പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹാം സംവിധാനം ചെയ്ത ചിത്രമാണ് ആദം ജോണ്‍. സ്റ്റാലിന്‍ സി.എസ്, ജോസ് സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം രഞ്ജി പണിക്കര്‍ എന്റര്‍റ്റെന്‍മെന്‍സാണ് കേരളത്തില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. ഭാവന, മിഷ്ടി ചക്രവര്‍ത്തി, നരേന്‍, മണിയന്‍പിള്ളരാജു, സിദ്ദിഖ്, ലെന, കെപിഎസി ലളിത, രാഹുല്‍ മാധവ്, സിദ്ധാര്‍ത്ഥ് ശിവ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫാമിലി ത്രില്ലര്‍ ആണ് ആദം ജോണ്‍.
എഡിന്‍ബറോയില്‍ കുടുംബമായി താമസിക്കുന്ന ഉണ്ണിയുടെയും ശ്വേതയുടെയും അവരുടെ മകള്‍ ഇളയുടെയും അമ്മച്ചിയുടെയും ഞായറാഴ്ചയിലെ പള്ളിക്കുര്‍ബാനക്കാഴ്ചകളിലൂടെ ആണ് ആദം തുടങ്ങുന്നത്. പിറ്റേന്നുള്ള ഇളയുടെ ഏഴാം പിറന്നാളിലേക്ക് സുഹൃത്തുക്കളെ ക്ഷണിക്കുകയും പള്ളിപിരിഞ്ഞ ശേഷം സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തുകയും ചെയ്യുന്ന അവരിലേക്ക് ഉണ്ണിയുടെ മൂത്തസഹോദരന്‍ ആദമിന്റെ ഫോണ്‍കോള്‍ വരുന്നു. ഫ്രാന്‍സിലുള്ള അയാള്‍ സ്‌കോട്ട്‌ലന്റിലേക്ക് ഒരു ഷോര്‍ട്ട് വിസിറ്റിനായ് എത്തുന്നു എന്ന ആ സന്ദേശം എത്തി അധികം കഴിയുന്നതിനുമുന്‍പെ ഇളയെ ഷോപ്പിംഗ് സെന്ററിനുമുന്നില്‍ വച്ച് തട്ടിക്കൊണ്ടുപോവുകയും തടയാന്‍ ശ്രമിക്കുന്ന അമ്മച്ചി വെടിയേറ്റ് മരിക്കുകയും ചെയ്യുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലാതെ ആദം കുട്ടിയെ തേടിയിറങ്ങുന്നതും തുടര്‍ന്ന് നടക്കുന്ന 15ദിവസങ്ങളിലെ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
ജിത്തു ദാമോദറിന്റെ ക്യാമറകാഴ്ചകള്‍ എടുത്തുപറയേണ്ടതാണ്. റോബിന്‍ഹുഡ് എന്ന ചിത്രത്തിനുശേഷം നരേന്‍, പ്രിത്വിരാജ്, ഭാവന എന്നിവര്‍ ഒരിക്കല്‍ക്കൂടി ഒരുമിക്കുന്ന ചിത്രംകൂടിയാണ് ആദം ജോണ്‍. ഫൈറ്റ് രംഗങ്ങള്‍ ഒരുക്കിയത് കബാലി, ഇരുമുഗന്‍ ഫെയിം അന്‍പ് - അറിവ് ബ്രദേഴ്‌സാണ്. സന്തോഷ് വര്‍മ്മ, ബി.കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. കാര്‍ത്തിക്, പ്രിത്വിരാജ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്
** Note :
കുറിപ്പ്: ആദം ജോണ്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.