ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ന്യൂ ഡെൽഹി. മമ്മൂട്ടി ജി കെ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സുമലത, ഉർവ്വശി, സുരേഷ് ഗോപി, ത്യാഗരാജൻ, സിദ്ദിഖ്, വിജയരാഘവൻ, മോഹൻ ജോസ്, ദേവൻ, ജഗന്നാഥ വർമ്മ തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസാണ് ചിത്രം നിർമ്മിച്ചത്. അഴിമതിക്കാരായ രണ്ടു രാഷ്ട്രീയക്കാരുടെ ദുഷ്കൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്നതിനെത്തുടർന്ന് തടവിലാക്കപ്പെടുന്ന ഡെൽഹിയിലെ ഒരു പത്രപ്രവർത്തകന്റെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഇർവിങ് വാല്ലസിന്റെ ദ ഓൾമൈറ്റി എന്ന നോവലുമായി ചിത്രത്തിന്റെ കഥയ്ക്കു സാമ്യമുണ്ട്. മലയാളസിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ന്യൂ ഡെൽഹി. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു ഈ ചിത്രം. ഷിബു ചക്രവർത്തി ഗാനരചനയും, ശ്യാം സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.
** Note :
കുറിപ്പ്: ന്യൂ ഡെൽഹി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.