'സുകുമാരന്റെ 'ഭാര്യാ' മേൽവിലാസമാണ് ഇഷ്ടം, ബ്രോ ഡാഡിയിലെ റോൾ ലോട്ടറിയായിരുന്നു'; മല്ലികാ സുകുമാരൻ
1974ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദന്റെ ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലികയുടെ അഭിനയജീവിതത്തിന് തുടക്കമായത്. സുകുമാരനുമായുള്ള വിവാഹശേഷം മല്ലിക അഭിനയരംഗം വിട്ടിരുന്നു. മക്കളുടെ പഠനവും അവരുടെ വളർച്ചയും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് എന്ന് തനിക്ക് തന്നെ ബോധ്യമുണ്ടായിരുന്നത് കൊണ്ടാണ് കുറച്ച് നാൾ സിനിമയിൽ നിന്നും വിട്ടുനിന്നത് എന്നാണ് മല്ലികാ സുകുമാരൻ പറയുന്നത്. 'മക്കളുടെ പഠനം സുകുവേട്ടന് നിർബന്ധമായിരുന്നു. അവർ നന്നായി പഠിക്കണം. സമൂഹത്തിൽ ഇറങ്ങുമ്പോൾ നന്നായി സംസാരിക്കാൻ ശേഷിയുള്ളവരായിരിക്കണം. പുസ്തകങ്ങൾ വായിപ്പിക്കണം എന്നെല്ലാം സുകുവേട്ടൻ പറയുമായിരുന്നു. അന്ന് അത് ശരിയാണെന്ന് എനിക്കും തോന്നി. അത് പിന്നീട് മക്കളുടെ ജീവിതത്തിലൂടെ അവർ കാണിച്ച് തരികയും ചെയ്തിരുന്നു. മക്കൾ നല്ല നിലയിലായാൽ നമുക്കും അഭിമാനിക്കാവുന്ന ഒന്നാണല്ലോ എന്ന് എനിക്ക് തോന്നിയിരുന്നു' മല്ലികാ സുകുമാരൻ പറയുന്നു. മക്കൾ വളർന്ന ശേഷം അപ്രതീക്ഷിതമായിട്ടാണ് സുകുമാരന്റെ മരണം സംഭവിച്ചത്. ശേഷമാണ് മല്ലിക തന്റെ അഭിനയജീവിതം പുനരാരംഭിച്ചത്.

പൃഥ്വിരാജിന്റെ അമ്മ, ഇന്ദ്രജിത്തിന്റെ അമ്മ എന്നതിനേക്കാൾ എപ്പോഴും സന്തോഷം തോന്നുന്നത് സുകുമാരന്റെ ഭാര്യ എന്ന മേൽവിലാസം കേൾക്കുമ്പോഴാണെന്നും മല്ലികാ സുകുമാരൻ പറയുന്നു. 'കോളേജുകളിലും മറ്റും പരിപാടികൾക്ക് പോകുമ്പോൾ അവർ പൃഥ്വിരാജിന്റെ അമ്മ, ഇന്ദ്രജിത്തിന്റെ അമ്മ എന്നിങ്ങനെ പറഞ്ഞാണ് ക്ഷണിക്കാറുള്ളത്. അത് കേൾക്കുന്നതിലും എനിക്ക് എന്നും ഇഷ്ടം സുകുമാരന്റെ ഭാര്യ എന്ന മേൽവിലാസം കേൾക്കുമ്പോഴാണ്. സുകുമാരന്റെ തണലിൽ നിന്നുണ്ടായതാണല്ലോ പൃഥ്വിരാജും ഇന്ദ്രജിത്തും. അവർ ഇന്ന് മലയാള സിനിമയിലെ വലിയ താരങ്ങളായെങ്കിലും സുകുമാരന്റെ ഭാര്യ എന്ന് അറിയപ്പെടുമ്പോഴുള്ള സന്തോഷം ഇല്ല' മല്ലികാ സുകുമാരൻ പറഞ്ഞു.
Also Read: മടങ്ങിയെത്തിയ റിഷിയെ സ്വീകരിച്ച് റാണിയമ്മ, മിത്രയുടെ മാറ്റത്തിലെ അപകടം മനസിലാക്കി റിഷി!
