വാക്ക് ഒന്ന് പ്രവൃത്തി മറ്റൊന്ന്; ഇന്ന് പലരും പറയാൻ ആഗ്രഹിക്കുന്നത് അന്നേ പേളിയോട് രഞ്ജിനി പറഞ്ഞു; ചർച്ച
ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് തന്നാൽ കഴിയും വിധമെല്ലാം പിന്തുണ അറിയിക്കാനും ലക്ഷക്കണക്കിന് വരുന്ന ഭാവി തലമുറയ്ക്കൊപ്പം നിന്ന് നീതിക്ക് വേണ്ടി പോരാടാനുമായി കേരളത്തിൽ നിന്നും രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി ദിവസവും ആയിരക്കണക്കിന് ആളുകൾ ജന്ദർ മന്ദറിൽ എത്തി ചേരുന്നുണ്ട്. പ്രകാശ് രാജ്, വിസ്മയ മോഹൻലാൽ, ടൊവിനോ തോമസ്, രഞ്ജിനി ഹരിദാസ് തുടങ്ങി വളരെ ചുരുക്കം സെലിബ്രിറ്റികളും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സും മാത്രമാണ് ആദ്യം വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് എത്തിയത്.
ജനങ്ങൾ ഹീറോകളും ഐഡൽസുമായി കണ്ടിരുന്ന പലരും ഇത്ര വലിയൊരു പ്രതിഷേധം നടന്നിട്ടും ഒന്ന് പ്രതികരിക്കാനോ അനീതിയെ ചോദ്യം ചെയ്യാനോ രംഗത്ത് വന്നില്ല. ഭൂരിഭാഗം പേരും ഓടിയൊളിക്കുകയാണ് ചെയ്തത്. അക്കൂട്ടത്തിൽ തന്നെ ചിലർ നിരന്തരമായ സോഷ്യൽമീഡിയ പ്രഷർ മൂലം മനസില്ലാ മനസോടെ ചില പോസ്റ്റുകൾ വിഷയത്തിൽ പങ്കുവെയ്ക്കുകയും ചെയ്തു.

അക്കൂട്ടത്തിൽ ഒരാളാണ് പേളി മാണി. പത്ത്, പതിനാല് ദിവസമായി എല്ലായിടത്തും ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭമാണ് ചർച്ച വിഷയം. എന്നാൽ എല്ലാ വിഷയത്തിലും ആധികാരികമായി പ്രതികരിക്കാറുള്ള പേളിയുടെ ഭാഗത്ത് നിന്ന് ഈ വിഷയത്തിൽ യാതൊരു പ്രതികരണവും വന്നില്ല. ട്രാവൽ വ്ലോഗും മറ്റുമായി താരം സോഷ്യൽമീഡിയയിൽ ആക്ടീവുമായിരുന്നു.
ഫോളോവേഴ്സായ പലരും ഇത് ശ്രദ്ധിക്കുകയും പേളിയോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. അവസാനം താരത്തിന്റെ ഭാഗത്ത് നിന്ന് ഒരു പോസ്റ്റ് വന്നു. അതും ഇലയ്ക്കും മുള്ളിനും കേടില്ലാത്ത തരത്തിലുള്ള പ്രതികരണം. സ്വന്തം നിലനിൽപ്പിനെ കുറിച്ച് മാത്രമെ പേളി എല്ലാ കാലത്തും ചിന്തിച്ചിട്ടുള്ളുവെന്ന് പോസ്റ്റ് വന്നതോടെ പ്രതികരണങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി.
പലരും താരത്തെ നിശിതമായി വിമർശിച്ചു. അതോടെ വിമർശിച്ചും പരിഹസിച്ചും വന്ന കമന്റുകൾ പേളിയും ടീമും അവരുടെ സോഷ്യൽമീഡിയ പേജുകളിൽ നിന്ന് നീക്കം ചെയ്യുകയും കൂടാതെ പലരേയും ബ്ലോക്ക് ചെയ്യുകയും ചെയ്തു. ചില കമന്റുകളിൽ പ്രകോപിതയായി വീണ്ടും സ്റ്റോറികൾ ഇൻസ്റ്റഗ്രാമിൽ പേളി പങ്കുവെച്ചു. നിരവധി പേരാണ് പേളിയുടെ പ്രവൃത്തിയിൽ അതൃപ്തി അറിയിച്ച് താരത്തെ അൺഫോളോ ചെയ്ത് പോയത്.
പേളിയുടെ കാര്യത്തിൽ വാക്കും പ്രവൃത്തിയും രണ്ടാണെന്നാണ് പലരും കുറിച്ചത്. സർട്ടിഫൈഡ് ഫേക്കെന്നും പേളിയെ ചില പ്രേക്ഷകർ വിശേഷിപ്പിച്ചു. അതേസമയം സ്വന്തം നിലനിൽപ്പ് നോക്കാതെ വിദ്യാർത്ഥികൾക്ക് വേണ്ടി തെരുവിൽ ഇറങ്ങിയ രഞ്ജിനി ഹരിദാസിനെ അഭിനന്ദിച്ച് നിരവധി പേർ എത്തി. ഒപ്പം പേളിയുമായി ബിഗ് ബോസിൽ വെച്ച് രഞ്ജിനി നടത്തിയ വാക്ക് വാഗ്വാദത്തിന്റ വീഡിയോ വീണ്ടും പ്രേക്ഷകർ ആഘോഷിക്കുകയും ചെയ്യുന്നുണ്ട്.

