ഉപ്പും മുളകിൽ നിന്ന് ബ്രേക്ക് എടുക്കുന്നുവെന്ന് സിദ്ധാർത്ഥ്, അണ്ണൻ അപ്പോൾ ഇത്തവണ ബിഗ് ബോസിലുണ്ട്; കമന്റുകൾ!
ബാലതാരമായി അരങ്ങേറി ശ്രദ്ധ നേടിയ പ്രതിഭയാണ് നടൻ സിദ്ധാർത്ഥ് പ്രഭു. തട്ടീം മുട്ടീം എന്ന സീരിയലിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു സിദ്ധാർത്ഥിന്റെ അഭിനയ ജീവിതത്തിന്റെ ആരംഭം. സിറ്റ്കോം ആയിരുന്ന തട്ടീം മുട്ടീം ഏറെക്കാലം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്നു. ആ സിറ്റ്കോം അവസാനിച്ചശേഷവും സിദ്ധാർത്ഥിന്റെ ജനപ്രീതിക്ക് ഇടിവൊന്നും സംഭവിച്ചിരുന്നില്ല.
പിന്നീടാണ് മിനിസ്ക്രീനിൽ ഏറ്റവും പോപ്പുലറായ ഫ്ലവേഴ്സിലെ ഉപ്പും മുളകും എന്ന സിറ്റ്കോമിൽ താരം പങ്കാളിയാകുന്നത്. ബാലുവും നീലുവുമായി അഭിനയിച്ചിരുന്ന ബിജു സോപാനവും നിഷ സാരംഗും ഉപ്പും മുളകിൽ നിന്നും പിന്മാറിയശേഷം ടിആർപിയിൽ അടക്കം വളരെ പിന്നിലായിരുന്നു ഉപ്പും മുളകും. അതിൽ വലിയ മാറ്റം സംഭവിച്ചത് സിദ്ധാർത്ഥ് പ്രഭുവിന്റെ വരവോടെയാണ്.

ജൂഹി റുസ്തഗി അവതരിപ്പിക്കുന്ന ലച്ചു എന്ന കഥാപാത്രത്തിന്റെ ഭർത്താവായ സിദ്ധുവായാണ് സിദ്ധാർത്ഥ് പ്രഭു എത്തിയത്. അതിനുശേഷം ഉപ്പും മുളകും എപ്പിസോഡുകൾ വീണ്ടും ടിആർപിയിൽ വലിയ ചലനം സൃഷ്ടിച്ചു. യുട്യൂബിൽ എപ്പിസോഡുകൾ മില്യൺ അടിക്കാൻ തുടങ്ങി. പല സീനുകളും വൈറലായി സോഷ്യൽമീഡിയയിൽ പ്രചരിച്ചു. സിദ്ധു-ലച്ചു കോമ്പോ ഹിറ്റായി പോകുന്നതിന് ഇടയിലാണ് മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രക്കാരെ ഇടിച്ച് പരിക്കേൽപ്പിച്ച് കേസിൽ സിദ്ധാർത്ഥ് ഉൾപ്പെടുന്നത്.
ആ വഴിയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചതിനാൽ കേസും കൂട്ടവുമായി കുറച്ചുനാൾ നടൻ ഉപ്പും മുകളിൽ നിന്നും വിട്ടുനിന്നു. പിന്നീട് തിരിച്ച് എത്തിയപ്പോഴും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ താൻ വീണ്ടും ഒരു ബ്രേക്ക് ഉപ്പും മുളകിൽ നിന്ന് എടുക്കുകയാണെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്.
ഉപ്പും മുളകും എന്ന പരമ്പരയിൽ നിന്ന് കുറച്ച് കാലത്തേക്ക് ഒരു ചെറിയ ഇടവേള എടുക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് ഒരു വിടപറയലല്ല ഒരു ചെറിയ ഇടവേള മാത്രമാണ്. ഇനി ഒരിക്കൽ തിരികെ വരാൻ തീരുമാനിക്കുകയാണെങ്കിൽ അത് ഞാൻ തീർച്ചയായും നിങ്ങളെയെല്ലാം അറിയിക്കും. ഈ യാത്രയിൽ എന്നിൽ വിശ്വാസമർപ്പിക്കുകയും ഇത്ര മനോഹരമായൊരു അവസരം നൽകുകയും ചെയ്ത ഫ്‌ളവേഴ്‌സ് ടിവിയോട് ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് നന്ദി അറിയിക്കുന്നു.
ഞങ്ങളുടെ സംവിധായകൻ, തിരക്കഥാകൃത്തുകൾ, നിർമാതാക്കൾ, ടെക്‌നീഷ്യൻമാർ, ക്യാമറാസംഘം, മേക്കപ്പ് ആർട്ടിസ്റ്റുകൾ, കോസ്റ്റ്യൂം ടീം, പ്രൊഡക്ഷൻ സ്റ്റാഫ്, ക്യാമറയ്ക്ക് പിന്നിൽ അക്ഷീണം പ്രയത്‌നിച്ച ഓരോരുത്തർക്കും എന്റെ പ്രത്യേക നന്ദി. നിങ്ങളാണ് ഈ അനുഭവത്തെ എനിക്ക് ഒരിക്കലും മറക്കാനാകാത്തതാക്കിയത്.

എന്റെ പ്രിയ സഹതാരങ്ങളേ... നിങ്ങൾ നൽകിയ ചിരികൾക്കും മനോഹരമായ ഓർമ്മകൾക്കും പിന്തുണയ്ക്കും സൗഹൃദത്തിനും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളിൽ ഓരോരുത്തരോടും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. നമ്മൾ ഒരുമിച്ച് പങ്കുവെച്ച ഓരോ നിമിഷവും ഞാൻ എന്നും ഹൃദയത്തോട് ചേർത്ത് സൂക്ഷിക്കും എന്നാണ് ബ്രേക്ക് എടുക്കുന്നുവെന്ന് അറിയിച്ച് സിദ്ധാർത്ഥ് കുറിച്ചത്.
എന്നാൽ ഉപ്പും മുളകും ആരാധകർക്ക് സിദ്ധാർത്ഥിന്റെ പുതിയ തീരുമാനത്തിൽ നിരാശരാണ്. ഇത്രയും മനസിൽ പിടിച്ച വ്യക്തി ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോൾ സിദ്ധു പോയിയെന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു സങ്കടം, തലക്ക് അടിയേറ്റത് പോലെയായല്ലോ അളിയോ. ഇത്രയും നാൾ താങ്കൾ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ആയിരുന്നു ഞങ്ങൾ പ്രേക്ഷകർ. ഇതെങ്ങനെ അക്സപ്റ്റ് ചെയ്യും. ഇനി ഇതിൽ നിന്നും റിക്കവർ ആവാൻ കുറച്ച് സമയമെടുക്കും.
താങ്കൾ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഉപ്പും മുളകും വീണ്ടും കാണാൻ തുടങ്ങിയത്, അപ്പോൾ അണ്ണൻ ഇത്തവണത്തെ ബിഗ് ബോസിലുണ്ടെന്ന് ഉറപ്പായി. കാരണം ബ്രേക്ക് എടുത്തിരിക്കുന്നത് ഈ സമയത്ത് ആയതുകൊണ്ട് എന്നും ചിലർ കുറിച്ചു.


Click it and Unblock the Notifications


