For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂത്രധാരന്റെ സൂത്രങ്ങള്‍

  By Staff
  |

  സൂത്രധാരന്റെ സൂത്രങ്ങള്‍

  വൈവിധ്യമാണ് ലോഹിതദാസിന്റെ കഥകളുടെ സവിശേഷത. വ്യത്യസ്തങ്ങളായ ജീവിത പശ്ചാത്തലങ്ങള്‍ തന്റെ സിനിമകളില്‍ വിഷയമാക്കാന്‍ ലോഹിതദാസ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ജോക്കറിന് ശേഷം ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൂത്രധാരനിലും വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്.

  അച്ചാര്‍ വില്പനക്കാരനാണ് രമേശന്‍. താന്‍ തന്നെയുണ്ടാക്കുന്ന അച്ചാറുകള്‍ സംഗീതം അച്ചാറുകള്‍ എന്ന ബ്രാന്റില്‍ അവന്‍ വിറ്റുനടക്കുന്നു. കൈപുണ്യമുള്ളവനാണ് രമേശന്‍. അതുകൊണ്ടുതന്നെ അവനുണ്ടാക്കി വില്‍ക്കുന്ന അച്ചാറും ഏറെ സ്വാദിഷ്ടമായിരുന്നു. വേറെയും ചില സൂത്രങ്ങള്‍ അവന്റെ കൈയിലുണ്ട്. അല്പസ്വല്പം ചികിത്സാവിദ്യകളൊക്കെ അവന്‍ വേണ്ട അവസരത്തില്‍ പയറ്റും. ഒരു ഹോമിയോപതി ആശുപത്രിയില്‍ നിന്ന് പഠിച്ചതാണ് അതൊക്കെ.

  പക്ഷേ ഈ സൂത്രങ്ങളൊന്നും രമേശന്റെ കുടുംബത്തിന്റെ ദാരിദ്യ്രം മാറ്റാന്‍ ഉപകരിച്ചില്ല.അമ്മൂമ്മയും അച്ഛനും രണ്ട് സഹോദരിമാരുമുള്ള വീട്ടിലെ സാമ്പത്തികസ്ഥിതി തീരെ മോശമാണ്. അച്ചാറുകള്‍ വിറ്റുവേണം ആ വീട് പുലരാന്‍. ജീവിക്കാനുള്ള സാഹസങ്ങള്‍ക്കിടയിലാണ് രമേശന്റെ ജീവിതത്തില്‍ നാട്ടിലെ ഗുണ്ടയായ സദാനന്ദന്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്.

  രമേശന്റെ സഹോദരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച സദാനന്ദനോട് രമേശന്‍ ചോദിക്കാന്‍ ചെന്നു. അത് ഒടുവില്‍ അടിപിടിയിലാണെത്തിയത്. രമേശന്‍ സദാനന്ദനെ നന്നായിട്ടൊന്നു പെരുമാറി. സദാനന്ദന്‍ പക വീട്ടുമെന്നു പലരും ഉപദേശിച്ചു. അതോടെ നാടുവിടാന്‍ രമേശന്‍ തീരുമാനിച്ചു.

  നാടുവിട്ട രമേശനെത്തിയത് കര്‍ണാടകത്തിലെ പാണ്ഡവപുരം ഗ്രാമത്തിലാണ്. ഒട്ടേറെ മലയാളികള്‍ അവിടെ താമസിക്കുന്നുണ്ട്. തന്റെ പഴയൊരു സുഹൃത്തായ ലീലാകൃഷ്ണനെ കണ്ടുപിടിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം.

  റാണിമ എന്ന സ്ത്രീയുടെ സങ്കേതത്തിലാണ് രമേശനെത്തിപ്പെട്ടത്. റാണിമ ഒരു വേശ്യയാണ്. അവിടെ വെച്ച് ശിവാനി എന്ന നിഷ്കളങ്കയായ പെണ്‍കുട്ടിയെ രമേശന്‍ പരിചയപ്പെട്ടു.

  നേരത്തെ ഒരു ഹോമിയോപതി ആശുപത്രിയില്‍ നിന്ന് അല്പസ്വല്പം ചികിത്സാവിധികളൊക്ക പഠിച്ചിരുന്ന രമേശനെ ആ വിദ്യകള്‍ അവിടെ കഴിഞ്ഞുകൂടാന്‍ സഹായിച്ചു. അതിനിടയില്‍ ലീലാകൃഷ്ണനെ അവന്‍ കണ്ടുപിടിച്ചു. ആളുകളില്‍ നിന്ന് കാശ് പിടുങ്ങാനായി ഹിജഡയുടെ വേഷം കെട്ടി നടക്കുകയാണ് ലീലാകൃഷ്ണന്‍ അവിടെ.

  ഒരു ദിവസം സദാനന്ദന്‍ ആ ഗ്രാമത്തിലെത്തി. രമേശന്റെ മനസമാധാനം അതോടെ പോയി. ഇതിനിടയിലാണ് ശിവാനിയെ തന്റെ ജോലിയിലേക്ക് കൊണ്ടുവരാനുള്ള റാണിമയുടെ ശ്രമം. ശിവാനിയെ രക്ഷിക്കണമെന്ന് രമേശന്‍ തീരുമാനിച്ചു. അതിനായി അവന്‍ നടത്തുന്ന ശ്രമങ്ങളാണ് സൂത്രധാരനെ തുടര്‍ന്നുമുന്നോട്ടുകൊണ്ടുപോവുന്നത്.

  ദിലീപാണ് രമേശനാവുന്നത്. സദാനന്ദനെ കലാഭവന്‍ മണിയും ശിവാനിയെ പുതുമുഖം മീരാജാസ്മിനും ലീലാകൃഷ്ണനെ സലിം കുമാറും അവതരിപ്പിക്കുന്നു. കൊച്ചിന്‍ ഹനീഫ, ചിത്ര, ബിന്ദു പണിക്കര്‍, അടൂര്‍ പങ്കജം, രാജന്‍, മോഹനകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

  എസ്. രമേശന്‍നായരുടെ വരികള്‍ക്ക് രവീന്ദ്രന്‍ ഈണം പകരുന്നു. യേശുദാസ്, എസ്. പി. ബാലസുബ്രഹ്മണ്യം, ചിത്ര, എം. ജി. ശ്രീകുമാര്‍ എന്നിവര്‍ ഗാനങ്ങളാലപിക്കുന്നു. ഛായാഗ്രഹണം അഴകപ്പന്‍.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X