ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആമേൻ. ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, ഇന്ദ്രജിത്ത് ,സ്വാതി റെഡ്ഡി, രചന നാരായണൻകുട്ടി എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. കുമരംകരി എന്ന കുട്ടനാടൻ ഗ്രാമത്തെയും അവിടുത്തെ പുരാതന സിറിയൻ പള്ളിയെയും അടിസ്ഥാനമാക്കിയെടുത്ത ചിത്രമാണ് ആമേൻ. പള്ളിയിലെ കൊച്ചു കപ്യാരായ സോളമൻ നാട്ടിലെ പ്രമാണിയായ കോൺട്രാക്ടർ ഫിലിപ്പോസിന്റെ മകളായ ശോശന്നയുമായി പ്രണയത്തിലാണ്. സോളമന്റെ അച്ഛൻ എസ്തപ്പാൻ ആ നാട്ടിലെ ബാൻഡ് മാസ്റ്ററായിരുന്നു. ബോട്ടപകടത്തിൽ അച്ഛനെയും സഹോദരിമാരെയും നഷ്ടപ്പെട്ടയാളാണ് സോളമൻ. സോളമൻ ഒരു പരാജയപ്പെട്ട ബാൻഡ് അംഗമാണ്. കുമരംകരിയിൽ പുതുതായി എത്തുന്ന കൊച്ചച്ചനാണ് ഫാ വിൻസെന്റ് വട്ടോളി. വട്ടോളിയച്ചൻ സോളമന്റെ പ്രണയത്തിന് എല്ലാ വിധ പിന്തുണയും നൽകുന്നു. ശോശന്നയുടെ കല്യാണം കുടുംബക്കാർ ഉറപ്പിക്കുമ്പോൾ സോളമനും ശോശന്നയും വട്ടോളിയച്ചന്റെ സഹായത്തോടെ ഒളിച്ചോടാൻ ശ്രമിക്കുന്നു. തുടർന്ന് ശ്രമം പരാജയപ്പെടുകയും തുടർന്ന് വരുന്ന ബാൻഡ് മത്സരത്തിൽ കുമരംകരിക്കാരുടെ ഗീവർഗ്ഗീസ് ബാൻഡ് സംഘം വിജയിക്കുകയാണെങ്കിൽ സോളമന് ശോശന്നയെ കെട്ടിച്ചുതരുമെന്ന് ഉറപ്പ് നൽകുന്നു. ഇതിനിടയിൽ പള്ളിയിലെ പ്രധാന അച്ചനായ ഫാ അബ്രഹാം ഒറ്റപ്ലാക്കൻ പള്ളി പൊളിച്ച് പുതിയത് പണിയാൻ തീരുമാനിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങൾ കഥയെ ശുഭാന്ത്യത്തിലെത്തിക്കുന്നു. ഒടുവിൽ നാട്ടുകാർ ഫാ വിൻസെന്റ് വട്ടോളിയുടെ യഥാർത്ഥ വ്യക്തിത്വം തിരിച്ചറിയുന്നു.
** Note :
കുറിപ്പ്: ആമേൻ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.