For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂത്രധാരന്‍: ഭദ്രതയില്ലാത്ത അവതരണം

  By Staff
  |

  സൂത്രധാരന്‍: ഭദ്രതയില്ലാത്ത അവതരണം

  വ്യത്യസ്തമായ ജീവിതപശ്ചാത്തലങ്ങള്‍ തിരക്കഥകള്‍ക്ക് വിഷയമാക്കിയിട്ടുള്ള ലോഹിതദാസ് പ്രമേയവൈവിധ്യം പുലര്‍ത്താന്‍ എന്നും ശ്രദ്ധിച്ചുപോന്നിട്ടുണ്ട്. മൂശാരിമാരുടെയും മുക്കുവന്‍മാരുടെയും ജീവിതങ്ങളില്‍ നിന്ന് ഹൃദയസ്പര്‍ശിയായ കഥകള്‍ കണ്ടെടുത്തിട്ടുളള ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സൂത്രധാരന്‍ ദേവദാസി പാരമ്പര്യവുമായി ജീവിക്കുന്ന ഒരു കൂട്ടം പേരുടെ നൊമ്പരങ്ങളുടെ കഥയാണ്. എന്നാല്‍ ആ കഥ അവതരിപ്പിക്കുമ്പോള്‍ ലോഹിതദാസിന് പലയിടത്തും പാളി.

  സേതുവിന്റെ പ്രശസ്തമായ നോവലിന്റെ പേര് ഓര്‍മിപ്പിക്കുന്ന പാണ്ഡവപുരം എന്ന ഗ്രാമത്തിലാണ് ചിത്രത്തിലെ കഥ നടക്കുന്നത്. കര്‍ണാടകയിലെ ഈ അതിര്‍ത്തി ഗ്രാമത്തില്‍ ശരീരം വിറ്റ് ജീവിക്കുന്ന ദേവദാസികളുണ്ട്. ജീവിക്കാന്‍ വേണ്ടി വേഷം കെട്ടി കഴിയുന്നവരുണ്ട്. അവരുടെ ഈ ലോകത്തേക്കാണ് രമേശന്‍ കടന്നെത്തുന്നത്.

  അറ്റകൈെക്ക് വൈദ്യചികിത്സ വരെ പരീക്ഷിക്കാന്‍ വശമുള്ള രമേശന്‍ ആ ഗ്രാമത്തിലുള്ളവര്‍ക്ക് പ്രിയപ്പെട്ടവനാകാന്‍ അധികനാള്‍ വേണ്ടിവന്നില്ല. അവിടെ വെച്ചാണ് ശിവാനി എന്ന നിഷ്കളങ്കയായ പെണ്‍കുട്ടി അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. അവളും ശരീരവ്യാപാരത്തിലേക്ക് വലിച്ചിഴക്കപ്പെടാന്‍ തുടങ്ങിയതോടെ രമേശന് അവളെ രക്ഷിക്കാന്‍ യഥാര്‍ഥ സൂത്രധാരനാവേണ്ടിവരുന്നു.

  ലോഹിതദാസ് സംവിധാനം ചെയ്ത ഭൂതക്കണ്ണാടി, കന്മദം, കാരുണ്യം, ഓര്‍മച്ചെപ്പ്, ജോക്കര്‍ എന്നീ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് കഥ പറയാനാണ് സൂത്രധാരനില്‍ ശ്രമിക്കുന്നത്. എന്നാല്‍ ലോഹിയുടെ ഈ ശ്രമം വേണ്ടത്ര വിജയിച്ചുവെന്ന് പറയാനാവില്ല. ദിലീപ് സ്വതസിദ്ധമായ ശൈലിയില്‍ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള നമ്പരുകള്‍ പ്രയോഗിക്കുമ്പോഴും ഹാസ്യം വഴങ്ങാത്ത ഒരു തിരക്കഥാകൃത്ത് എഴുതിപിടിപ്പിച്ച സംഭാഷണങ്ങള്‍ ചിത്രത്തില്‍ മുഴച്ചുനില്‍ക്കുന്നു.

  സര്‍ക്കസ് കൂടാരത്തിലെ മനുഷ്യരുടെ നൊമ്പരങ്ങളുടെ കഥ പ്രേക്ഷക മനസിനെ സ്പര്‍ശിക്കും വിധം പറയുന്ന ജോക്കറിനേക്കാള്‍ താഴെയാണ് ഈ ചിത്രത്തിന്റെ സ്ഥാനം. അവതരണരീതിയില്‍ പല പാളിച്ചകകളും എടുത്തുകാണിക്കാനുണ്ട്. ഗാനരംഗങ്ങള്‍ ചിത്രീകരിക്കാന്‍ മിടുക്കരായ ചില സംവിധായകരെ അനുകരിക്കുകയാണോ ലോഹിതദാസ് എന്നുതോന്നും ഗാനചിത്രീകരണം കാണുമ്പോള്‍. സംഘട്ടനരംഗങ്ങളാവട്ടെ പത്തു പേരെ ഒറ്റയ്ക്ക് അടിച്ചുവീഴ്ത്തുന്ന വീരസാഹസിക നായകന്‍മാരെ അവതരിപ്പിക്കുന്ന പഴയ പ്രേംനസീര്‍ സിനിമകളെ ഓര്‍മിപ്പിക്കുന്നതായി.

  തുടര്‍ച്ചയായ വിജയങ്ങളിലൂടെ മലയാളത്തിലെ മിനിമം ഗ്യാരന്റിയുള്ള നടനായി മാറ്റിയിരിക്കുന്ന ദിലീപ് ഈ ചിത്രത്തിലും നല്ല പ്രകടനം കാഴ്ചവെച്ചു. ബിന്ദു പണിക്കരുടെ അഭിനയം എടുത്തുപറയേണ്ടതാണ്. ലോഹിതദാസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്ന മറ്റൊരു സുന്ദരിക്കുട്ടിയായ മീരാ ജാസ്മിന്‍ പുതുമുഖത്തിന്റെ പരിചയക്കുറവുകള്‍ പ്രകടിപ്പിക്കാതെ അഭിനയിച്ചിട്ടുണ്ട്. ഗുണ്ടയുടെ വേഷത്തിലെത്തുന്ന കലാഭവന്‍ മണിയും തന്റെ ഭാഗം തൃപ്തികരമാക്കി.

  മനോഹരമായ ചില ഗാനങ്ങളുണ്ട് ഈ ചിത്രത്തില്‍. എസ്. രമേശന്‍നായരുടെ വരികള്‍ക്ക് രവീന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ദൃശ്യസൗന്ദര്യം സൃഷ്ടിക്കാന്‍ അഴകപ്പന്റെ ക്യാമറക്ക് കഴിയുന്നുണ്ട്.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X