സഹോദരിമാർക്കൊപ്പം ചേർന്ന് മറ്റ് കുട്ടികളെ അധിക്ഷേപിച്ചോ?, അമ്മൂമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചോ?; അഹാന പറയുന്നു!
കുടുംബപ്രശ്നം സോഷ്യൽമീഡിയയിൽ ചർച്ച വിഷയമായത് കൃഷ്ണകുമാറിനും കുടുംബത്തിനും വലിയൊരു അടിയായിരുന്നു. അതിനാൽ തന്നെ പലതരത്തിലുള്ള ആരോപണങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു കുടുംബാംഗങ്ങൾക്കെല്ലാം. ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയത് അഹാന കൃഷ്ണയായിരുന്നു. അമ്മൂമ്മയെ അടിക്കാൻ അഹാന ശ്രമിച്ചുവെന്നും മറ്റ് കുട്ടികളെ സഹോദരിമാർക്കൊപ്പം ചേർന്ന് ബുള്ളി ചെയ്തുവെന്നുള്ള ആരോപണങ്ങളും നടിക്ക് എതിരെ ഉയർന്നിരുന്നു.
ഇപ്പോഴിതാ ഈ ആരോപണങ്ങൾക്കെല്ലാം പുതിയ കുറിപ്പിലൂടെ അഹാന മറുപടി നൽകുകയാണ്. എല്ലാ ആരോപണങ്ങളെയും ഇല്ലാതാക്കാൻ പാകത്തിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്ന് അഹാന പറഞ്ഞു. നടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... എനിക്കെതിരെ ഉന്നയിക്കപ്പെട്ട ഏറ്റവും ഗുരുതരമായ ആരോപണങ്ങളിലൊന്ന് ഞാൻ എന്റെ മുത്തശ്ശിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്ന അവകാശവാദമായിരുന്നു.

അത് പൂർണമായും അസത്യമാണ്. അവർ പരാമർശിക്കുന്ന സംഭവം എന്റെ മുത്തച്ഛൻ മരിച്ച് രണ്ട് മാസത്തിന് ശേഷം ഞങ്ങൾ അവസാനമായി കണ്ടുമുട്ടിയ ദിവസമാണ്. അന്ന് എന്റെ അമ്മയും സഹോദരിമാരും ഞങ്ങളുടെ അടുത്ത സുഹൃത്തും ഞാനും ചില കുടുംബകാര്യങ്ങൾ സംസാരിക്കുന്നതിനായി അമ്മൂമ്മയെ സന്ദർശിക്കുകയായിരുന്നു. അതിന് മുമ്പും ഒരിക്കലും നടന്നിട്ടില്ലാത്ത സംഭവങ്ങൾ നടന്നതായി അമ്മൂമ്മ പലവട്ടം പറഞ്ഞിട്ടുള്ളതിനാൽ അത്തരം ചില സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നത് ഞങ്ങൾ ഒരു പതിവാക്കിയിരുന്നു.
ആ ദിവസത്തെ കൂടിക്കാഴ്ചയുടെ മുഴുവൻ ദൃശ്യവും ഞങ്ങളുടെ കൈവശമുണ്ട്. ഞങ്ങൾ അവിടെ എത്തിയ നിമിഷം മുതൽ തിരികെ മടങ്ങിയ നിമിഷം വരെ. ആ റെക്കോർഡിംഗ് അന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി കാണിച്ചുതരുന്നു. ഈ രണ്ട് പേരും ചേർന്ന് എനിക്കെതിരെ മറ്റ് നിരവധി ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. അവയൊന്നും സത്യമല്ല.
യഥാർഥ സത്യം സന്ദേശങ്ങളിലും ശബ്ദ ദൃശ്യ റെക്കോർഡുകളിലും സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അത് തെളിയിക്കേണ്ട ദിവസം ഒരിക്കലെങ്കിലും വന്നാൽ, അത് ചെയ്യാൻ ഞാൻ മടിക്കില്ല. എന്റെ ബന്ധു ഈ സംഭവങ്ങളൊന്നും പുറത്ത് നിന്ന് കണ്ടുനിന്ന ഒരാളായിരുന്നില്ല. ഞങ്ങളോടൊപ്പം തന്നെയാണ് അവർ ഇതെല്ലാം അനുഭവിച്ചറിഞ്ഞത്. അമ്മൂമ്മയുമായുള്ള ബുദ്ധിമുട്ടുകൾ അവർക്കും നേരിടേണ്ടി വന്നിരുന്നു. ആ സാഹചര്യങ്ങൾ അവർക്കും (തൻവി) അസഹനീയമായപ്പോൾ പിന്തുണയ്ക്കായി അവർ ഞങ്ങളെയാണ് സമീപിച്ചത്.
ഒരു നിബന്ധനയും ഇല്ലാതെ ഞങ്ങൾ അവർക്കൊപ്പം നിന്നു. ആ സ്വകാര്യ സംഭാഷണങ്ങളുടെയെല്ലാം പശ്ചാത്തലം അതായിരുന്നു. എന്നിട്ടും മുഴുവൻ യാഥാർഥ്യവും അറിഞ്ഞിരിക്കെ ഭർത്താവ് മരിച്ചശേഷം ഒരു വയോധികയെ ഉപേക്ഷിച്ച കുടുംബമാണ് ഞങ്ങളെന്ന തരത്തിൽ ലോകത്തിന് മുന്നിൽ ഞങ്ങളെ ചിത്രീകരിക്കാനാണ് അവർ ശ്രമിച്ചത്. എനിക്കെതിരെ കെട്ടിച്ചമച്ച ഓരോ വ്യാജകഥയും ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊളിച്ചെഴുതാൻ കഴിയുന്ന എണ്ണമറ്റ തെളിവുകളുണ്ട്.

