പ്രശസ്ത കഥകളിനടനാണ് കലാമണ്ഡലം ഗോപി. 1937 മെയ് 21ന് പെരിങ്ങോട് ചാലിശ്ശേരിയ്ക്കടുത്ത് കോതച്ചിറയില്‍ ജനനം. വടക്കെ മനാലത്ത് ഗോവിന്ദന്‍ എന്നാണ്
യഥാര്‍ത്ഥ പേര്.ഒമ്പത് വയസുള്ളപ്പോള്‍ കെ പി പരമേശ്വരന്‍ നമ്പീശന്റെ കീഴില്‍ ഓട്ടന്‍തുള്ളല്‍ അഭ്യസിക്കാന്‍ ആരംഭിച്ചു. പ്രമുഖ കഥകളി കലാകാരനായ തെക്കിന്‍കാട്ടില്‍ രാവുണ്ണി നായരുടെ നിര്‍ദ്ദേശപ്രകാരമാണ് കഥകളിയിലേക്ക് ശ്രദ്ധ തിരിക്കുന്നത്.
പിന്നീട് കലാമണ്ഡലം രാമന്‍കുട്ടി നായര്‍, പത്മനാഭന്‍ നായര്‍, വാഴേങ്കട കുഞ്ചുനായര്‍ തുടങ്ങിയ പ്രഗല്ഭരായ ഗുരുക്കന്‍മാരുടെ കീഴില്‍ ഏഴുവര്‍ഷം കലാമണ്ഡലത്തില്‍ പഠിച്ചു.പഠനശേഷം 1957ല്‍ കലാമണ്ഡലത്തില്‍ അദ്ധ്യാപകനായി.പിന്നീട് പ്രധാന അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു.1992ല്‍ കലാമണ്ഡലത്തില്‍ നിന്ന് വിരമിച്ചു.കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഗോപി കഥകളി അവതരിപ്പിച്ചിട്ടുണ്ട്. കലാമണ്ഡലം കൃഷ്ണന്‍നായര്‍ക്കും കലാമണ്ഡലം രാമന്‍കുട്ടി നായര്‍ക്കും ശേഷം കേരളം കണ്ട ഏറ്റവും മികച്ച അഭിനയ കഥകളിനടനാണ് കലാമണ്ഡലം ഗോപി.
കഥളിയില്‍ ചെയ്ത എല്ലാ വേഷങ്ങളും മികച്ചതാണെങ്കിലും അദ്ദേഹത്തിന്റെ പച്ച വേഷങ്ങളാണ് കൂടുതല്‍ മികച്ചത്.കലാമണ്ഡലം ഗോപിയുടെ നളനും കോട്ടയ്ക്കല്‍ ശിവരാമന്റെ ദമയന്തിയും ഏറെ പ്രസിദ്ധമാണ്.കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതില്‍ അദ്ധേഹത്തിന്റെ പങ്ക് വളരെ വലുതാണ്.' കലാമണ്ഡലം ഗോപി' എന്ന പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഇദ്ദേഹത്തെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യ്തിട്ടുണ്ട്. ചില സിനിമകളിലും കലാമണ്ഡലം ഗോപി വേഷമിട്ടിട്ടുണ്ട്.
ഷാജി എന്‍ കരുണിന്റെ വാനപ്രസ്ഥം, ജയരാജിന്റെ ശാന്തം, ലൗഡ്‌സ്പീക്കര്‍ എന്നിവയില്‍ ശ്രദ്ധേയമായ വേഷമായിരുന്നു ഇദ്ദേഹം കൈകാര്യം ചെയ്തത്.കഥകളി ലോകത്തിന് നല്‍കിയ സംഭാവനകള്‍ക്ക് നിരവധി അവാര്‍ഡുകളും അദ്ദേഹത്തിനു ലഭിച്ചു.ഭാരതസര്‍ക്കാര്‍ അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സംഗീത അക്കാദമി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ചന്ദ്രികയാണ് പത്‌നി. ജയരാജ്,രഘുരാജ് എന്നിവര്‍ മക്കള്‍.