പൃഥ്വിരാജ് നായകനായി 2011 മാർച്ച് 11-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഉറുമി. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് ശിവൻ ആണ്. സന്തോഷ് ശിവന്റെ രണ്ടാമത് മലയാള സംവിധാന സംരംഭവുമാണിത്. കൂടാതെ ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് ശിവൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമാനിർമ്മാണ കമ്പനിയായ ആഗസ്റ്റ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് ശിവനും, ഷാജി നടേശനും നിർമ്മാണ പങ്കാളികളാണ്. ശബ്ദലേഖനം നിർവഹിച്ചിരിക്കുന്നത് എം ആർ രാജകൃഷ്ണൻ ആണ്. 2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച വാസ്കോ ഡ ഗാമയോട് (റോബിൻ പ്രാറ്റ് ) പ്രതികാരം ചെയ്യാൻ പൊന്നുറുമിയുമായി കാത്തിരിക്കുന്ന ചിറക്കൽ കേളു നായരുടെയും (പൃഥ്വിരാജ്) ചങ്ങാതി വവ്വാലിയുടെയും (പ്രഭുദേവ) കഥയാണ് ഉറുമി പറയുന്നത്. വാസ്കോഡ ഗാമയുടെ കേരളയാത്രയുടെ അറിയപ്പെടാത്ത വസ്തുതകളാണ് ചിത്രത്തിന്റെ കഥാതന്തു. വാസ്കോഡ ഗാമയുടെ സേന മലബാറിൽ കൂട്ടക്കൊല ചെയ്തവരുടെ പിൻമുറക്കാരനാണ് നായകൻ കേളു നായനാർ (പൃഥ്വിരാജ്). കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ നിന്നും ലഭിച്ച ആഭരണങ്ങൾ ചേർത്തുണ്ടാക്കിയ ഉറുമിയുമായി നായകൻ ഗാമയുടെ അടുത്ത വരവിനായി കാത്തിരിക്കുന്നതാണ് കഥാസന്ദർഭം. കച്ചവടത്തിനായി വന്നവർക്ക് അടിപ്പെട്ട് ജീവിക്കേണ്ടി വന്ന കേരളീയരെ സന്തോഷ് ശിവൻ ഇതിൽ വരച്ചു കാട്ടുന്നു.
** Note :
കുറിപ്പ്: ഉറുമി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.