1991-ൽ ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കിലുക്കാംപെട്ടി. ജയറാം, സുചിത്ര കൃഷ്ണമൂർത്തി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാമിലി, ജഗതി ശ്രീകുമാർ, സായി കുമാർ, ഇന്നസെന്റ് തുടങ്ങിയവരും ഈ സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2010-ൽ പ്യാർ ഇമ്പോസിബിൾ എന്നപേരിൽ ഈ ചിത്രം ഹിന്ദിയിൽ പുനർനിർമ്മിക്കുകയുണ്ടായി.
പ്രകാശ് മേനോൻ (ജയറാം) തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഒരു ആർക്കിടെക്റ്റ് ആണ്. തന്റെ കമ്പനിയുടെ കൊച്ചി ഓഫീസ് നഷ്ടത്തിലായപ്പോൾ അവിടുത്തെ കാര്യങ്ങൾ ഒന്ന് നേരെ ആക്കാൻ കമ്പനി കൊച്ചിയിലേയ്ക്ക് അദ്ദേഹത്തെ വിളിപ്പിക്കുന്നു. കൊച്ചിയിൽ ജോലി ചെയ്യുന്ന ആർക്കിടെക്റ്റായ അനു പിള്ളയ്ക്ക് (സുചിത്ര കൃഷ്ണമൂർത്തി) ഈ തീരുമാനം ഇഷ്ടമാകുന്നില്ല. തനിക്ക് കൊച്ചിയിൽ നിന്ന് മാറാൻ താത്പര്യമില്ലാത്തതിനാൽ അനു ഈ തീരുമാനത്തെ എതിർക്കുന്നു. കൊച്ചിയിൽ എത്തിയ പ്രകാശ് മേനോൻ ഓഫീസിലെ കാര്യങ്ങൾ മനസ്സിലായപ്പോൾ അനുവിനെ നേരിട്ട് കണ്ട് സംസാരിക്കാൻ തീരുമാനിച്ചു.
അനു പിള്ള മകളായ ചിക്കുമോളുടെ (ബേബി ശ്യാമിലി) കൂടെയാണ് താമസിക്കുന്നത്.അമ്മ ഓഫീസിൽ പോകുമ്പോൾ കുട്ടിയെ നോക്കാൻ അനു പലരേയും ഏർപ്പാടാക്കിയെങ്കിലും മഹാവികൃതിയായ ചിക്കുമോളുടെ ഉപദ്രവം കാരണം എല്ലാവരും ജോലി വിട്ട് പോകുന്നു. അങ്ങനെ ഗതികെട്ട് നിൽക്കുന്ന അവസരത്തിൽ അവസാനമായി ഒരാളെ അയക്കാം എന്ന് അനുവിന്റെ സുഹൃത്തായ സക്കറിയ (ഇന്നസെന്റ്) പറയുന്ന അതേ സമയത്ത് വീട്ടിൽ കയറി വരുന്ന പ്രകാശ് മേനോനെ കുട്ടിയെ നോക്കാൻ വന്ന ആളായി അനു തെറ്റിദ്ധരിക്കുന്നു. അനുവിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായ പ്രകാശ് മേനോൻ ഈ സന്ദർഭം മുതലെടുത്തുകൊണ്ട് അവിടെ ജോലിക്ക് നിൽക്കാൻ തയ്യാറായി.പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.
** Note :
കുറിപ്പ്: കിലുക്കാംപെട്ടി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.