മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ അഭിനേതാക്കളിൽ ഒരാളാണ് മധു. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തന്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. യഥാർത്ഥ പേര് മാധവൻ നായർ. മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവം. ഇടക്ക് നിർമ്മാണ, സംവിധാന മേഖലകളിലും സാന്നിധ്യമറിയിച്ചു. 2013-ൽ ഇദ്ദേഹത്തിനു പത്മശ്രീ പുരസ്കാരം ലഭിച്ചു. വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി.
ക്വാജ അഹ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച മധുവിന്റെ ജൈത്രയാത്ര മലയാള സിനിമാ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്. ആദ്യ മലയാള ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു. ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർനിർമിച്ച് എൻ എൻ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാല്പാടുകൾ ആണ്. ഈ ചിത്രത്തിൽ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. നിർമാതാക്കൾ സത്യനുവേണ്ടി മാറ്റിവച്ചിരു വേഷമായിരുന്നു ഇത്. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധു ആക്കി മാറ്റിയത്. പ്രേംനസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് സിനിമയിൽ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാൻ മധുവിനായി. ക്ഷുഭിത യൗവ്വനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു.
മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്. മന്നാഡേ ആലപിച്ച 'മാനസമൈനേ വരൂ....' എ ഗാനം മധുവാണ് പാടിയതെന്നുവരെ ജനം വിശ്വസിച്ചു. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷത്തിൽ മധു തിളങ്ങി. ഭാർഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനൽ തുടങ്ങിയ ചിത്രങ്ങളിലുടെ മധു മലയാള സിനിമയുടെ അവിഭാജ്യതയായി മാറി. 1970-ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് പതിനാലോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം നിർമിച്ചത്. പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു.