Celebs»Rahman»Biography

    റഹ്‌മാൻ ജീവചരിത്രം

    ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടനാണ് റഹ്‌മാൻ (യഥാർത്ഥ പേര് - റഷീൻ റഹ്‌മാൻ). തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക ഉപനായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. എൺപതുകളിൽ മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കളം മാറിയതോടെ മലയാളത്തിൽ നിന്ന് ഏറെക്കാലം വിട്ടുനിന്നു. സംവിധായകൻ പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാൻ. ആറടി രണ്ടിഞ്ച് ഉയരമുള്ള റഹ്മാൻ ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു. 

    ഭരതൻ, കെ ബാലചന്ദ്രർ, പ്രിയദർശൻ, കെ എസ് സേതുമാധവൻ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ നായകവേഷങ്ങൾ ചെയ്തിട്ടുണ്ട്. ശിവാജി ഗണേശൻ, പ്രേംനസീർ തുടങ്ങിയ പഴയതലമുറയ്ക്കൊപ്പവും അഭിനയിച്ചു. മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ കൂട്ടുകെട്ടിന്റേതായി ഏഴ് ചിത്രങ്ങൾ പുറത്തുവന്നു. ഇവയിലേറെയും സൂപ്പർ ഹിറ്റുകളായിരുന്നു. ജനിച്ചത് ഐക്യ അറബ് എമിറേറ്റുകളിലെ അബുദാബിയിലാണെങ്കിലും റഹ്മാൻ മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ്. 

    ബാംഗ്ലൂരിലെ ബാൽഡ്വിൻ ബോയ്സ് ഹൈസ്കൂൾ, അബുദാബി സെന്റ് ജോസഫ് സ്കൂൾ, ഊട്ടി റെക്സ് ഹയർ സെക്കൻഡറി സ്കൂൾ, മമ്പാട് എം ഇ എസ്  കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഗുജറാത്തിലെ കച്ച് വംശജയായ മെഹ്റുന്നിസയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവർക്ക് റുഷ്ദ, അലീഷ എന്നീ രണ്ടു മക്കളുണ്ട്. ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാൻ, റഹ്മാന്റെ ഭാര്യാസഹോദരിയുടെ ഭർത്താവാണ്. 1987 വരെ കോഴിക്കോട് താമസിച്ച റഹ്മാൻ പിന്നീട് മൂന്നു വർഷം ബാംഗ്ലൂരിലാണ് താമസിച്ചത്. 

    പിന്നീട് 1990-ൽ ചെന്നൈയിൽ സ്ഥിരതാമസമാക്കി. പത്മരാജൻ സംവിധാനം ചെയ്ത 'കൂടെവിടെ' ആയിരുന്നു റഹ്മാന്റെ ആദ്യ മലയാള ചിത്രം. ഈ ചിത്രത്തിലെ രവി പൂത്തൂരാൻ എന്ന കൗമാരക്കാരന്റെ വേഷത്തോടെ മലയാളത്തിൽ റഹ്മാൻ തന്റെ സ്ഥാനം ഉറപ്പിച്ചു. 1983-ലാണ് കൂടെവിടെ പുറത്തിറങ്ങിയത്. ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും രവി പുത്തൂരാനിലൂടെ റഹ്മാൻ നേടി. മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ മാധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമായി വിളിച്ചു തുടങ്ങിയിരുന്നു. അക്കാലത്തെ ഏതാണ്ട് എല്ലാ സംവിധായകരുടെയും ചിത്രങ്ങളിൽ റഹ്മാൻ അഭിനയിച്ചു. 

    കാണാമറയത്ത്, വാർത്ത, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, അടിയൊഴുക്കുകൾ, കരിയിലക്കാറ്റുപോലെ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ റഹ്മാന്റെയായി പുറത്തുവന്നു. പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിൽ റഹ്മാൻ നായകവേഷവും മോഹൻലാൽ വില്ലൻ വേഷവും ചെയ്തു എന്നതിൽ നിന്നു തന്നെ റഹ്മാന്റെ അന്നത്തെ താരമൂല്യം മനസ്സിലാക്കാം. ഭരതന്റെ ഇത്തിരി പൂവേ ചുവന്ന പൂവേ, ചിലമ്പ്, കെ എസ് സേതുമാധവന്റെ സുനിൽ വയസ് 20, സത്യൻ അന്തിക്കാടിന്റെ ഗായത്രീദേവി എന്റെ അമ്മ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X