പ്രശസ്ത ചലച്ചിത്ര നടിയാണ് ഭാവന. സഹ ഛായാഗ്രാഹകന്‍ ജി.ബാലചന്ദ്രമേനോന്റെയും പുഷ്പയുടെയും മകളായി 1986 ജൂണ്‍ 6ന് ജനിച്ചു. തൃശ്ശൂരാണ് സ്വദേശം. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ മലയാള സിനിമയില്‍ ഭാവന സജീവമായി.
സി ഐ ഡി മൂസ, ക്രോണിക് ബാച്ച്‌ലര്‍, യൂത്ത് ഫെസ്റ്റിവല്‍, ബംഗ്ലാവില്‍ ഔത, ദൈവനാമത്തില്‍, നരന്‍ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. 2005ല്‍ പുറത്തിറങ്ങിയ ദൈവനാമത്തില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും തിളങ്ങിയ ഭാവനയുടെ ആദ്യ തമിഴ് സിനിമ കൂടല്‍ നഗര്‍ ആണ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് വൈകി. ചിത്തിരം പേസുതെടീയാണ് ഭാവനയുടെ ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ. ചിത്രത്തിന്റെ വിജയത്തോടെ തമിഴിലും ഭാവന സജീവമായി.
2010ല്‍ ജാക്കി എന്ന ചിത്രത്തിലൂടെ ഭാവന കന്നടയില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം പിന്നീട് തെലുങ്കിലും മലയാളത്തിലും മൊഴിമാറ്റം ചെയ്തിരുന്നു.
2017ല്‍ എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയില്‍ ഭാവനയെ ഒരു കൂട്ടം ആളുകള്‍ തട്ടിക്കൊണ്ടുപോവുകയും അക്രമണ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 85 ദിനസത്തെ ജയില്‍വാസം കഴിഞ്ഞായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്.