കെ.കെ. രാജീവ് സംവിധാനം ചെയ്ത പെയ്തൊഴിയാതെ എന്ന ടെലിവിഷൻ പരമ്പരയാണ് മല്ലികയുടെ തിരിച്ചുവരവിലെ ആദ്യ അഭിനയസംരംഭം. ഈ സീരിയലിൽ തന്റെ കൂടെ അഭിനയിച്ച പൂർണ്ണിമ പിന്നീട് മല്ലികയുടെ മകനായ ഇന്ദ്രജിത്തിന്റെ വധുവായി. വളയം, സ്നേഹദൂരം, സ്ത്രീ ഒരു സാന്ത്വനം, പൊരുത്തം എന്നിവയാണ് മല്ലികയുടെ പ്രധാനപ്പെട്ട പരമ്പരകൾ. അമേരിക്കൻ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിന് മല്ലികയ്ക്ക് ഫിലിം-ടി.വി ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു. രാജസേനൻ സംവിധാനം ചെയ്ത മേഘസന്ദേശം എന്ന സിനിമയിലൂടെയാണ് മല്ലിക സിനിമയിലേയ്ക്ക് തിരിച്ച് വന്നത്. സുരേഷ് ഗോപി ആയിരുന്നു ഈ സിനിമയിലെ നായകൻ. തുടർന്ന് രഞ്ജിത്തിന്റെ അമ്മക്കിളിക്കൂടിലും ശക്തമായ ഒരു കഥാപാത്രത്തെ മല്ലിക അവതരിപ്പിക്കുകയുണ്ടായി. ചോട്ട മുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നിവയാണ് മല്ലികയുടെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങൾ.
Also Read: 'ഒരു കുപ്പി മദ്യം ഒറ്റയ്ക്ക് അകത്താക്കി, അസാമാന്യ കരുത്താണ്'; സൂപ്പർസ്റ്റാറിനെ കുറിച്ച് നന്ദു
പൃഥ്വിരാജിന്റെ ബ്രോ ഡാഡിയിൽ അഭിനയിക്കാൻ ലഭിച്ച അവസരത്തെ ലോട്ടറിയായാണ് കണ്ടതെന്നും മല്ലിക പറയുന്നു. മോഹൻലാൽ അടക്കമുള്ള താരങ്ങൾക്കൊപ്പം സിനിമ ചെയ്യുകയെന്നത് എന്നും സന്തോഷം നൽകിയിരുന്ന കാര്യമാണെന്നും പൃഥ്വിരാജ് അഭിനയിക്കുന്നോ എന്ന് ചോദിച്ച് പൂർത്തിയാകും മുമ്പ് തന്നെ സമ്മതം അറിയിച്ചുവെന്നും മല്ലിക പറയുന്നു. ഏറ്റവും കൂടുതൽ സുഖസൗകര്യത്തോടെ കഴിഞ്ഞ ഒറു ഷൂട്ടിങ് സെറ്റ് ബ്രോ ഡാഡിയുടേതാണെന്നും മല്ലിക പറയുന്നു. മോഹൻലാലിനെ ചെറുപ്പം മുതൽ അറിയാമെന്നത് കൊണ്ടുതന്നെ ഏറ്റവും പ്രിയപ്പെട്ട താരത്തോടൊപ്പമുള്ള അഭിനയം വളരെ അധികം സന്തോഷം നൽകിയെന്നും മല്ലിക കൂട്ടിച്ചേർത്തു. ഇന്ദ്രജിത്ത് കഴിവുള്ളയാളാണെന്നും ഇന്ദ്രജിത്ത് സിനിമ സംവിധാനം ചെയ്ത് കാണണമെന്ന് ആഗ്രഹമുണ്ടെന്നും മല്ലിക പറയുന്നു. ആഹാ സിനിമയിലെ ഇന്ദ്രന്റെ പ്രകടനം കണ്ട് നിരവധി പേർ തന്നെ വിളിച്ച് അഭിപ്രായം പറഞ്ഞിരുന്നുവെന്നും അത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും മല്ലികാ സുകുമാരൻ പറയുന്നു.
Recommended Video
Also Read: 'സൗന്ദര്യത്തിന് പ്രാധാന്യം നൽകിയിട്ടില്ല, മക്കൾക്ക് ചേർന്ന് മരുമക്കളാണ്'; മല്ലികാ സുകുമാരൻ


Click it and Unblock the Notifications











