പ്രശസ്തയായ സംഗീതജ്ഞയും തെന്നിന്ത്യയിലെ പിന്നണി ഗായികയുമാണ് ബോംബെ ജയശ്രീ എന്ന ജയശ്രീ രാമനാഥൻ.കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെതായ വ്യക്തി മുദ്ര നൽകിയ സംഗീതജ്ഞയാണ് ബോബെ ജയശ്രീ.സംഗീത അദ്ധ്യാപകരായ എൻ.എൻ. സുബ്രമണ്യത്തിന്റെയും സീത സുബ്രമണ്യത്തിന്റെയും മകളാണ്.
ചെറുപ്പത്തിലേ കർണാടക സംഗീതം പഠിച്ചു വളർന്ന ജയശ്രീ ബോംബെയിലെ ടി.ആർ. ബാലമണി അമ്മാളിന്റെ കീഴിൽ സംഗീതമഭ്യസിച്ചു.1989 ൽ ഇവർ, സംഗീത പ്രതിഭ ലാൽഗുഡി ജി.ജയരാമന്റെ കീഴിൽ സംഗീതം അഭ്യസിക്കാനായി ചേർന്നു. ദൂരദർശനിലേയും റേഡിയോയിലേയും നിത്യ സാനിധ്യമാണ് ബോംബെ ജയശ്രീ എന്ന കലാകാരി. ബോംബെ സർവ്വകലാശാലയിൽ നിന്നും വാണിജ്യ ശാസ്ത്രത്തിൽ ബിരുദമെടുത്ത ജയശ്രീ പഠനകാലത്ത് തന്നെ മികവുറ്റ കലാകാരിയെന്ന നിലക്ക് ധാരാളം പുരസ്കാരങ്ങൾ നേടുകയുണ്ടായി.
തമിഴ് ചലച്ചിത്ര രംഗത്തെ പ്രഗല്ഭരായ സംഗീതജ്ഞരോടൊപ്പം ജോലിചെയ്തിട്ടുള്ള ജയശ്രീ ,നിരവധി ചിത്രങ്ങളിൽ പാടീട്ടുണ്ട്.മിന്നലെ എന്ന ചിത്രത്തിലെ 'വസീഗര..' ഗജിനിയിലെ 'സുട്ടും വിഴിച്ചുടെരെ...' ,വേട്ടയാടു വിളയാടിലെ 'പാർഥ മുതൽ നാളീ...' തുടങ്ങിയ ഗാനങ്ങൾ അവയിൽ ചിലത് മാത്രം. മലയാളത്തിലെ ഒരേ കടൽ എന്ന ചിത്രത്തിലെ 'പ്രണയ സന്ധ്യാ ഒരു..' എന്ന ഗാനവും ഹിന്ദിയിലെ 'രെഹ്‌നാഹെ തെരെ ദിൽ മേം' എന്ന ചിത്രത്തിലെ 'സരാ സരാ..' എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനവും ബോംബെ ജയശ്രീ ആലപിച്ചതാണ്.
ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ ആലപിക്കുന്ന കർണാടക സംഗീതജ്ഞർക്കെതിരെ രാഷ്ട്രീയ സനാതൻ സേവ സംഘം എന്ന തീവ്രഹിന്ദുത്വ സംഘടന ഭീഷണി മുഴക്കിയിരുന്നു.ടി.എം കൃഷ്ണ, ഒ.എസ്. അരുൺ, നിത്യശ്രീ മഹാദേവൻ, ബോംബേ ജയശ്രീ തുടങ്ങിയ കർണാടക സംഗീതഞ്ജർക്കെതിരെയാണ് ഭീഷണി മുഴക്കിയത്.എവിടെ പരിപാടി അവതരിപ്പിച്ചാലും ശാരീികമായി കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി.ഭീഷണിയെങ്കിൽ, എല്ലാ മാസവും ക്രിസ്തുവിനെക്കുറിച്ചും അല്ലാഹുവിനെക്കുറിച്ചും കർണാട്ടിക്ക് ഗാനങ്ങൾ അവതരിപ്പിക്കുമെന്ന് ടി.എം കൃഷ്ണ ട്വീറ്റ് ചെയ്തിരുന്നു.