സുദീപ്ത് സെന്നിന്റെ ദ കേരള സ്‌റ്റോറി
സുദീപ്ത് സെന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദ കേരള സ്‌റ്റോറി. ആദാ ശര്‍മയാണ് ചിത്രത്തിലെ നായിക. യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്നാനി, വിജയ് കൃഷ്ണ, പ്രണയ് പച്ചൗർ, പ്രണവ് മിശ്ര എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. അനന്ത് ബാലാനി, ഓസിൽ ദാൽ, വിരേഷ് ശ്രീവൽസ എന്നിവരുടെ വരികള്‍ക്ക് വിരേഷ് ശ്രീവൽസ, ബിശാഖ്ജ്യോതി എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്.
കഥാപശ്ചാത്തലം
ഒരു കോളേജിലെ മൂന്ന് പെണ്‍കുട്ടികളെ സുഹൃത്ത് മതം മാറാന്‍ പ്രേരിപ്പിക്കുന്നതും പിന്നീട് മൂവരും തീവ്രവാദ സംഘടനയായ ഐസിസില്‍ ചേരുന്നതുമാണ് ചിത്രം അവതരിപ്പിക്കുന്നത്. കേരളത്തില്‍ നിന്നും കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി അവരെ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നാണ് ചിത്രം പറയുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ കാണാതായി എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
32,000 പെണ്‍കുട്ടികള്‍ മൂന്നായി
ചിത്രത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് വിവാദങ്ങളുയര്‍ന്നപ്പോള്‍ ട്രെയിലറിന് നല്‍കിയ ഡിസ്‌ക്രിപ്ഷനില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മാറ്റം വരുത്തിയിരുന്നു. കേരളത്തിലെ 32,000 പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ക്കുന്ന കഥ എന്നതിന് പകരം കേരളത്തിന്റെ വിവിധ ഭാഗത്തുള്ള മൂന്ന് പെണ്‍കുട്ടികളുടെ കഥ എന്നാണ് മാറ്റി നല്‍കിയത്.
ഇതിനിടയില്‍ വിവാദങ്ങള്‍ക്കുള്ള മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ രംഗത്ത് വന്നിരുന്നു. മതപരിവര്‍ത്തനത്തിലൂടെ രാജ്യം വിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും, 32,000 പേരെക്കുറിച്ചുള്ള വിവാദം സിനിമ കണ്ടാല്‍ ബോധ്യപ്പെടുമെന്നും, 7 വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് ചിത്രം ഒരുക്കിയതെന്നുമായിരുന്നു സംവിധായകന്‍ മറുപടി പറഞ്ഞത്. 2023 മെയ് 5നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
വിവാദങ്ങള്‍
വിദ്വേഷം പ്രചരിപ്പിച്ച് കേരള സമൂഹത്തില്‍ ഭിന്നിപ്പിക്കുണ്ടാക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്ന് ആരോപിച്ച് ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേരളത്തിലെ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടയണമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് ചിത്രത്തിന് പത്ത് മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.
തുടര്‍ന്ന് ചിത്രത്തിന്റെ അവസാനമുള്ള മുന്‍ കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ അഭിമുഖമടക്കമുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നു. കൂടാതെ ഏറ്റവും വലിയ കാപട്യക്കാരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ എന്ന സംഭാഷണത്തില്‍ നിന്നും ഇന്ത്യന്‍ എന്ന വാക്കും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പൂജ ചടങ്ങുകളില്‍ ഭാഗമാകില്ലെന്ന ഡയലോഗും ചിത്രത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എ സര്‍ട്ടിഫിക്കറ്റോടെയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.