ആദാമിന്റെ മകൻ അബു കഥ
സലിം അഹമ്മദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആദാമിന്റെ മകൻ അബു. സലിം കുമാർ, സറീനാ വഹാബ് എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, കലാഭവൻ മണി തുടങ്ങിയവർ മറ്റ് വേഷങ്ങൾ ചെയ്തിരിക്കുന്നു. മികച്ച ചിത്രത്തിനുള്ള 2010-ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ മലയാള ചിത്രമാണ് ആദാമിന്റെ മകൻ അബു.
ഈ ചിത്രത്തിലെ അഭിനയത്തിലൂടെ 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം സലീം കുമാറിന് ലഭിച്ചു, കൂടാതെ മധു അമ്പാട്ടിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരവും, ഐസക്ക് തോമസ് കൊട്ടുകപ്പള്ളിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. 2011 ജൂൺ 24-നു് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. 2011 ഒക്ടോബർ 12 മുതൽ 27 വരെ ലങ്കാഷയറിൽ നടന്ന ലണ്ടൻ ചലച്ചിത്രമേളയിൽ ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. 2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിലും മത്സരവിഭാഗത്തിലും ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഈ ചിത്രത്തിനു ഗോവ ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പരാമർശവും പുരസ്കാരവും സംവിധായകനായ സലിം അഹമ്മദിനു് ജൂറിയുടെ പരാമർശവും ലഭിച്ചു.
2011-ലെ ഓസ്കാർ പുരസ്കാരത്തിന്റെ മികച്ച വിദേശചിത്രങ്ങളുടെ മത്സരത്തിലേക്ക് ഭാരത സർക്കാറിന്റെ ഔദ്യോഗിക ചലച്ചിത്ര എൻട്രിയായി ഈ ചിത്രത്തെ സർക്കാർ നാമനിർദേശം ചെയ്തു. അബു എന്ന വൃദ്ധനായ അത്തറ് കച്ചവടക്കാരന്, തന്റെ സാമ്പത്തിക പരാധീനതകൾക്കിടയിലും മെക്കയിൽ ഹജ്ജു കർമം നിർവഹിക്കാനുണ്ടാകുന്ന മോഹവും, അതിനെ തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. താൻ ട്രാവൽസിൽ ജോലിചെയ്തിരുന്ന കാലത്തുണ്ടായ പല അനുഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥക്കാധാരം എന്നു സലീം അഹമദ് പറയുന്നു. ചിത്രത്തിലെ പല കഥാപാത്രങ്ങളും ഇന്ന് ജീവിച്ചിരിപ്പുള്ളവരുമാണ്.
** Note : Hello! Would you like to share the storyline of the movie ആദാമിന്റെ മകൻ അബു or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications