ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻ ലാൽ നായകനായി അഭിനയിച്ച് 1989 ജൂലൈ 7-നു പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കിരീടം.
ഒരു പോലീസ് കോൺസ്റ്റബിളായ അച്യുതൻ നായരുടെ (തിലകൻ) മകനായ സേതുമാധവൻ (മോഹൻ ലാൽ) എന്ന യുവാവിന്റെ കഥയാണ് കിരീടം എന്ന സിനിമയിൽ പ്രതിപാദിക്കുന്നത്. തന്റെ അച്ഛന്റെ ആഗ്രഹം പോലെ ഒരു പോലീസ് ഇൻസ്പെക്ടറാകണം എന്നതാണ് സേതുമാധവന്റെയും ആഗ്രഹം. പക്ഷെ വിധി ഇതിനനുവധിക്കുന്നില്ല.
ഒരിക്കൽ അച്യുതൻ നായർ മാർക്കറ്റിൽ പ്രശ്നമുണ്ടാക്കികൊണ്ടിരിക്കുന്ന ഈ സിനിമയിലെ വില്ലനായ കീരിക്കാടൻ ജോസിനെ (മോഹൻ രാജ്) അറസ്റ്റു ചെയ്യാൻ പോകുകയും അവിടെ വെച്ച് അച്യുതൻ നായരെ കീരിക്കാടൻ ജോസ് കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്നു, തന്റെ അച്ഛനെ മർദ്ധിക്കുന്നത് കണ്ട സേതുമാധവൻ അച്ഛനെ രക്ഷിക്കാൻ വേണ്ടി കീരിക്കാടൻ ജോസിനെ തിരിച്ചാക്രമിക്കുകയും ചെയ്യുന്നു. ഈ സംഭവത്തിൽ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ഈ സംഭവത്തിനു ശേഷം സേതുമാധവൻ നാട്ടുകാരുടെ കണ്ണിൽ ഒരു ഗുണ്ടയായി മാറുകയും ചെയ്യുന്നു.
ജയിൽ മോചിതനായ കീരിക്കാടൻ ജോസ് സേതുമാധവനോട് പകവീട്ടാൻ തുടങ്ങുകയും തന്റെയും തന്റെ കുടുംബത്തിന്റെയും ജീവിതത്തിനു തന്നെ ഭീഷണിയാവുന്ന കീരിക്കാടൻ ജോസിനെ അവസാനം സേതുമാധവന് കൊല്ലേണ്ടി വരുകയും ചെയ്യുന്നു.
1989-ൽ ഈ സിനിമയിലെ അഭിനയത്തിന് മോഹൻലാലിന് ദേശീയ ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിക്കുകയുണ്ടായി. അതേവർഷം ഈ സിനിമയിലെ "കണ്ണീർ പൂവിന്റെ" എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിന് എം ജി ശ്രീകുമാറിന് മികച്ച പിന്നണി ഗായകനുള്ള കേരള സർക്കാറിന്റെ അവാർഡ് ലഭിച്ചു.
** Note :
കുറിപ്പ്: കിരീടം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.