സൗഹൃദവും പ്രണയവും വിഷയമായി, കുഞ്ചാക്കോ ബോബനും ശാലിനിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രമാണ് നിറം. കമൽ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു. ഇഖ്‌ബാൽ കുറ്റിപ്പുറത്തിന്റെ കഥയ്ക്ക് ശത്രുഘ്നനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിദ്യാസാഗർ ഈണമിട്ട മനോഹരമായ ഗാനങ്ങൾ ചിത്രത്തിന്റെ മാറ്റുകൂട്ടി. ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്ണൻ നിർമ്മിച്ച ഈ ചിത്രം സാഗരിഗ ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു. സമപ്രായക്കാരായ എബിയും (കുഞ്ചാക്കോ ബോബൻ) സോനയും (ശാലിനി) അയൽക്കാരും കുടുംബ സുഹൃത്തുകളുമാണ്. അവർ തമ്മിൽ സവിശേഷമായ പിരിയാനാവാത്ത ഒരു സുഹൃത് ബന്ധം കുട്ടിക്കാലം മുതലേയുണ്ട് പക്ഷേ അതൊരിക്കലും പ്രണയത്തിന് വഴിമാറിയിരുന്നില്ല. കോളേജ് യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ബാംഗ്ലൂരിൽ പോയ സോനയെ ജീവിതത്തിലാദ്യമായി അകന്നിരിക്കേണ്ടി വന്നപ്പോഴാണ് സുഹൃത്ബന്ധത്തിനുപരിയായി സോനയോട് തനിയ്ക്ക് പ്രണയമുണ്ടെന്ന് എബി മനസ്സിലാക്കിയത്. പക്ഷേ സോന തെറ്റിദ്ധരിച്ച് ഇപ്പോഴുള്ള സൗഹൃദം കൂടി നശിച്ചാലോ എന്ന് പേടിച്ച് എബി അത് തുറന്ന് പറയാൻ മടിക്കുന്നു. കോളേജിലെ പാട്ടുകാരനായ പ്രകാശ് മാത്യു (ബോബൻ ആലുംമൂടൻ) യുവജനോത്സവത്തിനിടയ്ക്ക് തന്നോട് പ്രണയാഭ്യർത്ഥന നടത്തിയ വാർത്തയും കൊണ്ടാണ് സോന തിരിച്ചുവന്നത്. വീണ്ടും ഒരു നല്ല സുഹൃത്ത് മാത്രമായിരിയ്ക്കാൻ തീരുമാനിച്ച് പ്രകാശ് മാത്യുവുമായുള്ള ബന്ധത്തെ എബി പിന്തുണയ്ക്കുന്നു. പ്രകാശ് മാത്യുമായുള്ള വിവാഹം ഉറപ്പിച്ചപ്പോഴാണ് ഒരുനാൾ തമ്മിൽ പിരിയേണ്ടിവരുമെന്ന് സോനയും ചിന്തിക്കുന്നത്. തന്റെ മനസ്സിൽ ഉറങ്ങിക്കിടന്നിരുന്ന എബിയോടുള്ള പ്രണയം സോനയും മെല്ലെ തിരിച്ചറിയുകയാണ്.
** Note :
കുറിപ്പ്: നിറം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.