മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനാണ് കെ രാമചന്ദ്ര ബാബു.1966-ൽ മദ്രാസ് ലൊയോള കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഛായാഗ്രഹണം പഠിക്കുന്നതിനായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പോയി.അവിടെവച്ച് പിൽക്കാലത്ത് സംവിധായകരായി മാറിയ ബാലു മഹേന്ദ്ര, ജോൺ എബ്രഹാം, കെ.ജി. ജോർജ്ജ് എന്നിവരുമായി അദ്ദേഹം സൗഹൃദത്തിലായി.1971-ൽ ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി.
കോഴ്സ് പൂർത്തിയാക്കുന്നതിനു മുൻപു തന്നെ 1972-ൽ പുറത്തിറങ്ങിയ വിദ്യാർത്ഥികളേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു.ജോൺ എബ്രഹാമിന്റെയും തിരക്കഥാകൃത്തായ എം.ആസാദിന്റെയും ആദ്യചിത്രം കൂടിയായിരുന്നു അത്.നിർമ്മാല്യം (1973), സ്വപ്നാടനം (1976) എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചതോടെ അദ്ദേഹം ചലച്ചിത്രരംഗത്ത് ഛായാഗ്രാഹകനായി ശ്രദ്ധിക്കപ്പെട്ടു.യഥാക്രമം എം.ടി. വാസുദേവൻ നായർ, കെ.ജി. ജോർജ്ജ് എന്നിവരുടെ ആദ്യ സംവിധാനസംരംഭങ്ങളായിരുന്നു ഇവ.
രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ ദ്വീപ് ആണ് രാമചന്ദ്രബാബുവിന്റെ ആദ്യ ബഹുവർണ്ണചിത്രം (ഈസ്റ്റ്മാൻ കളർ). ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹനകനുള്ള ആദ്യ സംസ്ഥാന ചലച്ചിത്രപുരസ്കാരം അദ്ദേഹം നേടി. ഭരതൻ സംവിധാനം ചെയ്ത രതിനിർവേദം (1978), ചാമരം (1980), ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെ മൂന്നു തവണ കൂടി സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
ഛായാഗ്രഹണത്തിലെ സാങ്കേതിക പുരോഗതികൾ മലയാളസിനിമയിലേക്കു കൊണ്ടുവരുന്നതിൽ രാമചന്ദ്രബാബു ഒരു മുഖ്യപങ്കു വഹിച്ചു.ദക്ഷിണേന്ത്യയിൽ ചിത്രീകരിച്ച ആദ്യ സിനിമാസ്കോപ് ചലച്ചിത്രമായ അലാവുദീനും അത്ഭുതവിളക്കും (1979) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് രാമചന്ദ്രബാബുവാണ്.ഐ.വി. ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കമലഹാസൻ, രജനികാന്ത്, ജയഭാരതി തുടങ്ങിയ പ്രമുഖതാരങ്ങൾ അഭിനയിച്ചുവെങ്കിലും ചിത്രത്തിന്റെ റിലീസ് വൈകി. മറ്റൊരു സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു (1978) അതിനേക്കാൾ മുൻപ് പുറത്തിറങ്ങുകയും ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്കോപ് ചിത്രമെന്ന ഖ്യാതി പ്രസ്തുത ചിത്രം സ്വന്തമാക്കുകയും ചെയ്തു.
മലയാളത്തിലെ ആദ്യ 70mm ചലച്ചിത്രമായ പടയോട്ടത്തിന്റെ (1982) ഛായാഗ്രാഹകനും രാമചന്ദ്രബാബുവാണ്. തച്ചോളി അമ്പുവിന്റെ നിർമ്മാതാക്കളായ നവോദയ നിർമ്മിച്ച് ജിജോ പുന്നൂസ് സംവിധാനം ചെയ്ത ഈ ചിത്രം സിനിമാസ്കോപ്പിൽ ചിത്രീകരിച്ച ശേഷം സാങ്കേതികവിദ്യയുടെ സഹായത്താൽ 70mm-ലേക്ക് മാറ്റുകയായിരുന്നു.2019ല്‍ പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേക്ക് കടന്നുവന്നു.
മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം
1976 – ദ്വീപ്
1978 – രതിനിർവേദം
1980 – ചാമരം
1989 – ഒരു വടക്കൻ വീരഗാഥ
കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം
1981 – നിദ്ര
2009 – കടാക്ഷം
സിനിമാ മാസിക പുരസ്കാരം (1973) – നിർമ്മാല്യം
രംഗം മാസിക പുരസ്കാരം (1977) – ഇതാ ഇവിടെ വരെ
ഫിലിം ഫാൻസ് അസോസിയേഷൻ പുരസ്കാരം (1981) – യവനിക
നാന സിനിമാ വാരിക പുരസ്കാരം (1982) – യവനിക
ഫിലിം ആർട്ട്സ് ക്ലബ് കൊച്ചിൻ പുരസ്കാരം
1989 – ഒരു വടക്കൻ വീരഗാഥ
1993 – ഗസൽ
ജോൺസൺസ് ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം (1998) – കന്മദം
എസ്.ഐ.സി.എ. ആജീവനാന്ത പുരസ്കാരം (2008)
കലാകേരളം പുരസ്കാരം (2008)
വയലാർ സാംസ്കാരിക വേദി പുരസ്കാരം (2010) – യുഗപുരുഷൻ