പ്രശസ്ത തെലുഗു ചലച്ചിത്രഅഭിനേതാവാണ് അല്ലു അര്‍ജുന്‍. ചലച്ചിത്രനിര്‍മ്മാതാവായ അല്ലു അരവിന്ദന്റെയും ഗീതയുടെയും രണ്ടാമത്തെ മകനായി ചെന്നൈയില്‍ ജനനം. മുത്തച്ഛന്‍ അല്ലു രാമലിംഗയ തെലുങ്കിലെ പ്രശ്സസതനായ ഹാസ്യതാരമായിരുന്നു. അമ്മാവന്മാരായ ചിരഞ്ജീവിയും പവന്‍ കല്യാണും തെലുങ്കിലെ പ്രശസ്ത അഭിനേതക്കളാണ്. ചെന്നൈയിലെ സെന്റ് പാട്രിക് സ്‌ക്കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അല്ലു അര്‍ജുന്‍ ഹൈദരാബാദിലെ എംഎസ്ആര്‍ കോളേജില്‍നിന്നും ബിബിഎ ബിരുദം നേടി.
വിജേത എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. ചിരഞ്ജീവിയുടെ ഡാഡി എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് മാത്രമായി അല്ലു അര്‍ജുന്‍ അഭിനയിച്ചിരുന്നു. ആദ്യമായി നായകനായി അഭിനയിച്ച ചിത്രം കെ രാഘവേന്ദ്ര സംവിധാനം ചെയ്ത ഗംഗോത്രി എന്ന ചിത്രമാണ്. 2003ല്‍ പ്രദര്‍ശനത്തിനെത്തി ചിത്രം ശരാശരി വിജയം നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. 2004ല്‍ പ്രര്‍ശനത്തിനെത്തിയ ആര്യ എന്ന ചിത്രമാണ് അഭിനയജീവിത്തിലെ വഴിത്തിരിവിന് കാരണമായ ചിത്രം. ദില്‍ രാജു ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച വിജയമാണ് നേടിയത്. യുവാക്കള്‍ക്കിടയില്‍ ധാരാളം ആരാധകരെ നേടിയെടുക്കാന്‍ ഈ ചിത്രത്തിലൂടെ അദ്ധേഹത്തിന് കഴിഞ്ഞു.
2005ല്‍ മൂന്നാമത്തെ ചിത്രമായ ബണ്ണി പ്രദര്‍ശനത്തിനെത്തി. ഈ ചിത്രവും വാണിജ്യപരമായി മികച്ച വിജയം നേടി. 2006ല്‍ ഹാപ്പി എന്ന ചിത്രം പ്രദര്‍ശനത്തിനെത്തി. കരണാകരനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. പക്ഷേ ചിത്രം വാണിജ്യപരമായി വലിയ വിജയം നേടിയില്ല. 2007ല്‍ അഞ്ചാമത്തെ ചിത്രമായ ദേശമുഡുരു പുറത്തിറങ്ങി. പുരി ജഗന്നാഥായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ടോളിവുഡിലെ ആ വര്‍ഷത്തെ ആദ്യ വിജയമായിരുന്നു ഈ ചിത്രം.പുറത്തിറങ്ങിയ ആഴ്ചയില്‍തന്നെ ചിത്രം 12.58 കോടി ഗ്രോസ് നേടി. അതേ വര്‍ഷം തന്നെ അമ്മാവനായ ചിരഞ്ജീവി നായകനായി അഭിനയിച്ച ശങ്കര്‍ദാദ സിന്ദാബാദ് എന്ന ചിത്രത്തില്‍ അതിഥി താരമായി അല്ലു അര്‍ജുന്‍ എത്തി.
2008ല്‍ പരുഗു എന്ന ചിത്രം പ്രദര്‍ശനത്തിനെത്തി. ഭാസ്‌കര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ അഭിനയത്തിന് അദ്ധേഹത്തിന് തെലുങ്കിലെ മികച്ച നടനുള്ള ഫിലംഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു. 2009ല്‍ ആര്യ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായി ആര്യ2 എന്ന ചിത്രം പ്രദര്‍ശനത്തിനെത്തി. എന്നാല്‍ ചിത്രം ശരാശരി വിജയമാണ് നേടിയത്. 2010ല്‍ വരുഡു എന്ന ചിത്രം പ്രദര്‍ശനത്തിനെത്തി. ഗുണശേഖരന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. 18കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ചിത്രം ടോളിവുഡിലെ തന്നെ റ്റേവും വലിയ പരാജയങ്ങളിലൊന്നായിരുന്നു.
ഈ ചിത്രത്തിനുശേഷം വേദം എന്ന ബഹുതാര ചിത്രത്തില്‍ അഭിനയിച്ചു. തെലുങ്കിലെ മികച്ച നടനുള്ള ഫിലംഫെയര്‍ പുരസ്‌ക്കാരം രണ്ടം തവണ ഈ ചിത്രത്തിലൂടെ അദ്ധേഹത്തിന് ലഭിച്ചു. 2011ല്‍ വിവി വിനായക് സംവിധാനം ചെയ്ത ബദ്രിനാഥ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഗീത ആര്‍ട്‌സിന്റെ ബാനറില്‍ അല്ലു അരവിന്ദനാണ് ചിത്രം നിര്‍മ്മിച്ചത്. പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിനം തന്നെ ചിത്രം 6.5 കോടി ശേഖരിച്ചു. ജൂലായി, ഇദ്ദരമ്മായിലതോ, എവഡു, ഐ ആം ദാറ്റ് ചെയ്ഞ്ച്, രുദ്രമദേവി എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
തെലുഗു താരമാണെങ്കിലും കേരളത്തില്‍ നിരവധി ആരാധകരാണ് താരത്തിനുള്ളത്. അവസാനം തെലുങ്കില്‍ പുറത്തിറങ്ങിയ വേദം എന്ന ചിത്രമൊഴികെ മറ്റെല്ലാ ചിത്രങ്ങളും മൊഴിമാറ്റി മലയാളത്തിലിറങ്ങിയിട്ടുണ്ട്.