Celebs»Antony Eastman»Biography

    ആന്റണി ഈസ്റ്റ്മാന്‍ ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് ആന്റണി ഈസ്റ്റ്മാന്‍. തൃശ്ശർ ജില്ലയിലെ കുന്നംകുളം ചൊവ്വന്നൂരിൽ മുരിങ്ങാത്തേരി കുരിയാക്കോസിന്റെയും മാർത്തയുടെയും മകനായി 1946 ആഗസ്ത്‌ 26 നു ജനിച്ചു. ചൊവ്വന്നൂർ സെന്റ്. തോമാസ് സ്‌കൂളിലും കുന്നംകുളം ഗവ. ഹൈസ്‌കൂളിലും പഠനം. അറുപതുകളുടെ മധ്യത്തോടെ ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ചു. പിന്നീട് എറണാകുളത്തേക്കു മാറുകയും ഈസ്റ്റ്മാൻ എന്ന പേരിൽ ഒരു സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. അങ്ങനെ ആന്റണി ഈസ്റ്റ്മാൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. ആദ്യം പത്രങ്ങൾക്കു വേണ്ടി ഫോട്ടോയെടുക്കാൻ തുടങ്ങിയതിനു ശേഷം പല വാരികകൾക്കും വേണ്ടി സിനിമാക്കാരുടെ ചിത്രങ്ങൾ എടുത്തു തുടങ്ങി. പിന്നീട് എറണാകുളത്തു കാർട്ടൂണിസ്റ് തോമാസിന്റെ ഡിസൈനേഴ്സ് എന്ന പരസ്യസ്ഥാപനത്തിനുവേണ്ടി മോഡൽ ഫോട്ടോഗ്രാഫി ചെയ്യാൻ ആരംഭിച്ചു. അതുവരെയുണ്ടായിരുന്ന നിശ്ചല ഛായാഗ്രഹണ സങ്കൽപ്പങ്ങൾക്ക് പുതിയൊരു മാനം നൽകി.

    സിനിമാലോകത്ത് പ്രശസ്തരായിത്തീർന്ന സിൽക്ക് സ്മിത, സംഗീതസംവിധായകൻ ജോൺസൺ തുടങ്ങി ഒട്ടേറെപ്പേർ അരങ്ങേറ്റം കുറിച്ച ഇണയെത്തേടി  ആയിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. തുടർന്ന് വർണ്ണത്തേര്, മൃദുല, ഐസ്‌ക്രീം, അമ്പട ഞാനേ, വയൽ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. രചന, ഈ ലോകം ഇവിടെ കുറെ മനുഷ്യർ, ഇവിടെ ഈ തീരത്ത്, ഐസ്‌ക്രീം, മൃദുല, മാണിക്യൻ, തസ്‌ക്കരവീരൻ, ക്ലൈമാക്‌സ് എന്നീ ചിത്രങ്ങൾക്ക് കഥയും മൃദുല എന്ന ചിത്രത്തിൻറെ തിരക്കഥയുമെഴുതി. പാർവ്വതീപരിണയം എന്ന ചിത്രത്തിൻറെ നിർമ്മാതാവാണ്. അക്ഷരം എന്ന ചിത്രത്തിൻറെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി. ഗീതം, രാരീരം, തമ്മിൽ തമ്മിൽ, രചന, രക്തമില്ലാത്ത മനുഷ്യൻ, സീമന്തിനി, അവൾ വിശ്വസ്തയായിരുന്നു, ഈ മനോഹര തീരം, വീട് ഒരു സ്വർഗ്ഗം, മണിമുഴക്കം എന്നീ ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രഹണം നിർവഹിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 2021 ജൂലായി 3ന് അന്തരിച്ചു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X