For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെരുമഴയില്‍ മുങ്ങിപ്പോയ ചിത്രം

  By Staff
  |

  പെരുമഴയില്‍ മുങ്ങിപ്പോയ ചിത്രം

  മനോജ്

  സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു സിനിമ എന്ന നിലയില്‍ പെരുമഴക്കാലം കമല്‍ നടത്തിയ വേറിട്ടൊരു ചലച്ചിത്ര സംരംഭമാണ്. എന്നാല്‍ ഈ കമല്‍ ചിത്രത്തിന് അങ്ങനെയൊരു പുതുമ മാത്രമേ അവകാശപ്പെടാനുള്ളൂ. സിനിമയെന്ന നിലയില്‍ മറ്റെല്ലാ തരത്തിലും പെരുമഴക്കാലം പാളിപ്പോയി.

  മഞ്ഞുപോലൊരു പെണ്‍കുട്ടിക്ക് ശേഷം കമല്‍ ഒരുക്കിയ ഈ ചിത്രത്തിന് വാണിജ്യസിനിമയുടെ പതിവ്താളമല്ലയുള്ളത്. നിറം, നമ്മള്‍, സ്വപ്നക്കൂട് തുടങ്ങിയവ പോലുള്ള ചിത്രങ്ങളെടുത്ത കമല്‍ പെരുമഴക്കാലത്തില്‍ നടത്തിയിരിക്കുന്നത് ഒരു പരീക്ഷണം തന്നെയാണ്. അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയത്തിനും കാലികപ്രാധാന്യമുണ്ട്. പക്ഷേ സിനിമയുടെ ക്രാഫ്റ്റിന്റെ മര്‍മ്മമറിയാവുന്ന സംവിധായകന് പെരുമഴക്കാലമെന്ന പരീക്ഷണത്തില്‍ അടിപതറിപ്പോയെന്ന് പറയാതെ വയ്യ.

  സമാനമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോവുന്ന റസിയയുടെയും ഗംഗയുടെയും ജീവിതകഥയാണ് പെരുമഴക്കാലം പറയുന്നത്. ഈ രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് പെരുമഴക്കാലത്തിന്റെ കഥാഗതി മുന്നോട്ടുനീങ്ങുന്നത്.

  റസിയയുടെ ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിതമായ ഒരു ആഘാതത്തെ ചുറ്റിപ്പറ്റിയുള്ള ചില അനുഭവങ്ങളാണ് കമലിന് പ്രധാനമായും പ്രേക്ഷകരോട് പറയാനുള്ളത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന റസിയയുടെ ഭര്‍ത്താവ് അക്ബറിന്റെ ഒരു കൈപിഴ മൂലം രഘുരാമയ്യര്‍ കൊല്ലപ്പെട്ടു. സൗദിയിലെ ശരീഅത്ത് നിയമത്തിലെ വ്യവസ്ഥ പ്രകാരം അക്ബറിന് വധശിക്ഷ കിട്ടാതിരിക്കണമെങ്കില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം അയാള്‍ക്ക് മാപ്പ് നല്‍കിയതായുള്ള അറിയിപ്പ് കോടതിക്ക് ലഭിച്ചിരിക്കണം.

  തന്റെ ഭര്‍ത്താവിനെ കൊലക്കയറില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിലായി റസിയ. അതിനായി അവള്‍ കൊല്ലപ്പെട്ട രഘുരാമഅയ്യരുടെ ഭാര്യ ഗംഗയെ കാണാന്‍ ചെല്ലുന്നു. തന്റെ ഭര്‍ത്താവിനെ കൊന്നയാള്‍ക്ക് മാപ്പ് കൊടുക്കാന്‍ ഗംഗ ആദ്യമൊന്നും തയ്യാറായില്ലെങ്കിലും റസിയയുടെ വേദനയുടെ ആഴം തിരിച്ചറിയുന്ന ഗംഗ ഒടുവില്‍ അതിന് തയ്യാറാവുന്നു.

  സമാനമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ ചില വ്യക്തികളുടെ അനുഭവങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പെരുമഴക്കാലത്തിന് അതുവഴിയും പബ്ലിസിറ്റി ലഭിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ രണ്ട് സ്ത്രീകളുടെ ആത്മനൊമ്പരങ്ങളുടെ ഈ കഥ ഹൃദയസ്പര്‍ശിയാണ്. പക്ഷേ സംവിധായകന്‍ കമലും തിരക്കഥാകൃത്ത് ടി. എ. റസാക്കും അതിവൈകാരികതയിലും അതിഭാവുകത്വത്തിലും ഈ കഥയെ മുക്കിക്കളിഞ്ഞു.

  ചിത്രത്തിലുടനീളം പെയ്യുന്ന പെരുമഴ എന്ന ഇമേജറി പോലെ അതിഭാവുകത്വം കലര്‍ന്നതായി പോയി കഥയുടെ പരിചരണരീതി. അതിവൈകാരികത ഈ സിനിമയില്‍ പലപ്പോഴും സീരിയലുകളുടെ നിലവാരം പോലുമില്ലാത്ത രംഗങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. റസിയയായി അഭിനയിക്കുന്ന മീരാ ജാസ്മിന്‍ പെരുമഴ പോലെ കണ്ണീരില്‍ കുളിച്ചഭിനയിക്കുന്ന രംഗങ്ങള്‍ക്കൊന്നും അതിഭാവുകത്വം മൂലം പ്രേക്ഷകനെ സ്പര്‍ശിക്കാന്‍ പോലും കഴിയാതെ പോയി.

  ചിത്രത്തിന്റെ മൊത്തം സ്വഭാവത്തിന് ചേരാത്തതാണ് ചില പാട്ടുകള്‍. രഘുരാമയ്യരായി അഭിനയിക്കുന്ന വിനീതിനെ ഒരു ഫോട്ടോയില്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് കാണാനാവുന്നത്. പിന്നെ ഒരു ഗാനരംഗത്തിലും. പെരുമഴ ആര്‍ത്തുപെയ്യുന്ന സിനിമയുടെ മറ്റ് രംഗങ്ങളോട് ഒട്ടും ചേരാത്തതായിപ്പോയി വിനീതും കാവ്യാ മാധവനും ചേര്‍ന്നുള്ള ഗാനരംഗം.

  ഗംഗയെ അവതരിപ്പിച്ചിരിക്കുന്നത് കാവ്യയാണ്. ഭാവങ്ങളുടെ ബാലന്‍സിംഗില്‍ കാവ്യക്ക് പലപ്പോഴും ശ്രദ്ധിക്കാനായിട്ടില്ല. മാമുക്കോയയുടെ തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഈ ചിത്രത്തില്‍ കാണാനായത്. പി. സുകുമാറിന്റെ ക്യാമറ ചില നല്ല ഷോട്ടുകളൊരുക്കിയിട്ടുണ്ട്.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X