വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ 1989-ൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് മതിലുകൾ. മമ്മൂട്ടി, മുരളി, കെ പി എ സി ലളിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1990-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച് ശ്രദ്ധനേടിയ ചിത്രം മികച്ച അഭിനയം, സംവിധാനം എന്നിവക്ക് ഉൾപ്പെടെ ആ വർഷത്തെ നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹമായി.
രാഷ്ട്രീയതടവുകാരനായി ജയിലിലെത്തുന്ന ബഷീറാണു മതിലുകളിലെ മുഖ്യകഥാപാത്രം. മലയാളത്തിലെ മുൻനിര അഭിനേതാക്കളിലൊരാളായ മമ്മൂട്ടിയാണ് ബഷീറായി അഭിനയിക്കുന്നത്. ജയിലിനകത്തു് തോട്ടം നിർമ്മിക്കുകയും തന്റെ നിലയിൽ സന്തുഷ്ടനായി കഴിയുകയും ചെയ്യുന്ന ഇദ്ദേഹം ജയിൽ ജീവനക്കാരുമായും നല്ല ചങ്ങാത്തത്തിലാണ്. ഇതിനിടയിൽ, തികച്ചും അവിചാരിതമായി മതിലിനപ്പുറത്തെ പെൺജയിലിലെ തടവുകാരിയായ നാരായണിയുമായി ബഷീർ ചങ്ങാത്തത്തിലാവുന്നു. മതിലിനു് രണ്ടു് വശങ്ങളിൽ നിന്നുമായി ഹൃദ്യവും എന്നാൽ രസകരവുമായി നടത്തുന്ന വർത്തമാനങ്ങളിലൂടെ പരസ്പരം തമ്മിൽ കാണാതെ തന്നെ ആ കൂട്ടുകെട്ടു പ്രണയമായി പരിണമിക്കുന്നു. ഒടുവിൽ പരസ്പരം കണ്ടുമുട്ടുന്നതിന് തൊട്ടുമുന്നേ തികച്ചും അവിചാരിതമായി ബഷീർ ജയിൽവിമോചിതനാവുന്നു. താങ്കൾ സ്വതന്ത്രനാണു് എന്നു പറയുന്ന ജയിലറോടു് ഹൂ വാണ്ടസ് ഫ്രീഡം എന്നു് ചോദിക്കുന്നിടത്താണു് കഥ അവസാനിക്കുന്നതു്.
** Note :
കുറിപ്പ്: മതിലുകൾ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.