പ്രധാനമായും മലയാളം, തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചിരുന്ന ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയായിരുന്നു സുകുമാരി. ചലച്ചിത്രരംഗത്ത് 60 വർഷത്തിലേറെ അഭിനയിച്ച അപൂർവ്വം ചില അഭിനേത്രികളിൽ ഒരാളായിരുന്നു അവർ.
പത്താമത്തെ വയസ്സുമുതൽ സുകുമാരി സിനിമയിൽ അഭിനയിച്ചുതുടങ്ങി. തെന്നിന്ത്യൻ ഭാഷകളിൽ 2000-ത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലചിത്രങ്ങൾ കൂടാതെ നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്ന സുകുമാരിക്ക് രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരവും ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
2013 മാർച്ച് 26 ന്, ഹൃദയാഘാതത്തെ തുടർന്ന് എഴുപത്തി രണ്ടാമത്തെ വയസ്സിൽ ചെന്നൈയിലെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ചിത്രസംയോജകനും നിർമ്മാതാവുമായിരുന്ന ഭീംസിംഗ് ആയിരുന്നു സുകുമാരിയുടെ ഭർത്താവ്. 1978 ജനുവരി 16-നു അദ്ദേഹം മരണപ്പെട്ടു.നടനും ഡോക്ടറുമായ സുരേഷാണ് ഏക മകൻ.