ചലച്ചിത്ര സംവിധായകന്‍,അഭിനേതാവ്, മാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ശശികുമാര്‍. 1952 ഫെബ്രുവരി 23ന് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് കരൂപടന്നയില്‍ ജനനം. ബോംബെ, കല്‍കട്ട, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു കുട്ടിക്കാലം. ചെന്നൈയിലെ ലയോള കോളേജില്‍നിന്ന് ബിരുദവും മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
വെങ്കട്ടരാമഭാഗവതരുടെ കീഴില്‍ പത്തുവര്‍ഷം വര്‍ഷം സംഗീതം പഠിച്ചിട്ടുണ്ട്. ഐ.എ.എസിനു സെലക്ഷന്‍ ലഭിച്ചെങ്കിലും ചലച്ചിത്രത്തോടുള്ള ആഗ്രഹം കാരണം ഐ.എ.എസ് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ചെന്നൈയിലും ഡല്‍ഹിയിലും ദൂരദര്‍ശന്റെ വാര്‍ത്താവതാരകനും നിര്‍മ്മാതാവുമായാണ് ടി വി രംഗത്തേക്കുള്ള പ്രവേശനം.
പിന്നീട് പി ടി ഐയുടെ ചീഫ് പ്രൊഡ്യൂസറും ജനറല്‍ മാനേജറുമായി. ദൂരദര്‍ശന്റെ ജന്മഞ്ച്, താനാബാന, മണിമാറ്റേഴ്‌സ് എന്നീ പരിപാടികള്‍ നിര്‍മ്മിച്ചതും ശശികുമാര്‍ ആയിരുന്നു. ദൂരദര്‍ശനുവേണ്ടി നിരവധി ഡോക്യുമെന്ററികളും ഫീച്ചര്‍ ഫിലിമുകളും നിര്‍മ്മിച്ചിട്ടുണ്ട്. ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, ലൗഡ്‌സ്പീക്കര്‍, എന്നു നിന്റെ മൊയ്തീന്‍, എന്നീ മലയാളചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്‍ എസ് മാധവന്റെ വന്മരങ്ങള്‍ വീഴുമ്പോള്‍ എന്ന കഥയെ അടിസ്ഥാനപെടുത്തി ഹിന്ദിയില്‍ കായ തരണ്‍ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
പിടിഐക്ക് വേണ്ടി സ്വന്തമായ ഒരു സ്വകാര്യ ചാനല്‍ എന്തുകൊണ്ട് ആയിക്കൂടാ എന്ന ശശികുമാറിന്റെ ചിന്തയില്‍നിന്നാണ് ഏഷ്യാനെറ്റിന്റെ പിറവി. ചാനലിനുവേണ്ടിയുള്ള പ്രോപ്പോസല്‍ പിടിഐ അംഗീകരിക്കാതെ വന്നപ്പോഴാണ് ശശികുമാര്‍ തന്റെ അമ്മാവനായ ഡോ റജിമേനോനുമായി ചേര്‍ന്ന് ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ഇന്നത്തെ ഏഷ്യാനെറ്റിന്റെ ലോഗായും പേരും ശശികുമാര്‍ ഉണ്ടാക്കിയതാണ്. കവിയും ഗാനരചയിതാവും ചിത്രകാരനുമായ പി ഭാസ്‌കരന്റെ മകള്‍ രാധികയാണ് ശശികുമാറിന്റെ ഭാര്യ.