Celebs»Mohan Raghavan»Biography

    മോഹന്‍ രാഘവന്‍ ജീവചരിത്രം

    പ്രശസ്ത നാടക-ചലച്ചിത്ര പ്രവര്‍ത്തകനാണ് മോഹന്‍ രാഘവന്‍.തൃശ്ശൂർ ജില്ലയിലെ മാളക്കടുത്ത് അന്നമനട കല്ലൂർ വടക്കേടത്ത് പരേതനായ രാഘവന്റെയും അമ്മിണിയുടെയും മകനായി ജനിച്ചു. പാലിശേരി എസ്‌.എൻ.ഡി.പി. സ്‌കൂളിൽനിന്നു പത്താം ക്ലാസ് പാസായ മോഹൻ രാഘവൻ കൊടുങ്ങല്ലൂർ കെ.കെ.ടി.എം. കോളജിലാണു പ്രീഡിഗ്രി പൂർത്തിയാക്കിയത്‌. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടകത്തിൽ ബിരുദവും മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ദൃശ്യകലയിൽ ബിരുദാനന്തരബിരുദവും നേടുകയുണ്ടായി. എന്നാൽ കാവാലം നാരായണപ്പണിക്കർ, ബി.വി. കാരന്ത് തുടങ്ങിയ മികച്ച നാടകപ്രവർത്തകരുടെ കൂടെയുള്ള തീയറ്റർ അനുഭവങ്ങളാണ്‌ മോഹന്റെ ദൃശ്യകലാരംഗത്തെ പ്രവർത്തനങ്ങൾക്ക്‌ അടിത്തറയായത്‌. ആന്റിഗണി,മാക്ബത്ത് എന്ന് തുടങ്ങിയ ലോകക്ലാസിക്കൽ നാടകങ്ങൾ സംവിധാനം ചെയ്യുവാൻ മോഹൻ രാഘവന് പ്രേരണയായതും ഇത്തരം അനുഭവങ്ങളാണ്.

    പിന്നീട് മിനിസ്ക്രീൻ രംഗത്തേക്ക് മോഹൻ ശ്രദ്ധ പതിപ്പിച്ചു. കേരളത്തിലെ ഉൾനാടൻ ഗ്രാമീണപശ്ചാത്തലം പലപ്പോഴും തന്റെ കഥകളിൽ ചിത്രീകരിച്ച അദ്ദേഹത്തിന് തുടക്കത്തിൽ തന്നെ ടെലിവിഷൻ മേഖലയിലെ മികച്ച തിരക്കഥാകൃത്ത് എന്ന നിലയിൽ പേരെടുക്കാനായി. മോഹൻ രചിച്ച പല ടി.വി. പരിപാടികളുടെ തിരക്കഥകൾക്കും പ്രധാന പുരസ്‌കാരങ്ങൾ ലഭിച്ചു. ദേശീയ ശ്രദ്ധ നേടിയ ഡയറി ഓഫ് എ ഹൗസ് വൈഫ് എന്ന ഹ്രസ്വചിത്രത്തിന്റെ തിരക്കഥ മോഹന്റേതായിരുന്നു. കൺമഷി എന്ന മലയാള സിനിമയ്ക്കും തിരക്കഥയൊരുക്കി.

    2010-ൽ പുറത്തിറങ്ങിയ ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B എന്ന ചിത്രത്തിലൂടെയാണ് മോഹൻ രാഘവൻ ചലച്ചിത്രസംവിധായകന്റെ കുപ്പായമണിയുന്നത്.ഏറെ കാത്തിരിപ്പിനൊടുവിലാണ് ഈ ചിത്രം സാക്ഷാത്കരിക്കാൻ അദ്ദേഹത്തിനായത്. തിരക്കഥയുമായി പലനാളുകളിലുള്ള അലച്ചിലിനൊടുവിൽ ഒരു നിർമാതാവ് താത്പര്യം പ്രകടിപ്പിച്ചുവെങ്കിലും സംവിധായകൻ എന്ന നിലയിൽ മോഹൻ രാഘവനെ പരീക്ഷിക്കാൻ അദ്ദേഹത്തിനു ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. ഇതേ പ്രമേയം ഒരു ഹ്രസ്വചിത്രമായി എടുക്കാമെന്നുള്ള നിർമാതാവിന്റെ നിർദ്ദേശിച്ചതനുസരിച്ച് ലെറ്റർ ഫ്രം ദ ഹാർട്ട് എന്ന ചിത്രമെടുത്തു.ചിത്രം ഒരു സ്വകാര്യ ചാനലിനു നൽകാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും മോഹൻ രാഘവൻ എന്ന സംവിധായകന്റെ കഴിവുകൾ തിരിച്ചറിഞ്ഞ നിർമാതാവ് ഒടുവിൽ അത് ഒരു ചലച്ചിത്രമായി തന്നെ പുറത്തുവരണമെന്ന് തീരുമാനിക്കുകയായിരുന്നു.

    ചലച്ചിത്രോൽസവങ്ങളിൽ മികച്ച സ്വീകാര്യത ലഭിച്ച ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B, നിരൂപക പ്രശംസയും ഒപ്പം നിരവധി പുരസ്കാരങ്ങളും നേടിയെടുത്തു.എന്നാൽ ബോക്‌സോഫീസിൽ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് മോഹനെ നിരാശപ്പെടുത്തിയിരുന്നു.അടുത്ത ചിത്രത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നുവെങ്കിലും ഹൃദയാഘാതം മൂലം 2011 ഒക്ടോബർ 25-ന് അദ്ദേഹം അന്തരിച്ചു.
     
    അവാര്‍ഡുകള്‍

    മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം - 2010 - ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B

     
    ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ ജോൺ എബ്രഹാം അവാർഡ് - ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B

     
    ഫിലിം ക്രിട്ടിക്സ് അവാർഡ് - ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B

     
    അമൃത ഫെഫ്ക അവാർഡ് - ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B

     
    ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥക്കുള്ള അവാർഡ് - ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X