Celebs»Lal»Biography

    ലാൽ ജീവചരിത്രം

    ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടനും, തിരക്കഥാകൃത്തും, സംവിധായകനും, നിർമ്മാതാവും, വിതരണക്കാരനുമാണ് ലാൽ. എറണാകുളമാണ് സ്വദേശം. കലാപാരമ്പര്യമുള്ള കുടുംബത്തിൽനിന്നാണ് ലാലിന്റെ വരവ്. പിതാവ്‌ പോൾ കൊച്ചിൻ കലാഭവനിലെ തബല അദ്ധ്യാപകനായിരുന്നു. പിതാവിനൊപ്പം കലാഭവനിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്ന ലാൽ പിൽക്കാലത്ത്‌ തബല പഠിക്കുന്നതിനായി അവിടെ ചേർന്നു. പിന്നീട് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിൽ ശ്രദ്ധ ചെലുത്തി. 

    മിമിക്രിയിലെ സഹപ്രവർത്തകനായ സിദ്ദിഖുമൊത്ത് ചലച്ചിത്രസംവിധാനരംഗത്തെത്തിയ ഈ കൂട്ടുകെട്ടിന്റെ എല്ലാ ചിത്രങ്ങളും വൻ‌വിജയങ്ങളായിരുന്നു. തുടർന്ന് നിർമ്മാണരംഗത്തും, അഭിനയരംഗത്തും ശ്രദ്ധപതിപ്പിച്ച് ലാൽ പടിപടിയായി വളർന്ന് ഇന്ന് മലയാള ചലച്ചിത്രരംഗത്തെ മുൻനിര വ്യവസായികളിൽ ഒരാളാണ്. മലയാളത്തിൽ ഏറ്റവുമധികം ചലച്ചിത്ര സംഘടനകളിൽ അംഗത്വമുള്ള അപൂർവം ചില വ്യക്ത്തികളിൽ ഒരാൾ കൂടിയാണ് ലാൽ. 

    കലാഭവൻ കേരളത്തിനു പരിചയപ്പെടുത്തിയ മിമിക്സ്‌ പരേഡ്‌ എന്ന ചിരിവിരുന്നിന്റെ ആദ്യ പതിപ്പിൽ അണിനിരന്ന കലാകാരൻമാരിൽ ലാലും ഉണ്ടായിരുന്നു. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ റാംജി റാവ് സ്പീക്കിംഗ് ക്ലിക്കായി. തുടർന്ന് ഇൻ ഹരിഹർനഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബുളിവാല തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളും ഈ കുട്ടുകെട്ടിൽ പിറന്നു.സംവിധായക ജോഡി എന്ന ലേബലിൽനിന്ന് ഇരുവരും വഴിപിരിഞ്ഞതോടെ ലാൽ അഭിനയത്തിൽ ശ്രദ്ധപതിപ്പിച്ചു. 

    രഞ്ജിത്തിന്റെ ബ്ലാക്കിലെ വില്ലൻ വേഷവും ഷാഫിയുടെ തൊമ്മനും മക്കളും എന്ന ചിത്രത്തിലെ കഥാപാത്രവും ലാലിന്റെ താരമൂല്യം ഗണ്യമായി ഉയർത്തി. ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത ബംഗ്ലാവിൽ ഔത എന്ന ചിത്രത്തിൽ ഡബിൾ റോളിൽ അഭിനയിച്ച ലാലിന്റെ വൃദ്ധ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1996-ൽ സിദ്ദിഖ്‌ സംവിധാനംചെയ്ത ഹിറ്റ്ലർ എന്ന ചിത്രത്തിലൂടെയാണ്‌ ലാൽ ക്രിയേഷൻസ് എന്ന സിനിമാനിർമ്മാണകമ്പനിയുടെ തുടക്കം.

    പിന്നീട് ഫ്രണ്ട്സ്, തെങ്കാശിപ്പട്ടണം, കല്യാണരാമൻ, ചതിക്കാത്ത ചന്തു, ബ്ലാക്ക്, തൊമ്മനും മക്കളും, ചാന്തുപൊട്ട്, പോത്തൻ വാവ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചുകൊണ്ട് മലയാളത്തിലെ ഒന്നാം നിര നിർമ്മാണ സ്ഥാപനമായി വളർന്നു. ലാൽ നായകനായ ഓർമച്ചെപ്പ്‌ വിതരണം ചെയ്തുകൊണ്ട്‌ തുടക്കമിട്ട ലാൽ റിലീസും ഇന്ന് ഏറെ സജീവമാണ്‌. ചതിക്കാത്ത ചന്തുവിലൂടെ ഇളയസഹോദരൻ അലക്സ് പോളിനെയും ലാൽ സിനിമാ രംഗത്തു കൊണ്ടുവന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X