ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് ശ്രദ്ധ ശ്രീനാഥ്.ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നും നിയമത്തിൽ ബിരുദം നേടിയതിനു ശേഷം ആദ്യം ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയുടെ അഭിഭാഷകയായും തുടർന്ന് ഒരു ഫ്രഞ്ച് റീടെയിൽ കമ്പനിയുടെ റിയൽ എസ്റ്റേറ്റ് ലീഗൽ അഡ്വൈസർ ആയും പ്രവർത്തിക്കുകയുണ്ടായി.കോർപ്പറേറ്റ് ജോലിയോടൊപ്പം തന്നെ ഇടയ്ക്കിടെ ചെറിയ പരസ്യചിത്രങ്ങളിലുംഅഭിനയിക്കുകയുണ്ടായി.
2015 ജനുവരിയിൽ ഒരു കന്നട ചലച്ചിത്രത്തിന്റെ നായികയെ തിരഞ്ഞെടുക്കാൻ വേണ്ടി നടത്തിയ ഓഡിഷനിൽ പങ്കെടുക്കുകയും യാദൃച്ഛികമായി ആ ചിത്രത്തിന്റെ നായികയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.എന്നാൽ പല കാരണങ്ങളാൽ ആ ചിത്രം പിന്നീട് പുറത്തിറങ്ങുകയുണ്ടായില്ല.ഇതിനെത്തുടർന്ന് ശ്രദ്ധയുടെ ചില പരസ്യ ചിത്രങ്ങൾ കണ്ടതിനു ശേഷം മലയാള ചലച്ചിത്ര സംവിധായകൻ വിനയ് ഗോവിന്ദ്, തന്റെ പുതിയ ചിത്രമായ കൊഹിനൂറിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്ഷണിക്കുകയുണ്ടായി.തുടർന്ന് 2015 സെപ്റ്റംബറിൽ പുറത്തിറങ്ങിയ കൊഹിനൂർ ആയിരുന്നു ശ്രദ്ധ ശ്രീനാഥിന്റെ പുറത്തിറങ്ങിയ ആദ്യത്തെ ചലച്ചിത്രം.
2016 മേയ് മാസത്തിൽ പവൻ കുമാർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ യു ടേൺ ആയിരുന്നു ശ്രദ്ധ അഭിനയിച്ച ആദ്യത്തെ കന്നട ചലച്ചിത്രം.ഈ ചലച്ചിത്രം പിന്നീട് ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്രോത്സവത്തിലടക്കം പ്രദർശിപ്പിക്കപ്പെടുകയും ലോകവ്യാപകമായി അനുകൂലമായ അഭിപ്രായങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
ബി.എസ്. പ്രദീപ് കുമാർ സംവിധാനം ചെയ്ത ഉർവി, സിംപിൾ സുനി സംവിധാനം ചെയ്ത ഓപ്പറേഷൻ അലമേലമ്മ എന്നിവയായിരുന്ന ശ്രദ്ധ ശ്രീനാഥ് അഭിനയിച്ച് 2017–ൽ പുറത്തിറങ്ങിയ കന്നട ചലച്ചിത്രങ്ങൾ.മണിരത്നം സംവിധാനം ചെയ്ത കാറ്റു വെളിയിടൈ എന്ന തമിഴ് ചലച്ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചുകൊണ്ടാണ് തമിഴ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്.തുടർന്ന് ആർ. കണ്ണൻ സംവിധാനം ചെയ്ത ഇവൻ തന്തിരൻ എന്ന ചലച്ചിത്രത്തിൽ ഗൗതം കാർത്തിക്ക്, ആർ.ജെ. ബാലാജി എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.
ഇതിനു ശേഷം പുഷ്കർ - ഗായത്രി സംവിധാനം ചെയ്ത വിക്രം വേദാ എന്ന ചലച്ചിത്രത്തിൽ ആർ. മാധവൻ, വിജയ് സേതുപതി എന്നിവരോടൊപ്പവും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നു.വിക്രം വേദായിലെ ശ്രദ്ധയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.ഇതിനെത്തുടർന്ന് ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത റിച്ചീ എന്ന ചലച്ചിത്രത്തിൽ മലയാള ചലച്ചിത്രനടൻ നിവിൻ പോളിയുടെ നായികയായും അഭിനയിച്ചു.