കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ നായക കഥാപാത്രമായി എത്തുന്നത്. കേരളമൊന്നാകെ ചര്‍ച്ച ചെയ്ത കുപ്രസിദ്ധനായ സുകുമാരക്കുറുപ്പായാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.
ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിച്ചത്.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
** Note :
കുറിപ്പ്: കുറുപ്പ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.