മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരില്‍ ഒരാളാണ് രവീന്ദ്രന്‍. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ചേർന്നു. പിൽക്കാലത്ത് തനിക്കു വേണ്ടി ഒട്ടേറെ ചിത്രങ്ങളിൽ പാടിയ ഗായകൻ യേശുദാസ് ഇവിടെ സമകാലികനായിരുന്നു. യുവാവായിരിക്കെ "തണ്ടർ ബേർഡ്സ്" എന്ന ഗാനമേള സംഘത്തിൽ ഗായകനായിരുന്നു. സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പിന്നണി ഗായകനാകാൻ അവസരം തേടി ചെന്നൈയിലെത്തി.അക്കാലത്ത് കുളത്തൂപ്പുഴ രവിഎന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
സംഗീത സംവിധായകനായിരുന്ന ബാബുരാജാണ് ആദ്യമായി സിനിമയിൽ പാടുവാൻ അവസരം നൽകിയത്. നായക നടനായിരുന്ന സത്യനാണ് രവീന്ദ്രനെ ബാബുരാജിനു പരിചയപ്പെടുത്തിയത്. “വെള്ളിയാഴ്ച” എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി പിന്നണി ഗായകനായി. പിന്നീട് മുപ്പതോളം സിനിമകളിൽ പാടി. അവയിൽ ചുരുക്കം ചിലതു ശ്രദ്ധിക്കപ്പെട്ടു. ഗായകനെന്ന നിലയിൽ അവസരം കുറഞ്ഞതോടെ ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. 1970കളിൽ പ്രശസ്തനായിരുന്ന രവികുമാറിനു വേണ്ടി മിക്ക ചിത്രങ്ങളിലും ശബ്ദം നൽകിയത് രവീന്ദ്രനായിരുന്നു.
ഗായകനെന്ന നിലയിൽ നിന്ന് രവീന്ദ്രനെ സംഗീത സംവിധാന രംഗത്തേക്കു വഴി തിരിച്ചു വിട്ടത് യേശുദാസാണ്. രവീന്ദ്രൻ ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങൾ കേട്ട യേശുദാസ്, അദ്ദേഹത്തെ സംവിധായകൻ ശശികുമാറിന് പരിചയപ്പെടുത്തുകയായിരുന്നു. അങ്ങനെ 1979-ൽ “ചൂള” എന്ന ചിത്രത്തിലൂടെ രവീന്ദ്രൻ ചലച്ചിത്ര സംഗീതസംവിധായകനായി. സത്യൻ അന്തിക്കാട് രചിച്ച “താരകേ മിഴിയിതളിൽ കണ്ണീരുമായി. ” എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യ സിനിമാ ഗാനം.
മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. “ഭരതം” എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്കാരം നേടി. ആ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ ഇതേ ചിത്രത്തിലെ സംഗീത സംവിധാനത്തിനു വിധികർത്താക്കളുടെ പ്രത്യേക പ്രശംസയും നേടി. 2002-ൽ നന്ദനത്തിലെ ഗാനങ്ങൾക്ക് വീണ്ടും സംസ്ഥാന പുരസ്കാരം. അവസാന കാലത്ത് അർബുദ ബാധയെത്തുടർന്ന് അവശനായിരുന്നെങ്കിലും സംഗീത ലോകത്തും ടി.വി.ചാനലുകളിലും സജീവ സാന്നിദ്ധ്യമായിരുന്നു രവീന്ദ്രൻ. 2005 മാർച്ച് 3-ന് അന്തരിച്ചു.