രവി മോഹൻ എനിക്കെല്ലാമാണ് എന്നാൽ..., ഏത് ഈവിൾ സ്പിരിറ്റ് വന്നാലും അവരെന്നെ പ്രണയിക്കുകയേയുള്ളു; കെനിഷ ഫ്രാൻസിസ്
തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് കെനിഷ ഫ്രാൻസിസിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നടൻ രവി മോഹന്റെ വിവാഹമോചനം വിവാദമായപ്പോൾ നടനൊപ്പം തന്നെ സൈബർ ബുള്ളിയിങും പരിഹാസവും കെനിഷയും ഏറ്റുവാങ്ങിയിരുന്നു. രവിക്കൊപ്പം നിൽക്കുന്നതിന്റെ പേരിൽ വിമർശനങ്ങൾ പെരുകിയപ്പോൾ സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിൽക്കുകയാണ് ഗായിക. മാത്രമല്ല നടനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതും കുറഞ്ഞു.
മലയാള സിനിമയിലേക്ക് അരങ്ങേറാൻ പോകുന്ന കെനിഷ ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പാട്ടിലെ സന്തോഷങ്ങളും ജീവിതത്തിലെ അനുഭവങ്ങളും തുറന്ന് പറഞ്ഞിരിക്കുകയാണ്. വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന മഡ് ഹൗസ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെ എന്റെ തുടക്കം. പാലക്കാട് പല്ലശ്ശന, മീൻകുളത്തി ക്ഷേത്രത്തിലെ സംഗീതനിശയാണ് ഇതിന് വഴി തുറന്നത് കെനിഷ പറഞ്ഞ് തുടങ്ങി.

സ്റ്റേജ് ഇവന്റുകളിൽ മലയാളം പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും റിക്കോർഡിങ്ങിന് എത്തിയപ്പോൾ വട്ടം ചുറ്റിപ്പോയി. ഉച്ചാരണം ശരിയാക്കാൻ തന്നെ മണിക്കൂറുകൾ വേണ്ടി വന്നു. എങ്കിലും ഒരു കാര്യം ഉറപ്പ് പറയാം ഈ പാട്ട് കേട്ടാൽ വർഷങ്ങളായി മലയാളമറിയുന്ന ഒരാൾ പാടിയതാണെന്നേ നിങ്ങൾക്ക് തോന്നു. അച്ഛൻ ജോസഫ് ഫ്രാൻസിസ് ആഫ്രിക്കൻ വംശജനാണ്. കെനിയയിലാണ് ഞാൻ ജനിച്ചതും പത്ത് വയസ് വരെ വളർന്നതും.
പിന്നീട് അമ്മ ലൂസിയുടെ നാടായ ബെംഗളൂരുവിലേക്ക് എത്തി. ക്രിസ്ത്യൻ കുടുംബമായത് കൊണ്ടും ആഫ്രിക്കൻ രക്തം ഉള്ളിലുള്ളത് കൊണ്ടും പാട്ടും നൃത്തവും ഒപ്പമുണ്ടായിരുന്നു. അച്ഛനു മമ്മയും നന്നായി പാടും. പള്ളി ക്വയറിൽ ഞാനുണ്ടായിരുന്നു. അന്ന് പക്ഷെ പാട്ട് പഠിച്ചിട്ടില്ല. ആ വഴിയിലേക്ക് തനിയെ എത്തിയതാണ്. പത്ത് വർഷത്തിനുശേഷം ലണ്ടനിലേക്കും ലൊസാഞ്ചലസ്സിലേക്കും പറന്നു.
മ്യൂസിക്കൽ തിയറ്ററും സൈക്കോളജി പഠനവും അവിടെയായിരുന്നു. പിന്നെ കുറച്ചുനാൾ മുംബൈയിൽ. ചെന്നൈയിൽ എത്തിയിട്ട് രണ്ട് വർഷമാകുന്നേയുള്ളൂ. പാട്ടു പാടി നാടു ചുറ്റി പുതിയ ആളുകളെ പരിചയപ്പെട്ട് ജീവിക്കുന്നതാണ് സംഗീതം തന്ന മറ്റൊരു ഭാഗ്യം. ബാല്യവും കൗമാരവും നിറം മങ്ങിയ ഓർമകളാണ്. അച്ഛനും മമ്മയും സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ബെംഗളൂരുവിലെ ഒരു കമ്പനിയിൽ വോയിസ് ആന്റ് ആക്സന്റ് ട്രെയിനറായി എനിക്ക് ജോലി ലഭിച്ചെങ്കിലും മുന്നോട്ട് പോകാൻ ആ വരുമാനം മതിയാകുമായിരുന്നില്ല.
അങ്ങനെയിരിക്കെ പള്ളി ക്വയറിലെ ഒരു സുഹൃത്ത് കോഫി ഷോപ്പിൽ പാടാൻ അവസരമുണ്ടെന്ന് പറഞ്ഞു. അതാണ് എന്റെ ആദ്യ വേദി. പിന്നീട് പബ്ബിലും ഫൈവ് സ്റ്റാർ ഹോട്ടലിലും പാടാൻ ഓഫർ കിട്ടി. സംഗീതം തന്ന അടിത്തറയുടെ മൂല്യം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. പാടിത്തുടങ്ങിയ കാലത്ത് ഒരു ദിവസം എന്റെ പ്രതിഫലം 500 രൂപയായിരുന്നു.

