സുരാജ് വെഞ്ഞാറമൂടിനെ പ്രധാന കഥാപാത്രമാക്കി ഹേമന്ത് ജി നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹിഗ്വിറ്റ. ഷൈന്‍ ടോം ചാക്കോ, ശ്രീകാന്ത് മുരളി, മാമുക്കോയ, സുധീഷ്, മഞ്ജു പിള്ള, ശ്രീലക്ഷ്മി, നവാസ് വള്ളിക്കുന്ന്,ഐ എം വിജയന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
ആലപ്പുഴയിലെ ഫുട്‌ബോള്‍ പ്രേമിയായ ഇടതുപക്ഷ യുവാവിന് ഇടതു രാഷ്ട്രീയ നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ കണ്ണൂരുള്ള പന്ന്യന്നൂര്‍ മുകുന്ദന്‍ എന്ന രാഷ്ട്രീയ നേതാവായിട്ടാണ് സുരാജ് എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തില്‍ ഗണ്‍മാനായി എത്തുന്നു.
ഫാസില്‍ നാസര്‍ ഛായാഗ്രഹണവും രാഹുല്‍ രാജ് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ധന്യ നിഖില്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം നല്‍കിയിരിക്കുന്നു. സെക്കന്‍ഡ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബോബി തര്യനും സജിത് അമ്മയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
2023 മാര്‍ച്ച് 31നായിരുന്നു ചിത്രത്തിന്റെ റിലീസ്. 20 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
ഹിഗ്വിറ്റ വിവാദം; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായതിനു പിന്നാലെയായിരുന്നു എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ രംഗത്ത് വന്നത്. സിനിമ റിലീസാവുമ്പോള്‍ ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനു മേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോവുന്നത് ദുംഖകരമാണെന്നായിരുന്നു എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് ഹിഗ്വിറ്റ എന്ന പേരു ചിത്രത്തിന് നല്‍കണമെങ്കില്‍ അദ്ധേഹത്തിന്റെ അനുമതി വാങ്ങണമെന്ന് ഫിലിം ചേംബര്‍ പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചേംബറിന്റെ നിലപാടിനെതിരെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നിയമപരമായി നീങ്ങുകയും ചെയ്തിരുന്നു.