നിവിന്‍ പോളിയെ പ്രധാന കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമാണ് കനകം കാമിനി കലഹം. വിനയ് ഫോര്‍ട്ട്, ഗ്രേസ് ആന്റണി ജോയ് മാത്യു, സുധീഷ്, ജാഫര്‍ ഇടുക്കി, രാജേഷ് മാധവ്, ശിവദാസ് കണ്ണൂര്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്ന പവിത്രനും ഹരിപ്രിയയും തങ്ങള്‍ക്കിടയിലെ പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമെന്നവണ്ണം മൂന്നാറിലേക്ക് തിരിക്കുന്നതും അവിടെയുള്ള ഹില്‍ ടോപ്പ് എന്ന ഹോട്ടലില്‍ എത്തുന്നതും തുടര്‍ന്നുണ്ടാാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഹരിപ്രിയ മുന്‍ സീരിയല്‍ നടിയും പവിത്രന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാണ്. ഇതിന്റേതായ ഇന്‍സെക്യൂരിറ്റികളും പ്രശ്‌നങ്ങളും അവര്‍ക്കിടയിലുണ്ട്. ദാമ്പത്യ ബന്ധത്തിലെ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യുന്ന സിനിമ എന്ന ധ്വനി നല്‍കി തുടങ്ങുന്ന സിനിമ തീര്‍ത്തും വ്യത്യസ്തമായ പാതയിലേക്കാണ് പിന്നീട് കയറുന്നതും സഞ്ചരിക്കുന്നതും.
യാക്സൻ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് സംഗീത സംവിധാനം. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈ ശ്രീജിത്ത് ശ്രീനിവാസൻ, കലാസംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം മെൽവി ജെ,മേക്കപ്പ് ഷാബു പുൽപ്പള്ളി. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് ചിത്രം നിര്‍മിച്ചത്.
ഡിസ്‍നിയുടെ ആദ്യ മലയാളം ഡയറക്റ്റ് റിലീസു കൂടിയാണ് 'കനകം കാമിനി കലഹം' . 'വേൾഡ് ഡിസ്‌നി ഡേ' ആയ നവംബർ 12നായിരുന്നു ചിത്രത്തിന്‍റെ റിലീസ്.