ഒരു മ്യൂസിക് ബാൻഡ് ഷോയ്ക്ക് ഇപ്പോഴെന്റെ പ്രതിഫലം ലക്ഷങ്ങളും. നിറം മങ്ങിയ കാലമാണോ ഹീലിങ് തെറാപ്പിയിലെത്തിച്ചത് എന്ന് ചോദിച്ചാൽ എന്നിലേക്ക് വരുന്നവരെ ആശ്വസിപ്പിക്കാനുള്ള വഴി കൂടിയാണ് ഹീലിങ് തെറപ്പി. കോവിഡ് കാലത്ത് മാനസിക പ്രയാസങ്ങൾ നേരിടുന്നവർക്കായി ഒരു സ്റ്റാർട് അപ്പും തുടങ്ങി. റെയ്ക്കി ഹീലിങ്, കാർമിക് ഹീലിങ്, വൂണ്ട് ഹീലിങ്, എനർജി വാസ്തു, ന്യൂമറോളജി തുടങ്ങിയ മേഖലകളിൽ അനുഭവ സമ്പത്തുണ്ട്.
14 തരം ഹീലിങ് പരിശീലിച്ചിട്ടുമുണ്ട്. പാട്ടുകാരി, ബിസിനസ് ഉടമ, സ്പിരിച്വൽ ഹീലർ എന്നീ വ്യക്തിത്വങ്ങളിൽ അറിയപ്പെടുന്ന ആളാണ് ഞാൻ. നിരവധി സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്. പക്ഷെ ഇവിടെ പലരും നൽകിയ മേൽവിലാസം രവി മോഹന്റെ സുഹൃത്ത് എന്നാണ്. നിരവധി സെലിബ്രിറ്റി സുഹൃത്തുക്കളുണ്ട്. അവരെ നിങ്ങൾക്കറിയില്ല എന്നേയുള്ളൂ. രവി മോഹൻ എനിക്കെല്ലാമാണ്. എന്നാൽ എന്റെയാരുമല്ല താനും.
ഒരു ഓഡിയോ ലോഞ്ചിനിടെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. പിന്നീട് മാനസിക പ്രയാസങ്ങളിൽ പ്രൊഫഷനൽ സഹായം തേടി എന്നെ സമീപിച്ചു. അത് സൗഹൃദമായി വളർന്നു. അഭ്യൂഹങ്ങളും വിവാദങ്ങളും പരിഹാസങ്ങളും രവി മോഹനെ ബാധിക്കുന്നുവെന്ന് മനസിലായപ്പോഴണ് നിശബ്ദമായിരിക്കാമെന്ന് തീരുമാനിച്ചത്. ഒന്നിച്ച് ഒരു വെൽനസ് ഫീലിങ് സെന്റർ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ.
ഐ ബോൺ ഇൻ ലൈറ്റ്, ഐ ലിവ് ഇൻ ലൈറ്റ്, ഐ ഗിവ് ലൈറ്റ്... ഏത് ഇവിൽ സ്പിരിറ്റ് വന്നാലും അവരെന്നെ പ്രണയിക്കുകയേയുള്ളു. ഈയടുത്താണ് സമൂഹമാധ്യമങ്ങൾ വ്യക്തിഹത്യ നടത്തുന്ന ഇടമായി മാറിയത്. മുൻവിധികളോടെ സമീപിക്കുന്ന കൂട്ടത്തിനിടയിൽ നിൽക്കാൻ എനിക്ക് പ്രയാസമാണ്. അതുകൊണ്ട് സോഷ്യൽമീഡിയയിൽ നിന്ന് ബ്രേക് എടുത്തു. പക്ഷെ തിരിച്ച് വരും പുതിയ പാട്ടുമായി.


Click it and Unblock the Notifications


