പ്രശസ്ത മലയാളചലച്ചിത്രസംവിധായകനാണ് രാജേഷ്പിള്ള.1974 ഒക്ടോബര്‍ 7ന് ഡോ.കെ രാമന്‍പിള്ളയുടെയും സുഭദ്രാമ്മയുടെയും മകനായി ഡല്‍ഹിയില്‍ ജനനം.ഡല്‍ഹി കോളേജ് അധ്യാപകനായിരുന്ന പിതാവ് പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് സ്ഥലം മാറി.പട്ടം സെന്റ് മേരീസ്, ഹരിപ്പാട് ഗവ ബോയ്‌സ് ഹൈസ്‌ക്കൂള്‍, തിരുവന്തപുരം മാര്‍ ഇവാനിയേസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു രാജേഷ് പി ള്ളയുടെ വിദ്യാഭ്യാസം.
പഠനത്തിനുശേഷം രാജീവ് അഞ്ചലിനൊപ്പം സംവിധാനസഹായിയായി പ്രവര്‍ത്തിച്ചു.പിന്നീട് സൂര്യ ടി.വിയില്‍ 'അരികില്‍ ഒരാള്‍' എന്ന ടെലിഫിലിം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.2005ല്‍ 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചു.കുഞ്ചാക്കോ ബോബന്‍, ഭാവന, നിത്യദാസ് , ഭാനുപ്രിയ, സിദ്ധിഖ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.എന്നാല്‍ സാമ്പത്തികമായി ചിത്രം പരാജയമായിരുന്നു.
2011ല്‍ 'ട്രാഫിക്' എന്ന ചിത്രത്തിലൂടെ രാജേഷ് വീണ്ടും വിജയകരമായ തിരിച്ചുവരവ് നടത്തി. ബോബി -സഞ്ജയ് തിരക്കഥ രചിച്ച ഈ ചലച്ചിത്രം സാന്തത്തികപരമായി ഏറെ വിജയം നേടിയിരുന്നു.ചെന്നൈയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം മലയാളത്തില്‍ ന്യൂ ജനറേഷന്‍ എന്ന തരംഗത്തിന് തുടക്കം കുറിച്ചു. ട്രാഫിക്കിന്റെ ഹിന്ദി പതിപ്പ് സംവിധാനം ചെയതെങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തിയില്ല.
2015ല്‍ നിവിന്‍പോളി, അമലപോള്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'മിലി' എന്ന ചിത്രം സംവിധാനം ചെയ്തു.ചിത്രവും സാമ്പത്തികപരമായി മികച്ച വിജയം നേടി. 2016ല്‍ മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'വേട്ട' എന്ന ചിത്രം സംവിധാനം ചെയ്തു.രാജേഷ് അവസാനമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിന്‍ഡ്രം എന്ന രോഗത്തെതുടര്‍ന്ന് 2016 ഫെബ്രുവരി 27ന് അന്തരിച്ചു.വേട്ട എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയതിന്റെ പിറ്റേ ദിവസമാണ് അദ്ധേഹം മരിച്ചത്.