അവയെല്ലാം ഞാൻ പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവന്നാൽ ഇന്ന് പലരും പുലർത്തുന്ന അഭിപ്രായങ്ങളിൽ പലതും അതേ വേഗത്തിൽ മാറുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. കുറച്ച് മാസങ്ങൾ മുമ്പ് വരെ എന്റെ അമ്മൂമ്മയുടെ വാക്കുകളിൽ പറഞ്ഞാൽ ഞാൻ അവരുടെ ഏറ്റവും പ്രിയപ്പെട്ട കൊച്ചുമകളായിരുന്നു. ഒരു കൊച്ചുമകളിൽ നിന്ന് പ്രതീക്ഷിക്കുന്നതിലുമപ്പുറം അവർക്കായി ചെയ്തതും ഞാനായിരുന്നു. ഇനി മുതൽ എന്റെ അമ്മൂമ്മയെ പരിചരിക്കാൻ ഞങ്ങൾക്ക് കഴിയില്ല.
ഇതോടെ ഈ അധ്യായം പൂർണമായും എന്നെന്നേക്കുമായി അവസാനിപ്പിക്കാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. അവസാനിക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി പറയാനുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി എന്നെക്കുറിച്ചുള്ള ഓരോ പുതിയ വിവാദവും ഏതാണ്ട് എല്ലാ ദിവസവും ഇന്റർനെറ്റ് കണ്ടെത്തിക്കൊണ്ടിരിക്കുന്നതാണ് ഞാൻ കണ്ടത്. അവയിൽ ചിലത് അത്രയേറെ പരിഹാസ്യമായിരുന്നു അവയ്ക്ക് മറുപടി നൽകുന്നത് പോലും അവയ്ക്ക് അർഹിക്കാത്ത പ്രാധാന്യം നൽകുന്നതിന് തുല്യമായിരിക്കും.
മറ്റ് ചിലത് ഞാനും എന്റെ സഹോദരിമാരും സ്കൂളിലും കോളേജിലും മറ്റുള്ളവരെ പീഡിപ്പിച്ചിരുന്നുവെന്ന രീതിയിൽ വീണ്ടും വീണ്ടും പ്രചരിക്കുന്ന കഥകൾ പോലുള്ളവ ഒരു പൂർണമായ കെട്ടുകഥയെ എത്ര ആത്മവിശ്വാസത്തോടെ സത്യമായി അവതരിപ്പിക്കാനാകുമെന്ന് കാണിക്കുന്ന ഉദാഹരണങ്ങൾ മാത്രമാണ്.
സത്യം അറിയാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർക്കായി ഞാൻ തിരുവനന്തപുരം ഹോളി ഏഞ്ചൽസ് സ്കൂളിലും പിന്നീട് ചെന്നൈയിലെ എംഒപി വൈഷ്ണവ് കോളേജിലുമാണ് പഠിച്ചത്. ആ സ്ഥാപനങ്ങളിൽ പോകൂ. എന്നെ ഏറ്റവും നന്നായി അറിയുന്ന ആളുകളോട് സംസാരിക്കൂ. സ്വന്തമായി അന്വേഷിക്കൂ. വസ്തുതകൾ പരിശോധിക്കൂ. കേൾക്കാൻ കൗതുകകരമാണെന്ന കാരണത്താൽ മാത്രം പ്രചരിക്കുന്ന കഥകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിന് മുമ്പ് സത്യം സ്വയം കണ്ടെത്താൻ ശ്രമിക്കൂ എന്നും അഹാന പറഞ്ഞു.


Click it and Unblock the Notifications


