ജീവചരിത്രം
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും, കവിയും, സംഗീത സംവിധായകനുമാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 1950 ഓഗസ്ത് 4ന് കണ്ണൂര്‍ ജില്ലയിലെ കൈതപ്രം എന്ന ഗ്രാമത്തില്‍ ജനനം. കണ്ണാടി ഇല്ലത്തു കേശവന്‍ നമ്പൂതിരി, അദിതി അന്തര്‍ജനം എന്നിവരാണ് മാതാപിതാക്കള്‍. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കര്‍ണാടക സംഗീതം അഭ്യസിച്ചു.  പഴശ്ശിത്തമ്പുരാന്‍, കെ.പി പണിക്കര്‍, പൂഞ്ഞാര്‍  കോവിലകത്തെ ഭവാനിതമ്പുരാട്ടി, എസ്.വി എസ് നാരായണന്‍ എന്നിവരായിരുന്നു ശിഷ്യന്മാര്‍. 

കുറച്ചുകാലം മാതൃഭൂമി ദിനപത്രത്തില്‍ പ്രൂഫ് റീഡറായി ജോലി നോക്കിയിരുന്നു. 1970ലാണ് കവിതാ-ഗാന രംഗത്തേക്കു പ്രവേശിക്കുന്നത്. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകത്തില്‍ നടനും സംവിധായകനുമായി. 1985ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാസില്‍ ചിത്രം എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലാണ് ആദ്യമായി ഗാനരചന നടത്തിയത്. ഇതിലെ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനം ഏറെ ശ്രദ്ധിക്കപെട്ടു. പിന്നീട് നിരവധി ചിത്രങ്ങള്‍ക്കു ഗാനരചന നടത്തി. 

നാനൂറില്‍പരം ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തിയിട്ടുണ്ട്.  ഗാനരചനയ്ക്കു പുറമെ സോപാനം എന്ന ചിത്രത്തിനു തിരക്കഥയും രചിച്ചിട്ടുണ്ട്.  കൂടാതെ സ്വാതിതിരുനാള്‍, ആര്യന്‍, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ദേശാടനം തുടങ്ങി 20ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. 

1993ല്‍ പൈതൃകത്തിലെ ഗാനരചനയ്ക്കും 1996ല്‍ അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും  സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു. നാടകഗാന രചനയ്ക്കും രണ്ടുതവണ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം നേടിയിട്ടുണ്ട്.  

കളിയാട്ടം, തട്ടകം, എന്നു സ്വന്തം ജാനകിക്കുട്ടി, തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 1996ല്‍ ദേശാടനം എന്ന ചിത്രത്തിലൂടെ മികച്ച സംഗീസംവിധായകനായി. കര്‍ണാടകസംഗീത രംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. തീച്ചാമുണ്ഡി, കൈതപ്രം കവിതകള്‍ എന്നീ കവിതാസമാഹാരങ്ങളും രചിച്ചിട്ടുണ്ട്. 

 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam