സൂചന.

    നടനെന്ന നിലയിലും മോഹന്‍ലാലിന് ഒന്നും അവകാശപ്പെടാനില്ലാത്ത വര്‍ഷമായിരുന്നു 2002. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ ഈ താരത്തിന് അഭിനയസാധ്യതയുള്ള വേഷങ്ങളേ ലഭിച്ചില്ലെന്നതായിരുന്നു 2001ലെയും സ്ഥിതി.

    മമ്മൂട്ടി

    മമ്മൂട്ടിയ്ക്ക് രണ്ട് ചിത്രമാണ് 2002ല്‍ ഉണ്ടായിരുന്നത്. ബിജുവര്‍ക്കി സംവിധാനം ചെയ്ത ഫാന്റം പൈലി, ടി. വി. ചന്ദ്രന്റെ ഡാനി എന്നിവ. ഫാന്റം പൈലി, ശരാശരി വിജയമായിരുന്നു. ഡാനി 2002ലാണ് റിലീസ് ചെയ്തതെങ്കിലും 2001ലെ സംസ്ഥാന അവാര്‍ഡിന് മത്സരിക്കാന്‍ ഈ ചിത്രവുമുണ്ടായിരുന്നു.

    ഒരു സൂപ്പര്‍താരമെന്ന നിലയിലുള്ള മമ്മൂട്ടിയുടെ നിലനില്പ് പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്നതാണ് മമ്മൂട്ടിയുടെ ഇപ്പോഴത്തെ കരിയര്‍ ഗ്രാഫിന്റെ നില. 2002ല്‍ രണ്ടു ചിത്രം മാത്രം സ്വന്തം പട്ടികയില്‍ ഉള്‍പ്പെടുത്താനായ മമ്മൂട്ടി അഭിനയിക്കാനായി ധാരണയായ രണ്ട് മലയാള ചിത്രങ്ങള്‍ മാത്രമേയുള്ളൂ.

    ദിലീപ്

    മലയാളത്തില്‍ ഒരു സൂപ്പര്‍താരത്തിന്റെ പിറവി മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചുവെന്നതാണ് 2002ന്റൈ പ്രധാന സവിശേഷത. തിയേറ്ററുകളില്‍ നിറഞ്ഞോടിയ മീശ മാധവന്‍ മലയാളത്തിലെയും എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടിയപ്പോള്‍ ദിലീപ് എന്ന നടന്റെ താരമൂല്യം കുതിച്ചുയരുകയായിരുന്നു.

    മിക്ക പ്രമുഖ നടന്മാര്‍ക്കും സംവിധായകര്‍ക്കും മങ്ങിയ വര്‍ഷമായിരുന്ന 2002 പക്ഷേ ദിലീപിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും സുപ്രധാന വര്‍ഷമായി. ദിലീപ് ഏറ്റവും കൂടുതല്‍ വിളവെടുപ്പ് നേടിയ വര്‍ഷം. 2002 എല്ലാ അര്‍ഥത്തിലും ദിലീപിന്റെ വര്‍ഷമായിരുന്നു. ദിലീപ് നിറഞ്ഞുനിന്ന വര്‍ഷം.

    നാല്് ദിലീപ് ചിത്രങ്ങളാണ് 2002ല്‍ പുറത്തിറങ്ങിയത്- മഴത്തുള്ളിക്കിലുക്കം, മീശ മാധവന്‍, കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍. മീശമാധവന് പിന്നാലെ കുഞ്ഞിക്കൂനനും വന്‍വിജയമായതോടെ 2002ലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട നടനായി ദിലീപ്.

    കഴിഞ്ഞ വര്‍ഷം സുരേഷ് ഗോപി ചിത്രത്തിലേയുണ്ടായിരുന്നില്ല. ഒറ്റച്ചിത്രം പോലുമില്ലാത്ത വര്‍ഷമെന്ന് സുരേഷ് ഗോപിയ്ക്ക് അഭിമാനിക്കാവുന്ന 2002 ഈ നടന്റെ ഇമേജിനെ വല്ലാതെ മങ്ങിയതാക്കി.

    മലയാളത്തില്‍ ഏറെ ജനപ്രീതിയുണ്ടായിരുന്ന ജയറാം മലയാളം വിടുന്നുവെന്ന പ്രചാരണമുണ്ടായ വര്‍ഷമാണ് 2002. വിമര്‍ശനം ശരിവയ്ക്കുന്ന തരത്തില്‍ ജയറാമിന് ഈ വര്‍ഷം ആകെയുണ്ടായിരുന്നത് മൂന്ന് ചിത്രങ്ങള്‍. രാജസേനന്റെ മലയാളി മാമന് വണക്കവും സത്യന്‍ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്-ഉം ടി. കെ. രാജീവ്കുമാറിന്റെ ശേഷവും. മലയാളി മാമന് വണക്കം പരാജയപ്പെട്ടപ്പോള്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് വിലയിരുത്താറായിട്ടില്ല. ശേഷത്തിലെ ജയറാമിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X