Celebs»O N V Kurup»Biography

    ഒ എൻ വി കുറുപ്പ്‌ ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത കവിയായിരുന്നു ഒ.എൻ.വി കുറുപ്പ് ഒ.എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു.ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം.കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. 

    ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയമകനായിരുന്നു ഒ.എൻ.വി. അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്.അപ്പു ഓമനപ്പേരും.സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത്.അങ്ങനെ പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രിയങ്കരനായ ഒ.എൻ.വി.യുമായി.പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം.

    1948-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു.1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.ഇടതു പക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായിരുന്നു.

    1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി.1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു.1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരായിരുന്നു.

    കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്ളോവ്യ, സോവിയറ്റ് യൂണിയൻ, അമേരിക്ക, ജർമ്മനി, സിംഗപ്പൂർ ‍, മാസിഡോണിയ, ഗൾഫ് രാജ്യങ്ങൾ എന്നീ വിദേശ രാജ്യങ്ങളിൽ ഒ.എൻ.വി. സന്ദർശനം നടത്തിയിട്ടുണ്ട് .1989-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇ‌ടതു സ്വതന്ത്രനായി തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

    മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽ നിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി. സ്വയം ചൊല്ലി അവതരിപ്പിച്ച കവിതകൾ ആസ്വാദകർ ഇരുകയ്യുംനീട്ടി സ്വീകരിച്ചു.

    സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു.പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്.നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ച്‌ അന്തരിച്ചു. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X