ബിഗ് ബോസ് ഹൗസിൽ വെച്ച് പേളി ഫേക്കാണെന്ന് വിളിച്ച് പറഞ്ഞ് മുഖം മുടി വലിച്ച് കീറാൻ ശ്രമിച്ച ഒരേയൊരാൾ രഞ്ജിനിയായിരുന്നു. പേളിയോട് ഇന്ന് പറയാൻ ജനങ്ങൾ ആഗ്രഹിക്കുന്നത് രഞ്ജിനി ഹരിദാസ് അന്നേ പറഞ്ഞിട്ടുണ്ട് എന്നാണ് പേളിയെ എതിർക്കുന്നവർ കുറിച്ചത്. അന്നും ഇന്നും രഞ്ജിനി ഹരിദാസിനെ മാത്രമെ വിശ്വസിക്കുന്നുള്ളു പിന്തുണയ്ക്കുന്നുള്ളുവെന്ന് കുറിച്ചവരുമുണ്ട്.
സാധാരണക്കാരായ ജനങ്ങളെ ഗ്യാസ് ലൈറ്റ് ചെയ്യുന്നതിനേക്കാൾ പേളിക്ക് മൗനമായി തന്നെ ഇരിക്കാമായിരുന്നു എന്നും കുറിച്ചവരുണ്ട്. എന്തുകൊണ്ട് പ്രതികരിച്ചില്ല..? സെയ്ഫ് ഗെയിം കളിക്കുവാണോയെന്ന് ചോദിച്ചതേയുള്ളു അപ്പോഴേക്കും പേളി തങ്ങളെ ബ്ലോക്ക് ചെയ്തുവെന്ന് കുറിച്ചവരുമുണ്ട്. കൃഷ്ണകുമാറിന്റെ കുടുംബവും പേളി മാണിയുമെല്ലാം ഒരേ വള്ളത്തിലെ യാത്രക്കാരാണെന്നും ചിലർ കുറിച്ചു.
അതേസമയം ബിഗ് ബോസിനുശേഷം പേളിയും രഞ്ജിനി ഹരിദാസും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളൽ വീണു. പിന്നീട് എവിടേയും ഇരുവരേയും ഒരുമിച്ച് കണ്ടിട്ടില്ല. വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി രഞ്ജിനി ഹരിദാസിനൊപ്പം ജാൻമോനി ദാസും ഡൽഹിയിൽ പോയിരുന്നു. മാത്രമല്ല പോലീസും ഭരണകൂടവും വിദ്യാർത്ഥികൾക്ക് നേരെ നടത്തുന്ന ക്രൂരതകളെ കുറിച്ച് വിളിച്ച് പറയുകയും ചെയ്തിരുന്നു.


Click it and Unblock the Notifications


