ദിവസങ്ങളോളം എന്നോട് മിണ്ടിയില്ല, ഒരിക്കലും ക്ഷമിക്കില്ലെന്ന് പറഞ്ഞു; പിണക്കത്തെക്കുറിച്ച് അമല
തെലുങ്ക് സിനിമയിലെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് നാഗാർജുനയും അമല അക്കിനേനിയും. കരിയറിൽ തിളങ്ങി നിൽക്കവെ ആണ് അമല നാഗാർജുനയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ശേഷം സിനിമയിൽ നിന്ന് നടി വിട്ടു നിൽക്കുകയും ചെയ്തു. കനം എന്ന സിനിമയിലെ തിരിച്ചു വന്നിരിക്കുകയാണിപ്പോൾ താരം. അഖിൽ എന്ന മകനാണ് നാഗാർജുനയ്ക്കും അമലയ്ക്കും ഉള്ളത്. നാഗാർജുനയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

തെലുങ്കിലെ സൂപ്പർ സ്റ്റാർ ആവുന്നതിന് മുമ്പ് പ്രമുഖ പ്രൊഡ്യൂസറായിരുന്ന ഡോ ഡി രാമ നായ്ഡുവിന്റെ മകൾ ലക്ഷ്മി ദഗുബതിയുമായി വിവാഹിതനായിരുന്നു നാഗാർജുന. ഈ ബന്ധത്തിൽ നാഗ ചൈതന്യ എന്ന മകനും ഇരുവർക്കും ഉണ്ട്. നാഗചൈതന്യ ഇന്ന് തെലുങ്കിലെ പ്രമുഖ താരമാണ്. 1990 ലാണ് നാഗാർജുനയും ലക്ഷ്മി ദഗുബതിയും വേർപിരിയുന്നത്.

വിവാഹ മോചനത്തിന് ശേഷമാണ് നാഗാർജുന അമലയോടൊപ്പം സിനിമ ചെയ്യുന്നതും ഇരുവരും തമ്മിൽ അടുക്കുന്നതും. കുറച്ച് സിനിമകൾ ഒരുമിച്ച് ചെയ്തതോടെ ഇരുവരും പ്രണയത്തിലായി. 1992 ൽ നാഗാർജുന അമലയെ വിവാഹം കഴിക്കുകയും ചെയ്തു. 1994 ൽ അഖിൽ എന്ന മകനും ഇരുവർക്കും ജനിച്ചു. വർഷങ്ങളായി സന്തുഷ്ടകരമായ കുടുംബ ജീവിതം നയിച്ച് വരികയാണ് നാഗാർജുന.
തന്റെ ഭാര്യയെ പറ്റി നാഗാർജുന പൊതുവേദികളിൽ സംസാരിക്കാറും ഉണ്ട്. മുമ്പൊരിക്കൽ നാഗാർജുനയുമായി ഉണ്ടായ പിണക്കത്തെ പറ്റി അമല ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. വളർത്തു നായയുടെ പേരിലാണ് നാഗാർജുന അമലയുമായി മിണ്ടാതിരുന്നത്.

നാഗാർജുന വീട്ടിൽ ഒരു ലാബ്രോഡർ പട്ടിക്കുഞ്ഞിനെ വളർത്താൻ കൊണ്ടു വന്നു. ചെറിയ പട്ടിക്കുട്ടിയായതിനാൽ അതിന് പരിശീലനം നൽകാൻ അമല ഒരു സ്ഥലത്ത് കൊണ്ടു പോയി. 30 ദിവസത്തെ പരിശീലനം ആയിരുന്നു. നാഗാർജുനയോട് ഇക്കാര്യം പറഞ്ഞിരുന്നില്ല.
നടൻ ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പട്ടിക്കുഞ്ഞിനെ കണ്ടില്ല. താൻ കാര്യം എന്താണെന്ന് പറഞ്ഞതോടെ നാഗാർജുന താനുമായി മിണ്ടാതായെന്ന് അമല പറഞ്ഞു. ഇനി നിന്നോട് ഒരിക്കലും മിണ്ടില്ലെന്നാണത്രെ നാഗാർജുന പറഞ്ഞത്. ദിവസങ്ങളോളം നാഗാർജുന തന്നോട് മിണ്ടാതിരുന്നെന്നും അമല പറഞ്ഞു.
Also Read: സോനം ഓവറാണ്; പല തവണ പറയാൻ തോന്നി; നടിയെക്കുറിച്ച് രൺബീർ പറഞ്ഞത്

'ഞാൻ ഒരാഴ്ച കാത്തിരുന്നു. നാഗ് എന്നോട് സംസാരിച്ചില്ല. പത്ത് ദിവസത്തിന് ശേഷം നായയെ പരിശീലിപ്പിക്കേണ്ട ആവശ്യം എന്തെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതിന് ശേഷം അദ്ദേഹം സംസാരിച്ചു. പക്ഷെ ഇത്രയും നാൾ വളർത്തു നായയെ ദൂരേക്ക് അയച്ചതിൽ ഞാനൊരിക്കലും ക്ഷമിക്കില്ലെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു,' അമല പറഞ്ഞതിങ്ങനെ.
വളർത്തു മൃഗങ്ങളോട് വളരെ അടുപ്പമുള്ളയാളാണ് നാഗാർജുന.
ഹിന്ദി സിനിമ ബ്രഹ്മാസ്ത്രയാണ് നാഗാർജുനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. രൺബീർ കപൂർ നായകനായെത്തിയ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് നാഗാർജുനയും അവതരിപ്പിച്ചത്.


Click it and Unblock the Notifications