ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ ചലച്ചിത്രാവിഷ്‌ക്കാരമായ വീണാവാദനം എന്ന മലയാളം ഡോക്യുമെന്ററിയുടെ സംവിധായകന്‍ സതീഷ് കളത്തില്‍ സംവിധാനം ചെയ്ത ചിത്രമാണ് ജലച്ചായം. ദി പീപ്പിള്‍സ് ഫിലിംസിന്റെ ബാനറില്‍ സതീഷ് കളത്തിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യത്തെ ഡിജിറ്റല്‍ ഫോര്‍മാറ്റിലുള്ള മുഴുനീള ചലച്ചിത്രമാണ് ജലച്ചായം. നോക്കിയ എന്‍ 95 ഫോണിലാണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമയുടെ ചിത്രീകരണം നടത്തിയത്. ബാബുരാജ് പുത്തൂര്‍, ഡോ. ബി ജയകൃഷ്ണന്‍,കൃപ, പ്രസന്ന ബാലന്‍, ബേബി ലക്ഷ്മി, ബേബി നിമിഷ , മാസ്റ്റര്‍ നവീന്‍കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
സദാനന്ദന്‍ എന്ന ഒരു ഗ്രാമീണ ചിത്രകാരനെ നഗരത്തിലെ മോഹന്‍ എന്ന ഒരു ചിത്രകലാ അദ്ധ്യാപകന്‍ ചിത്രകലയുടെ ആധുനിക സങ്കേതങ്ങള്‍ പഠിപ്പിക്കുകയും അയാളെ ഉപയോഗിച്ച് നല്ല ചിത്രങ്ങള്‍ വരപ്പിക്കുകയും ചെയ്യുന്നു. ആ സൃഷ്ടികളെ വില കൊടുത്ത് വാങ്ങുന്ന മോഹന്‍ പക്ഷെ, അവയെല്ലാം സ്വന്തം പേരിലാണ് പുറംലോകത്തെത്തിക്കുന്നത്.മോഹന്റെ ഈ ചതി സദാനന്ദന്‍ തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന സംഭവവികാസമാണ് ചിത്രം പറയുന്നത്.
മലയാളത്തിലെ പ്രമുഖ നടിയും നര്‍ത്തകിയുമായ കൃപ അതിഥി താരമായി എത്തിയ ചിത്രത്തില്‍ കവി മുല്ലനേഴി, നാടകകൃത്ത് രവി കേച്ചേരി, സിനിമസീരിയല്‍ നടി രമാദേവി, നാടക നടന്‍ ചിത്രമോഹന്‍, പ്രൊഫ കെ.ബി.ഉണ്ണിത്താന്‍, എന്‍.പി.കെ. കൃഷ്ണന്‍, ദാസ് അഞ്ചേരി, റുക്കിയ കേച്ചേരി തുടങ്ങിയവരും അഭിനയിക്കുന്നു. സുജിത് ആലുങ്കലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ഛായാഗ്രഹണം പ്രമോദ് വടകര. സിദ്ധാര്‍ത്ഥന്‍ പുറനാട്ടുകരയുടെ വരികള്‍ക്ക് ഉണ്ണികുമാര്‍ സംഗീതം പകരുന്നു. ബാബുരാജ് പുത്തൂര്‍ആണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: ജലച്ചായം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.