വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് ബാബു ആന്റണി.നായകനും പ്രതിനായകനുമായി ഏകദേശം നൂറ്റിഅറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മലയാളത്തില്‍ അന്നുവരെയുണ്ടായിരുന്ന വില്ലന്‍ സങ്കല്‍പങ്ങളെ പൊളിച്ചെഴുതുന്ന തരത്തിലായിരുന്നു ബാബു ആന്റണിയുടെ ഓരോ കഥാപാത്രങ്ങളും. താടിയും, നീണ്ട മുടിയും അതിനൊത്ത ശരീരവുമുള്ള ബാബു ആന്റണിയുടെ വില്ലന്‍ കഥാപാത്രങ്ങളെ കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ ഇഷ്ടപെട്ടിരുന്നു.ഒരുകാലത്ത് ചെറുപ്പക്കാരുടെ ഹീറോ ആയിരുന്നു താരം.1986മുതല്‍ ചലച്ചിത്രരംഗത്ത് സജീവം.ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളില്‍ നായകനായും പ്രതിനായകനായും തിളങ്ങി.
വൈശാലി, സായാഹ്നം, അപരാഹ്നം, കോട്ടയം കുഞ്ഞച്ചന്‍, കാസര്‍കോഡ് കാദര്‍ഭായ്, പൂവിനു പുതിയ പൂന്തെന്നല്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടതാണ്.ഷോട്ടോക്കാന്‍ കരാട്ടെയില്‍ 5വേ ഡാന്‍ ബ്ലാക് ബെല്‍റ്റ് ആണ്.സാധാരണ വില്ലന്മാരില്‍ നിന്നും ബാബു ആന്റണിയെ മാറ്റിനിര്‍ത്തുന്നതും ഈ ബ്ലാക്ക് ബെല്‍റ്റാണ്. നിരവധി വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയില്‍ ചുവടുറപ്പിച്ച താരത്തിന്റെ മറ്റൊരു മികച്ച കഥാപാത്രമായിരുന്നു വൈശാലി എന്ന ചിത്രത്തിലെ രാജാവ്.തനിക്ക് വില്ലന്‍ കഥാപാത്രങ്ങള്‍ മാത്രമല്ല, നായകറോളുകളും ചെയ്യാന്‍ കഴിയും എന്ന് ആ ഒരൊറ്റ കഥാപാത്രത്തിലൂടെ ബാബു ആന്റണി തെളിയിച്ചു.
ചലച്ചിത്രനടി ചാര്‍മിളയുമായുള്ള ബന്ധം ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.ഒരു കാലത്ത് മലയാളം സിനിമാ ഇന്‍ഡസ്ട്രി ഏറ്റവും കൂടുതല്‍ സെലിബ്രേറ്റ് ചെയ്ത ബന്ധമായിരുന്നു ബാബു ആന്റണിയുടെയും ചാര്‍മിളയുടെയും.കടല്‍, അറേബ്യ തുടങ്ങി ഒരുപാട് സിനിമകളില്‍ ബാബു ആന്റണിയും ചാര്‍മിളയും ഒന്നിച്ചു.ഏകദേശം നാല് വര്‍ഷത്തോളം നീണ്ട ആ ബന്ധം പക്ഷേ അവിചാരിതമായി പിരിഞ്ഞു.ബാബു ആന്റണിയായിരുന്നു തന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയമെന്നും.നാല് വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞിരുന്നു എന്നും ചാര്‍മിള ഒരിക്കല്‍ വെളിപെടുത്തിയിരുന്നു. ഇപ്പോള്‍ അമേരിക്കയില്‍ കുടംബസമേതം കഴിയുകയാണ് ബാബു ആന്റണി.