Celebs»Dileesh Pothen»Biography

    ദിലീഷ് പോത്തന്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനും അഭിനേതാവുമാണ് ദിലീഷ് പോത്തന്‍. 1981ല്‍  കുറുപ്പുന്തുറയില്‍ കൊല്ലാപറമ്പില്‍ ഫിലിപ്പിന്റെയും ചിന്നമ്മയുടെയും മകനായി ജനിച്ചു. കോതനല്ലൂര്‍ ഇമ്മാനുവേല്‍  സ്‌ക്കൂള്‍, കെ ഇ കോളേജ്, സെന്റ് ഫിലോമോനസ് കോളേജ്, മൈസൂര്‍ എന്നിവിടങ്ങളില്‍  പഠിച്ചതിനുശേഷം  കാലടി ശ്രീ ശങ്കര യൂണിവേഴ്‌സിറ്റി കോളേജില്‍ ചേര്‍ന്നു. അവിടെനിന്നും തിയറ്റര്‍ ആര്‍ട്‌സില്‍ എം എയും മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്നും എംഫില്ലും  കരസ്ഥമാക്കി. 

    ബെംഗളുരുവില്‍  ജോലി ചെയ്തിരുന്ന സമയത്ത് ഷോര്‍ട്ട്ഫിലിമുകള്‍ ചെയ്തിരുന്നു. പിന്നീട് സിനിമയെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനുംവേണ്ടി ജോലിയില്‍നിന്ന് ലീവെടുത്ത് നാട്ടിലെത്തി. ആ സമയത്ത് ചില ടെലിവിഷന്‍ പ്രോഗ്രാമുകളില്‍പ്രവര്‍ത്തിച്ചു.  കെ കെ റോഡ് എന്ന ചിത്രത്തിലാണ് ആദ്യമായി സഹസംവിധായകനാവുന്നത്. അതിനുശേഷം സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തു. സുഹൃത്തുക്കളായ ശ്യം പുഷ്‌ക്കരന്റെയും ദിലീഷ് നായരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്.

    പിന്നീട് 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം മുതല്‍ സംവിധായകന്‍ ആഷിക് അബുവിന്റെ ചിത്രങ്ങളില്‍  സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ഈ ചിത്രങ്ങളിലൊക്കെയും ചെറിയ വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.  2016ല്‍  ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷിന്റെ പ്രതികാരം എന്ന ചിത്രം  സംവിധാനം ചെയ്ത് സ്വതന്ത്രസംവിധായകനായി. മഹേഷ് ഭാവന എന്ന നാട്ടിന്‍പറത്തുകാരനായ ഫോട്ടോഗ്രാഫറുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ ദിലീഷ് പോത്തന്‍ അവതരിപ്പിച്ചത്. 2016 ഫെബ്രുവരി 5ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. 2016ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം ചിത്രത്തിനു ലഭിച്ചു. 

    മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനുശേഷം 2017ല്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം സംവിധാനം ചെയ്തു. സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസില്‍, നിമിഷ സജയന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 34 ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്നതാണ് കഥ. സാധാരണക്കാരനായ ഒരാളുടെ  പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുടെയും രസകരമായ ആവിഷ്‌കാരമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. പ്രണയത്തിനൊടുവില്‍ ഈഴവനായ നായകന്‍ നായരായ നായികയെ കല്യാണം കഴിക്കുന്നു. തുടര്‍ന്ന് ജാതിപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഒടുവില്‍ അവളെയുംകൊണ്ട് അയാള്‍ കാസറഗോഡേക്ക് നാടുവിട്ട് പോവാന്‍ തീരുമാനിക്കുന്നു. അവിടെ പുകയിലകൃഷി ചെയ്ത് ജീവിക്കാനായി കാമുകിയുടെ താലിമാല പണയം വെക്കാനായി കെ എസ് ആര്‍ ടി സി ബസില്‍ പോകുന്നതിനിടെ ബസില്‍ വച്ച് ആ താലിമാല കള്ളന്‍ മോഷ്ടിക്കുന്നു. കുറച്ചുകഴിഞ്ഞ് ആ കള്ളനെ പിടികൂടുന്നു. പിന്നീട് കള്ളനെയുകൊണ്ട് ബസ് ഷേണി എന്ന സ്ഥലത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് പോവുന്നു. തുടര്‍ന്ന് അവിടെ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.  ഈ ചിത്രവും മികച്ച വിജയമാണ് നേടിയത്.

    അവാര്‍ഡുകള്‍

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022 - മികച്ച സംവിധായകൻ (ജോജി)
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X