ശാരി (നടി) ജീവചരിത്രം
ഒരു മലയാള ചലച്ചിത്ര നടിയാണ് ശാരി. പ്രശസ്ത മലയാള സംവിധായകൻ പി പത്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലാണ് ശാരി ആദ്യം അഭിനയിച്ചത്. പത്മരാജൻ ചിത്രങ്ങളിലൂടെയാണ് ശാരി ഒരു അഭിനേത്രി എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പത്മരാജൻറെ തന്നെ ചിത്രമായ 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' എന്ന ചിത്രത്തിലെ കഥാപാത്രം ശാരിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്.
ഒരു മേയ് മാസപ്പുലരിയിൽ, പൊൻമുട്ടയിടുന്ന താറാവ് തുടങ്ങിയ ചിത്രങ്ങളും ശാരിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. ശാരി ജനിച്ചുവളർന്നത് ചെന്നൈയിലാണ്. പത്മരാജൻറെ ചിത്രത്തിലൂടെ ചലച്ചിത്രവേദിയിലെത്തിയ ശാരിക്ക് തുടക്കത്തിൽ മലയാളം സംസാരിക്കാൻ അറിയില്ലായിരുന്നു. പിന്നീട് തൻറെ തന്നെ അഭിമുഖങ്ങൾ വാരികയിൽ വായിച്ചാണ് ശാരി മലയാളം പഠിച്ചതെന്ന് ഒരിക്കൽ ശാരി തന്നെ പറയുകയുണ്ടായി.
1980-90 കാലഘട്ടങ്ങളിൽ മലയാള ചലച്ചിത്രങ്ങളിൽ സജീവമായിരുന്ന ശാരി പിന്നീട് കുറേക്കാലം ചലച്ചിത്ര മേഖലയിൽ നിന്ന് വിട്ടുനിന്നു. ചോക്കലേറ്റ് എന്ന ചിത്രത്തിലൂടെയാണ്, മലയാളചലച്ചിത്രവേദിയിലേക്ക് ശാരി തിരിച്ചുവന്നത്. ഷാഫി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു കോളേജ് അദ്ധ്യാപികയുടെ കഥാപാത്രമാണ് ശാരി കൈകാര്യം ചെയ്തത്.