രഞ്ജിത്തിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, നവ്യ നായർ, കവിയൂർ പൊന്നമ്മ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് 'നന്ദനം'. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും രഞ്ജിത്ത് ആണ്. ഭാവന സിനിമയുടെ ബാനറിൽ രഞ്ജിത്ത്, സിദ്ദിഖ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കോക്കേഴ്സ് റിലീസ് ആണ്. ഗുരുവായൂരിലെ ഒരു തറവാട്ടിലെ ജോലിക്കാരിയും, കൃഷ്ണ ഭക്തയുമായ ബാലാമണിയുടെ (നവ്യാ നായർ) ജീവിതമാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
തറവാട്ടിലെ ഇളമുറക്കാരനായ മനുവുമായി (പൃഥിരാജ് സുകുമാരൻ) ബാലാമണി അടുപ്പത്തിലാകുന്നു. ഇരുവരുടേയും പ്രണയത്തിനിടക്ക് പ്രതിബന്ധങ്ങൾ നിരവധിയാണ്. ഇതിനിടെ നിഷ്കളങ്കയായ ബാലാമണിക്ക് മുൻപിൽ ഗുരുവായൂരപ്പൻ (അരവിന്ദ് ആകാശ്) അയൽ വീട്ടിലെ ഉണ്ണിയെന്ന വ്യാജെനെ പ്രത്യക്ഷപ്പെടുന്നുമുണ്ട്. മനുവിന്റേയും ബാലാമണിയുടെയും കല്യാണം ഒടുവിൽ നടക്കുകയും ബാലാമണി തനിക്ക് പിന്തുണ നൽകിയിരുന്നത് ഗുരുവായൂരപ്പനായിരുന്നുവെന്ന് മനസ്സിലാക്കുകയും ചെയ്യുന്നതോടു കൂടി ചിത്രം അവസാനിക്കുന്നു.
** Note :
കുറിപ്പ്: നന്ദനം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.